Site iconSite icon Janayugom Online

ആരോഗ്യം ക്ഷയിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ

കേന്ദ്ര സ്ഥിതിവിവരകണക്ക്, പദ്ധതി നടത്തിപ്പ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) ആണ് കാലാകാലങ്ങളില്‍ ജിഡിപി വളര്‍ച്ചാ നിരക്കുകള്‍ സംബന്ധമായ വിവരങ്ങളും കണക്കുകളും പ്രസിദ്ധീകരിക്കുന്നത്. 2022–23 ധനകാര്യ വര്‍ഷത്തിലെ ആദ്യപാദത്തിലേക്കുള്ള കണക്കുകളാണ് സെപ്റ്റംബര്‍ ഒന്നിന് പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് ജിഡിപി വളര്‍ച്ചാനിരക്ക് 13.5 ശതമാനത്തില്‍ പരിമിതപ്പെട്ടതായി കാണുന്നു. വിവിധ ദേശീയ, ആഗോള ഏജന്‍സികള്‍ പ്രതീക്ഷിച്ചിരുന്നത് 15–16 ശതമാനം വരെ നിരക്കുവര്‍ധനവാണ്. ഈ തകര്‍ച്ച ഒട്ടും പ്രതീക്ഷിച്ചതല്ല. കാരണം, 2020–21നെ അപേക്ഷിച്ച് കോവിഡിന്റെ കടന്നാക്രമണവും‍ ലോക്ഡൗണുകളും ഏറെക്കുറെ മറികടന്നിട്ടും ഈ അധോഗതി തുടര്‍ന്നു എന്നതുതന്നെ. കണക്കുകള്‍ തെറ്റോ, ശരിയോ എന്നതിലുമേറെ പ്രധാനം, ഇത്തരമൊരു സാഹചര്യം ഇന്ത്യന്‍ വിപണികളിലെ വികസനസാധ്യതകള്‍ സംബന്ധമായി വിദേശ നിക്ഷേപകര്‍ക്കുണ്ടാകുന്ന വിശ്വാസ്യതാ തകര്‍ച്ചയാണ്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പ നിരക്കും വിലക്കയറ്റവും തൊഴിലില്ലായ്മയും മറ്റും ഇന്ത്യന്‍ നിക്ഷേപ വിപണികളുടെ സമനില തന്നെ തീര്‍ത്തും നഷ്ടപ്പെടുത്തുകയാണുണ്ടായിരിക്കുന്നത്. ഇതോടൊപ്പം ആഗോള സമ്പദ്‌വ്യവസ്ഥയും പ്രതിസന്ധിയിലകപ്പെട്ടു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ സമ്പദ്‌വ്യവസ്ഥയിലെ ജിഡിപി വളര്‍ച്ചാനിരക്ക് 2022–23 ഒന്നാം പാദത്തില്‍ 16.2 ശതമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നതെന്നും ഓര്‍ക്കുക. ഈ നിരക്കാണ് 13.5 ശതമാനത്തില്‍ ‘ഉടക്കി‘ക്കിടന്നത്. വളര്‍ച്ചയുടെ ഗതിവേഗം എത്ര മോശമാണെന്നതിന് പാന്‍ഡെമിക്കിനു മുമ്പുള്ള യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാനിരക്കു മാത്രം പരിശോധിച്ചാല്‍ മതി. രണ്ട് പാന്‍ഡെമിക്ക് വര്‍ഷങ്ങളായ 2020ഉം 2021ഉം ഒഴിവാക്കിയാല്‍ പോലും 2019–20നെ അപേക്ഷിച്ച്, തുടര്‍ന്ന് 2022–23ല്‍ ഉണ്ടായ 3.8 ശതമാനം വളര്‍ച്ചാനിരക്കു വര്‍ധന തന്നെ ദൃഷ്ടാന്തമാണ്. ജിഡിപി നിരക്ക് ഉയരുന്നതിന് പാന്‍ഡെമിക്കിനെ പഴിപറയുന്നതില്‍ അര്‍ത്ഥമില്ലെന്നതാണ് വസ്തുത.


ഇതുകൂടി വായിക്കൂ: കറന്റ് അക്കൗണ്ട് കമ്മി പെരുകിവരുന്നു


ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് ആര്‍ബിഐയുടെ പ്രവചനമായ 7.2 ശതമാനത്തിനും ഐഎംഎഫിന്റെ പ്രവചനമായ 7.4 ശതമാനത്തിനും ഇടയിലെന്നാണ് ഒടുവിലെ വിവരം. വികസിത രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളുടെ പുറകോട്ടടിയും ആഗോള എണ്ണ‑ചരക്കു വിപണികളിലെ നേരിയ തോതിലുള്ളതാണെങ്കിലുമുള്ള വിലക്കുറവും ഇന്ത്യക്ക് ആശ്വാസകരമായേക്കാം. ആഭ്യന്തര വിപണിയിലെ വിലനിലവാരം മയപ്പെടുന്നതിന് ഇത്തരം സാഹചര്യങ്ങള്‍ വഴിയൊരുക്കാനിടയുണ്ടെന്നാണ്, മോഡി സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഡോ. അനന്ത നാഗേശ്വരന്‍ അഭിപ്രായപ്പെടുന്നത്. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ പുറത്തുവന്ന സാമ്പത്തിക കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ ഉപഭോക്തൃ വിശ്വാസത്തിലും സ്വകാര്യ നിക്ഷേപത്തിലും സേവനമേഖലകളിലും അനുകൂല ചലനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പറയുന്നു. ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ തുടരുന്ന അനിശ്ചിതത്വങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ, നമുക്ക് ആശ്വാസത്തിനു വകയുണ്ടെന്നാണ് ആഭ്യന്തര സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അനന്ത നാഗേശ്വരന്‍ പറയുന്നത്. എണ്ണവില ഒരു ഘട്ടത്തില്‍ ബാരലിന് 100 ഡോളറിലേറെ ആയിരുന്നെങ്കിലും ഇപ്പോള്‍ ഇത് 90 ഡോളറിലെത്തിയെന്നത് ആശ്വാസകരമാണ്. ഇന്ത്യയുടെ കാര്യത്തില്‍ വിദേശ എണ്ണക്കുമേല്‍ ഇറക്കുമതി ആശ്രിതത്വം മൊത്തം ആഭ്യന്തര ആവശ്യത്തിന്റെ 90 ശതമാനത്തോളമാണ്. ഇതു നിസാരമായൊരു കാര്യമല്ല. ഇതോടൊപ്പം, അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങള്‍ പണപ്പെരുപ്പ നിയന്ത്രണാര്‍ത്ഥം വായ്പാ പലിശനിരക്ക് ഉയര്‍ത്തിവരുന്ന സാഹചര്യവും ഇന്ത്യ കണക്കിലെടുക്കണം. ആഗോളതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങള്‍, ഇന്ത്യക്ക് അല്പമായെങ്കിലും ആശ്വാസം പകര്‍ന്നുനല്കുന്നുണ്ട്. അതേസമയം, നമുക്ക് അലംഭാവത്തിന് ഒട്ടുംതന്നെ ഇടമില്ലെന്നതും ഒരു വസ്തുതയാണ്. ആഗോളസാഹചര്യങ്ങളില്‍ ഉണ്ടാകുന്ന നേരിയചലനങ്ങള്‍ പോലും നാം അതീവ ശ്രദ്ധയോടെ വേണം നിരീക്ഷിക്കാന്‍. വിശിഷ്യാ, റഷ്യ‑ഉക്രെയ്ന്‍ ഏറ്റുമുട്ടല്‍ ഏതുസമയവും കൂടുതല്‍ ഗുരുതരമാകുമെന്ന് നാം കരുതേണ്ടതാണ്.
ഇതൊക്കെ കണക്കിലെടുക്കേണ്ടതാണെന്ന് ആവര്‍ത്തിക്കുന്ന ഡോ. അനന്ത നാഗേശ്വരന്‍, ആര്‍ബിഐയും നാണയനിധിയും പ്രവചിച്ചിരിക്കുന്ന ജിഡിപി നിരക്കുകളെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട നിരക്കുകള്‍ ഇന്ത്യ കെെവരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് എന്തടിസ്ഥാനത്തിലാണ് വ്യക്തമാക്കുന്നുമില്ല. മാത്രമല്ല, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആഗോള സമ്പദ്‌വ്യവസ്ഥയുമായി വിളക്കിച്ചേര്‍ത്തിരിക്കുന്ന സാഹചര്യം നിലവിലിരിക്കെ, ചെെനീസ് ഭരണകൂടം ഏഷ്യന്‍ മേഖലയില്‍ സാമ്പത്തിക ആധിപത്യത്തിനായി, തായ്‌വാനിലും ശ്രീലങ്കയിലും നടത്തിവരുന്ന പ്രത്യക്ഷമോ, പരോക്ഷമോ ആയ ഇടപെടലുകളും അവഗണിക്കുന്നതിന്റെ യുക്തിയും മനസിലാകാത്തതാണ്. വികസിത സമ്പദ്‌വ്യവസ്ഥകള്‍, ഉദാഹരണത്തിന് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സഹായത്തോടെ പണപ്പെരുപ്പം തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഉപഭോക്താക്കളുടെ ക്രയശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നത് ഒരു പ്രശ്നമായി കാണാതിരിക്കുന്നതും എന്തുകൊണ്ടാണെന്നും വ്യക്തമല്ല. അമേരിക്കന്‍ സമ്പ‌ദ്‌വ്യവസ്ഥയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, ക്രമേണ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഡിമാന്‍ഡിനെയും ക്രയശേഷിയെയും ബാധിക്കുമെന്നത് ഉറപ്പാണ്. ഈ സാധ്യത കണക്കിലെടുത്തുതന്നെയാണ് ആര്‍ബിഐയും വായ്പാ പലിശനിരക്ക് താഴ്ത്താതിരിക്കുന്നതും പണനയത്തോടൊപ്പം സാമ്പത്തിക സുസ്ഥിരതയ്ക്കായി ധനകാര്യനയങ്ങള്‍ കൂടി, പണനയത്തോടൊപ്പം നടപ്പാക്കണമെന്ന വാദം ശക്തമാകുന്നതും. ഏറ്റവുമൊടുവില്‍ ഇറക്കുമതി തീരുവകളില്‍ കുറവു വരുത്തിയതോടൊപ്പം എക്സെെസ് തീരുവകളിലും കുറവും വരുത്തി. ഭക്ഷ്യധാന്യങ്ങളടക്കമുള്ള അവശ്യഉപഭോഗവസ്തുക്കളുടെ കയറ്റുമതികള്‍‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയതും ഈ നയംമാറ്റത്തിന്റെ സൂചനകളാണ്.


ഇതുകൂടി വായിക്കൂ: ജിഡിപി വളര്‍ച്ചാനിരക്കു വര്‍ധന ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി


ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഇടുങ്ങിയ ദേശീയതാല്പര്യങ്ങളിലോ, ഹിന്ദു രാഷ്ട്രസ്ഥാപനങ്ങളിലോ ഒതുങ്ങിനില്‍ക്കുന്നത് ഒട്ടുംതന്നെ ആശാസ്യമായ നയസമീപനമല്ല. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പണ്ഡിറ്റ് നെഹ്രുവിന്റെയോ, ഇന്ദിരാഗാന്ധിയുടെയോ ഭരണകാലയളവില്‍ നമുക്കുണ്ടായിരുന്ന അംഗീകാരം തിരികെ പിടിക്കുക സുസാധ്യമല്ലെങ്കില്‍ത്തന്നെയും ജി-20 രാജ്യകൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തെത്തുന്ന ഇന്ത്യയിലെ മോഡി ഭരണകൂടത്തിന് ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ബഹുരാഷ്ട്ര ധനകാര്യ, വികസന സ്ഥാപനങ്ങളായ നാണയനിധി, ലോകബാങ്ക് എന്നിവയ്ക്കു പുറമെ ഏഷ്യന്‍ വികസനബാങ്ക് തുടങ്ങിയവയുടെ പരിഷ്കാരങ്ങള്‍ സംബന്ധമായി ഭാരിച്ചൊരു അജണ്ടയായിരിക്കും ഏറ്റെടുക്കേണ്ടിവരുക. ഈവക സങ്കീര്‍ണതയാര്‍ന്ന വിഷയങ്ങളില്‍ ദേശീയതാല്പര്യങ്ങളോടൊപ്പമോ, അതിലേറെയോ, മറ്റു ജി-20 അംഗരാജ്യങ്ങളുടെ രാഷ്ട്രീയ‑വികസനതാല്പര്യങ്ങള്‍കൂടി പരിഗണനയ്ക്കെടുക്കേണ്ടിവരും. ഇതിനെല്ലാം ഉപരിയായി, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഗുരുതരമായ വെല്ലുവിളികളും കൂട്ടായ യത്നങ്ങള്‍ വഴിയാണ് അഭിമുഖീകരിക്കേണ്ടിവരുക എന്നതും പ്രധാനമാണ്. വികസനഭ്രാന്തിന്റെ പേരില്‍ മൂലധന നിക്ഷേപത്തിന് ഇറങ്ങിത്തിരിക്കുന്നതിനു മുമ്പ് അതിലൂടെ ഉളവാകാനിടയുള്ള കാലാവസ്ഥാ വ്യതിയാന സാധ്യതകളും പരിസരമലിനീകരണ സാധ്യതകളും അവഗണിക്കപ്പെടുന്നില്ലെന്നു ഉറപ്പാക്കുകയും വേണം. കാലാവസ്ഥാ മാറ്റങ്ങള്‍ ഫലപ്രദമായി കെെകാര്യം ചെയ്യുന്നതിന് പ്രത്യേക സ്രോതസുകളിലൂടെ പണം സ്വരൂപിക്കേണ്ടി വന്നേക്കാം. ഇതിലേക്കായി ‘ഹരിത കടപ്പത്രങ്ങള്‍’- ഗ്രീന്‍ ബോണ്ട്സ് തുറക്കാനും നിര്‍ദ്ദേശമുണ്ട്. ഇന്ത്യയില്‍ ഇതൊരു പുതിയ ഏര്‍പ്പാടൊന്നുമല്ല. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ ആഭിമുഖ്യത്തില്‍ നാം ഊര്‍ജമേഖലാ കോര്‍പറേറ്റുകളുടെ വികസനാവശ്യങ്ങള്‍ക്കായി ഗ്രീന്‍ ബോണ്ടുകള്‍ ഇതിനു മുമ്പും വിപണിയില്‍ ഇറക്കിയിട്ടുള്ളതുമാണ്.
ലോകരാഷ്ട്രങ്ങളാകെ അതിഗുരുതരമായൊരു ആഗോളതല പ്രവര്‍ത്തനക്ഷമതാരാഹിത്യത്തിന്റെ കുരുക്കില്‍ അകപ്പെട്ടിരിക്കുന്നു എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20ന് ജനറല്‍ അസംബ്ലി യോഗത്തില്‍ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആഭ്യന്തര ആരോഗ്യവും അത്രയ്ക്ക് ആശാവഹമല്ല. മോഡി സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് പ്രകടമാക്കിയ ശുഭാപ്തിവിശ്വാസം ഈ വിഷയത്തില്‍ ഇന്ത്യന്‍ ധനകാര്യ വിപണികളിലെ സ്ഥിതിയുമായി തുലനം ചെയ്യുമ്പോള്‍ ഒട്ടും പൊരുത്തപ്പെടുന്നില്ല. സമ്പദ്‌വ്യവസ്ഥയില്‍ പണത്തിന്റെ ഒഴുക്ക്-ലിക്വിഡിറ്റി- ഉയരുന്നില്ലെന്നത് നിക്ഷേപത്തിന്റെ മെല്ലെപ്പോക്കാണ് സൂചിപ്പിക്കുന്നത്. ഹ്രസ്വകാല ബോണ്ട് നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാവുകയും ദീര്‍ഘകാല ബോണ്ട് നിക്ഷേപങ്ങള്‍ കുറയുകയും ചെയ്യുന്നത് ധനകാര്യ വിപണികളുടെ തളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ഇതിനിടയാക്കിയത് വിദേശവിനിമയ ശേഖരത്തിലെ ഇടിവ്, ബാങ്ക് നിക്ഷേപ വര്‍ധനവിനേക്കാളേറെ ബാങ്ക് വായ്പകളിലുണ്ടാകുന്ന വര്‍ധന, രൂപയുടെ വിദേശ വിനിമയ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയ സാഹചര്യങ്ങളാണെന്നതും വ്യക്തമാണ്. ബോണ്ട് മാര്‍ക്കറ്റില്‍ പ്രകടമായിരിക്കുന്ന ഈ ചാഞ്ചാട്ടങ്ങള്‍ ആരോഗ്യകരമായ പ്രവണതകളല്ലാത്തതിനാല്‍ അതിനെപ്പറ്റി ഗൗരവമേറിയ പഠനം നടത്താന്‍ ആര്‍ബിഐയും വിപണി ഇടപാടുകാരും തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.


ഇതുകൂടി വായിക്കൂ: നിരാശപ്പെടുത്തുന്ന ജിഡിപി വളര്‍ച്ചാ കണക്കുകള്‍


ഏറ്റവുമൊടുവില്‍ കിട്ടുന്ന സൂചനകളനുസരിച്ച് ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ ഒട്ടുംതന്നെ പ്രതീക്ഷകള്‍ക്കിട നല്കുന്നവയല്ല എന്നാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് മുന്‍കയ്യെടുത്ത് വിളിച്ചുചേര്‍ത്ത കേന്ദ്ര ബാങ്ക് മേധാവികളുടെ യോഗം വിലയിരുത്തിയിരിക്കുന്നത് വരുന്ന ഏതാനും മാസക്കാലത്തേക്കുകൂടി ഇന്ത്യയിലേക്കുള്ള മൂലധനപ്രവാഹത്തില്‍ പ്രതിബന്ധങ്ങള്‍ തുടരുമെന്നുതന്നെയാണ്. സപ്ലെെ ചെയിന്‍ പ്രശ്നങ്ങള്‍, ചരക്കുകളുടെ വിലനിലവാരക്കുതിപ്പ്, രൂപയുടെ വിനിമയ മൂല്യശോഷണം തുടങ്ങിയ പ്രതിബന്ധങ്ങള്‍ തുടരാനാണ് സാധ്യത തെളിയുന്നത്. ഇപ്പോള്‍ത്തന്നെ രൂപയുടെ മൂല്യം 81 രൂപയിലേറെയായി ഇടിഞ്ഞിരിക്കുക സ്വഭാവികമായും ഇന്നും പ്രസക്തമായി തുടരുന്ന വെല്ലുവിളിയുമാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം വീണ്ടെടുക്കുക അതിസങ്കീര്‍ണമായി തുടരുമെന്നത് തന്നെയാണ്.

Exit mobile version