Site iconSite icon Janayugom Online

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 12 റണ്‍സിന്റെ വിജയം

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 12 റണ്‍സിന്റെ വിജയം. കരിയറില്‍ ആദ്യമായി ഇരട്ടസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 49.2 ഓവറില്‍ 337 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി 149 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 208 റൺസെടുത്താണ് പുറത്തായത്. 52 പന്തിൽ അമ്പതു കടന്ന ഗിൽ 35 പന്തിൽ സെഞ്ചുറി തൊട്ടു. 122 പന്തുകളി‍ൽനിന്ന് 150 റൺസിലേക്കെത്തിയ ഗില്ലിന് 200 തികയ്ക്കാൻ വേണ്ടിവന്നത് വെറും 23 പന്തുകൾ. വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിനായി സെഞ്ചുറിയുമായി മൈക്കല്‍ ബ്രേസ്‌വെല്‍ അവസാനം വരെ പൊരുതിയെങ്കിലും ഷാര്‍ദുല്‍ താക്കൂര്‍ എല്‍ബിഡബ്ലുവില്‍ കുരുക്കിയതോടെ ന്യൂസിലന്‍ഡ് കീഴടങ്ങുകയായിരുന്നു. 78 പന്തില്‍ നിന്നും 140 റണ്‍സാണ് താരം അടിച്ചെടുത്തത്. 40 റണ്‍സെടുത്ത ഫിന്‍ അലനാണ് മറ്റൊരു സ്കോറര്‍.

ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് ഹൈദരാബാദില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തു. 38 പന്തില്‍ 34 റണ്‍സെടുത്ത ഹിറ്റ്‌മാനെ ടിക്‌നെര്‍ മടക്കിയപ്പോള്‍ മൂന്നാമന്‍ കോലിക്ക് പിഴച്ചു. സ്വപ്ന ഫോമിലുള്ള കിങ്ങിനെ മിച്ചല്‍ സാന്റ്‌നര്‍ ബൗള്‍ഡാക്കി. 10 പന്തില്‍ എട്ട് റണ്‍സേ കോലിക്കുള്ളൂ. നാലാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ 14 പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് ലോക്കീ ഫെര്‍ഗ്യൂസന്റെ പന്തില്‍ എഡ്‌‌ജായി വിക്കറ്റിന് പിന്നില്‍ ടോം ലാഥമിന്റെ കൈകളിലെത്തി. അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ സൂര്യകുമാർ യാദവും ആക്രമണ ശൈലിയായിരുന്നു. ഇരുവരും തകർത്തടിച്ച് മുന്നോട്ടുപോകവെ സൂര്യ പുറത്തായി. താരത്തെ ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നറുടെ കൈകളിലെത്തിച്ചു. ഗില്ലുമായി 65 റൺസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷമാണ് താരം മടങ്ങിയത്.

തുടർന്ന് എത്തിയ ഹാർദിക് പാണ്ഡ്യയും ഗില്ലിന് ഉറച്ച പിന്തുണ നൽകി. സാവധാനം ഇന്നിങ്സ് ആരംഭിച്ച ഹാർദിക് സാവധാനം ട്രാക്കിലെത്തി. ഈ സമയത്ത് ഗിൽ അനായാസം മുന്നോട്ടുപോവുകയായിരുന്നു. 87 പന്തുകളിൽ ഗിൽ സെഞ്ചുറി തികച്ചു. താരത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്. 74 റൺസ് നീണ്ട അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവിൽ ഹാർദിക് പുറത്തായി. തേർഡ് അമ്പയറുടെ പിഴവാണ് ഹാർദികിനു തിരിച്ചടിയായത്. വിക്കറ്റ് കീപ്പർ ടോം ലാഥമിന്റെ ഗ്ലൗസ് കൊണ്ട് ഇളകിയ ബെയിൽസ് പന്തുകൊണ്ട് ഇളകിയതാണെന്ന് തേർഡ് അമ്പയർ വിധിക്കുകയായിരുന്നു. ഡാരിൽ മിച്ചലിനായിരുന്നു വിക്കറ്റ്. അടി തുടര്‍ന്ന ഗില്‍ 43-ാം ഓവറില്‍ 122 ബോളില്‍ സിക്സോടെ 150 തികച്ചു. പിന്നാലെ വാഷിങ്‌ടണ്‍ സുന്ദര്‍ പുറത്തായെങ്കിലും ഇന്ത്യ 46-ാം ഓവറില്‍ 300 കടന്നു. വാഷിങ്ടണ്‍ സുന്ദറും(14 പന്തില്‍ 12) ഷാര്‍ദ്ദുല്‍ താക്കൂറും(4 പന്തില്‍ 3) പുറത്തായെങ്കിലും 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും സിക്‌സുകളുമായി ഗില്‍ തന്റെ കന്നി ഇരട്ട സെഞ്ചുറി തികച്ചു. ഇന്നിങ്സിലെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ പറക്കും ക്യാച്ചില്‍ മടങ്ങും വരെ ഗില്ലിന്റെ ഐതിഹാസിക ഇന്നിങ്‌സ് നീണ്ടു. ന്യൂസിലന്‍ഡിനായി ഷിപ്ലിയും ഡാരില്‍ മിച്ചലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version