Site icon Janayugom Online

ഇന്ത്യന്‍ വികസനം സാധ്യതകളും വെല്ലുവിളികളും

മീപകാലത്ത് തുടർച്ചയായി കേട്ടുവരുന്നൊരു പല്ലവിയാണ് 2047 ആകുന്നതോടെ ഭാരതം ഒരു വികസിത രാജ്യമായി രൂപാന്തരപ്പെടുമെന്നത്. സാമ്പത്തിക വളര്‍ച്ചയും വികസനവും മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മാനങ്ങളോടുകൂടിയുള്ള സാമൂഹ്യ വികസനം കൂടിച്ചേര്‍ന്നതാണ് വികസിതരാജ്യം. ഉയര്‍ന്ന ദേശീയ വരുമാനമുള്ള രാജ്യങ്ങളെല്ലാം വികസിത രാജ്യസമ്പദ്‌വ്യവസ്ഥകളാണ്. ലോക ബാങ്ക് വിദഗ്ധരും വക്താക്കളും ആളോഹരി വരുമാനമാണ് വികസനത്തിന്റെ അളവുകോലായി സൂചിപ്പിക്കുന്നത്. ഈ മാനദണ്ഡമാണ് സ്വീകരിക്കപ്പെടുന്നതെങ്കില്‍ വികസിത രാജ്യമെന്ന പദവിയില്‍ എത്തണമെങ്കില്‍ ആളോഹരി വരുമാനം ചുരുങ്ങിയത് 14,000 യുഎസ് ഡോളര്‍ ആയിരിക്കണം.
ആധുനിക കാലഘട്ടത്തില്‍ വികസ്വര രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം പേര്‍ക്കും തങ്ങളുടെ സാമ്പത്തിക, സാമൂഹ്യ സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വികസിതരാജ്യ പദവിയിലെത്തുക ശ്രമകരമായൊരു അഭ്യാസമായിരിക്കും. എന്നാല്‍ എണ്ണയുടെയും മറ്റ് ഖനിജ വിഭവങ്ങളുടെയും സുലഭ്യതയും കാലാവസ്ഥയുടെ അനുഗ്രഹവുമുണ്ടെങ്കില്‍ ഈ അഭ്യാസം വൃഥാവിലായേക്കില്ല. 1950 മുതല്‍ 2024 വരെയുള്ള ഏഴര പതിറ്റാണ്ടുകള്‍ക്കിടയില്‍ പശ്ചിമേഷ്യയിലെ എണ്ണ വിഭവങ്ങളാല്‍ അനുഗ്രഹീതമായ രാജ്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ചുരുക്കം ചില ചെറിയ രാജ്യങ്ങള്‍ മാത്രമേ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടുള്ളൂ.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ചിലിയും അര്‍ജന്റീനയും ദക്ഷിണ യൂറോപ്പിലെ ഗ്രീസും പോര്‍ച്ചുഗലും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളോട് കിടപിടിക്കുന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പൂര്‍വേഷ്യന്‍ മേഖലയിലെ ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്‌വാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു പുറമെ, മലേഷ്യയും ചൈനയും കൂടിയുണ്ട്. ഇതില്‍ അവസാനത്തെ രാജ്യങ്ങള്‍ മാത്രമേ പിന്നിട്ട രണ്ടോ, മൂന്നോ ദശകത്തിനിടയില്‍ സ്ഥായിയായ നിലവാരത്തില്‍ അതിവേഗ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിയതായി കാണാന്‍ കഴിയൂ.


ഇതുകൂടി വായിക്കൂ: കേരളത്തിന് വേണം മെച്ചപ്പെട്ട മാധ്യമ സംസ്കാരം


സ്വാഭാവികമായും ഈ മേഖലകളിലെ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങള്‍ക്കും സമാനമായ വികസന സാധ്യതകളുള്ളതിനാല്‍ അതിനുള്ള പരിശ്രമം നടത്തിനോക്കാന്‍ കഴിയും. അതേസമയം ഈ ലക്ഷ്യം കൈവരിക്കുക അത്ര ലളിതമായ ഏര്‍പ്പാടായിരിക്കില്ല.
ഇന്ത്യന്‍ സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവും മുന്‍ ലോക ബാങ്ക് പ്രൊഫഷണല്‍ ധനശാസ്ത്രജ്ഞനുമായിരുന്ന പ്രൊഫ. ശങ്കര്‍ ആചാര്യ തന്റെ യൂഗോസ്ലാവ്യന്‍ പഠനാനുഭവങ്ങള്‍ വിവരിക്കുന്നത് ശ്രദ്ധേയമാണ്. 1970കളുടെ അവസാന ഘട്ടം വരെ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ, യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ അതിവേഗ വളര്‍ച്ച നേടിക്കൊണ്ടിരുന്ന രാജ്യമായിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് പരിവര്‍ത്തനം കൈവരിച്ച രാജ്യമായിരുന്നു അത്. ദേശീയ ഹീറോ ആയിരുന്ന മാര്‍ഷല്‍ ടിറ്റൊയുടെ നേതൃത്വത്തിന്റെ പേരിലും നിഴലിലുമാണ് രാജ്യം നിലനിന്നിരുന്നത്. എന്നാല്‍, 1980ല്‍ ടിറ്റൊയുടെ ദേഹവിയോഗത്തിനുശേഷം യൂഗോസ്ലാവ്യ നിരവധി റിപ്പബ്ലിക്കുകളായി വിഭജിക്കപ്പെടുകയാണുണ്ടായത്. വംശീയ കലാപങ്ങളുടെ ഒരു പരമ്പരതന്നെയാണ് അവിടെ കാണാതായത്. 1990കളില്‍ നടന്ന രക്തരൂഷിതമായ ഏറ്റുമുട്ടലുകളുടെ ഫലമായി നിരവധി വേറിട്ട രാഷ്ട്രങ്ങളായി. ഇക്കൂട്ടത്തിലുള്ള സ്വതന്ത്ര രാഷ്ട്രങ്ങളാണ് സെര്‍ബിയ, ക്രൊയേഷ്യ, സ്ലോവേനിയ മോണ്‍ക്രിനീഗ്രോ, ബോസ്‌നിയ, മസിഡോണിയ, കൊസോവൊ എന്നിവ.

ഇന്ന് യൂഗോസ്ലാവ്യ അപ്രത്യക്ഷമായെങ്കിലും പുതിയ റിപ്പബ്ലിക്കുകളെല്ലാം ഉയര്‍ന്ന വരുമാന വിഭാഗത്തില്‍പ്പെടുന്നവയായി മാറിയിരിക്കുകയാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കന്‍ മേഖലയിലെ ഒരു ദരിദ്ര രാജ്യമായിരുന്ന ടാന്‍സാനിയയുടെ മാറ്റവും ഏറെക്കുറെ സമാനമായ നിലയിലാണ്. ടാന്‍സാനിയയുടേത് സോഷ്യലിസ്റ്റ് വികസന പാതയുടെ ഒരു പ്രത്യേക രൂപത്തിലുള്ള ഗ്രാമീണ – അര്‍ധ കളക്ടീവ് പാതയായിരുന്നു എന്നാണ് വികസന വിദഗ്ധര്‍ അവകാശപ്പെടുന്നത്. ഏതായാലും 1970കളിലെ ദരിദ്രരാജ്യം ഇപ്പോള്‍ 1,300 ഡോളര്‍ ആളോഹരി വരുമാനത്തോടെ താണ, ഇടത്തരം വരുമാന വിഭാഗത്തില്‍പ്പെടുന്ന രാജ്യമായി രൂപാന്തരപ്പെട്ടിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: കോപ്പ് 27ഉം കാലാവസ്ഥാദുരന്ത സഹായവും


1950കള്‍ക്കുശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക വികസനം അത്രയേറെ അഭിമാനകരമാണെന്ന് അവകാശപ്പെടാന്‍ സാധ്യമല്ലെങ്കിലും തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തിയിട്ടുണ്ട്. രണ്ട് നൂറ്റാണ്ടിലേറെക്കാലം ബ്രിട്ടീഷ് സാമ്രാജ്യത്വ ചൂഷണത്തിനിരയായിരുന്ന സമ്പദ്‌വ്യവസ്ഥ, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ സ്റ്റേറ്റ് ആഭിമുഖ്യത്തിലുള്ള വികസന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചതിനെത്തുടര്‍ന്ന് വികസനത്തില്‍ ഒരു കുതിപ്പ് അനുഭവപ്പെട്ടിരുന്നതാണ്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് മാതൃകയില്‍ സമൂഹ നിര്‍മ്മിതി ലക്ഷ്യമായി പ്രഖ്യാപിക്കുകയും, സോവിയറ്റ് യൂണിയന്റെ സഹായത്തോടെ സാമ്പത്തികാസൂത്രണത്തിലൂടെയുള്ള വികസന പാത കരുപ്പിടിപ്പിക്കുകയും ചെയ്തതിന്റെ ഫലമായുണ്ടായ അനുകൂല മാറ്റമായിരുന്നു ഇത്. തുടര്‍ന്ന് ശരാശരി നാല് ശതമാനം നിരക്കിലാണെങ്കിലും അക്കാലത്ത് വളര്‍ച്ചാനിരക്ക് കൈവരിക്കുകയുണ്ടായി. ഈ നിരക്ക് ക്രമേണ ഉയര്‍ന്നുവെങ്കിലും 1964ല്‍ രാജ്യം മൂന്ന് പഞ്ചവത്സര പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന ഘട്ടത്തോടടുക്കുമ്പോള്‍, നെഹ്രുവിന്റെ ദേഹവിയോഗം ഉണ്ടാവുകയും രാജ്യത്തിന്റെ വികസന യാത്രയില്‍ മെല്ലെപ്പോക്ക് ആരംഭിക്കുകയുമായിരുന്നു.

ഇതിനിടെ ഭരണത്തിലെത്തിയ ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, ഗുല്‍സാരിലാല്‍ നന്ദ, രാജീവ് ഗാന്ധി എന്നിവരുടെ ഭരണത്തിനുകീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക വികസനം പ്രതീക്ഷിച്ച നേട്ടം കൈവരിച്ചില്ല. രാജീവ് ഗാന്ധിയുടെ ഭരണത്തില്‍ ശാസ്ത്ര–സാങ്കേതിക–ബഹിരാകാശ മേഖലകളില്‍ ഗണ്യമായ പുരോഗതി ഉണ്ടായ കാര്യം വിസ്മരിക്കപ്പെടാനും പാടില്ല. 1990കളുടെ ആരംഭത്തോടെ സമഗ്രമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, വിധേയമാക്കപ്പെട്ടതോടെ ‘സ്റ്റേറ്റ് ആസൂത്രണ’ത്തിന് ഏറെക്കുറെ വിരാമമാവുകയും മിശ്ര സമ്പദ്‌വ്യവസ്ഥയുടെ സ്ഥാനത്ത് വിപണി സമ്പദ്‌വ്യവസ്ഥ നിലവില്‍ വരികയും ചെയ്തു. പിന്നീടുള്ള മൂന്നു ദശകക്കാലത്തിനിടയില്‍ ജിഡിപി വളര്‍ച്ചാനിരക്ക് ശരാശരി ആറ് ശതമാനം വരെ എത്തുകയുമുണ്ടായി. ഈ നിലയിലേക്കുള്ള മാറ്റത്തിന് കളമൊരുക്കിയത് നെഹ്രുവിന്റെ ആദ്യകാല വികസന യത്നങ്ങളായിരുന്നു എന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചിട്ട് കാര്യമില്ല. പരിഷ്കരണ വാദികള്‍ക്ക് ഉത്തേജനം ലഭ്യമാകുന്ന വിധത്തില്‍ വികസന നിരക്ക് 2003-11 കാലയളവില്‍ ശരാശരി എട്ട് ശതമാനം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ നിരക്ക് നിലനിര്‍ത്തുന്നതില്‍ നാം വിജയിച്ചില്ലെന്ന് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് ഡോ. അനന്ത നാഗേശ്വരന്‍ ഈയിടെ ഏറ്റുപറഞ്ഞു. ഇത്തരമൊരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോഡി സര്‍ക്കാര്‍ 2047 ആകുന്നതോടെ ഇന്ത്യയെ ഒരു വികസിതരാജ്യമാക്കി മാറ്റുമെന്ന് വീമ്പിളക്കിയിട്ടുള്ളത്.


ഇതുകൂടി വായിക്കൂ: പണപ്പെരുപ്പത്തിനെതിരായ പോരാട്ടം


ആര്‍ബിഐയുടെ നിഗമനമനുസരിച്ച് 2022നും 47നും ഇടയ്ക്ക് ഇന്ത്യ ഉയര്‍ന്ന വരുമാന വിഭാഗ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടണമെന്നുണ്ടെങ്കില്‍ ഈ കാലയളവില്‍ തുടര്‍ച്ചയായി പ്രതിവര്‍ഷം എട്ട് ശതമാനം നിരക്കിലെങ്കിലും വളര്‍ച്ച കൈവരിക്കണം. ആളോഹരി വരുമാനം പ്രതിവര്‍ഷം 14,000 ഡോളറിലെത്താന്‍ വേറെ എളുപ്പവഴിയൊന്നുമില്ല. ഇത് വെറും ഗണിതശാസ്ത്ര അഭ്യാസം മാത്രമേ ആകുന്നുള്ളു. 2022 മുതല്‍ ഒരു ദശകക്കാലം തുര്‍ച്ചയായി എട്ടു ശതമാനമായാല്‍ ഇന്ത്യനേഷ്യയുടേതിനൊപ്പമാകും. വീണ്ടും ഒരു ദശകക്കാലം ഇതേനിരക്ക് ആവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ നമുക്ക് ബ്രസീലിനെ പിന്തള്ളാന്‍ കഴിഞ്ഞേക്കാം. ഇതെല്ലാം വെറും പ്രതീക്ഷകള്‍ മാത്രമാണ്. ഇന്ത്യ ഉദ്ദേശിച്ച വികസന ലക്ഷ്യം കൈവരിക്കണമെങ്കില്‍ മറ്റ് നിരവധി സാഹചര്യങ്ങള്‍കൂടി നിലവില്‍ വന്നേതീരൂ. ഒട്ടേറെ സാമ്പത്തിക, ഭൗമ സാമൂഹ്യ സാഹചര്യങ്ങള്‍ ഇതിന്റെ ഭാഗമാകേണ്ടിവരും. സാങ്കേതിക വിദ്യയുടെ പുരോഗതി, കാലാവസ്ഥാ വ്യതിയാന ഭീഷണികള്‍, ജലദൗര്‍ലഭ്യം, ഊര്‍ജക്ഷാമം, ഭക്ഷ്യ പ്രതിസന്ധി തുടങ്ങിയവ ഇതില്‍പ്പെടുന്നു.

ആഭ്യന്തര–രാഷ്ട്രീയ‑സാമൂഹ്യ‑സാമ്പത്തിക ശക്തികളുടെ സ്വാധീനവും അവയുടേതായ ആഘാതം ചെലുത്താതിരിക്കില്ല. രാഷ്ട്രീയതാല്പര്യ പ്രേരിതമായ സാമ്പത്തിക, സാമൂഹ്യ പരിസ്ഥിതി നയങ്ങളും മാനേജ്മെന്റ് വിജ്ഞാനത്തിന്റെ സ്വഭാവ നിര്‍ണയത്തില്‍ നിര്‍ണായക പങ്കുവഹിക്കും. ഇത്തരം ഘടകങ്ങളായിരിക്കും വിദേശവ്യാപാരം, വിദ്യാഭ്യാസ, ആരോഗ്യം, വ്യവസായം, കൃഷി, ആന്തരഘടനാ വികസനം, നഗരവല്‍ക്കരണം, തൊഴില്‍, നിയമനിര്‍മ്മാണം, ഭരണക്രമവും ഭരണ നിര്‍വഹണവും തുടങ്ങി വികസനത്തിന്റെ വിവിധ മാനങ്ങളെ സ്വാധീനിക്കുക. വികസ്വര രാജ്യങ്ങളുടെ വികസനത്തിന്റെ ചരിത്രം വെളിവാക്കുന്നത് ഇതെല്ലാമാണ്. ഇന്ത്യയുടേതും ഇതില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് കരുതേണ്ടതില്ല.

Exit mobile version