Site icon Janayugom Online

കോമൺ‌വെൽത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്മാറി

2022ലെ കോമൺ‌വെൽത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ പിന്‍വലിച്ചു. ഇന്ത്യക്കാര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റെെനും ബ്രിട്ടണിലെ കോവിഡ് വ്യാപനവും ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് ഇന്ത്യൻ ഹോക്കി ഫെഡറേഷന്‍ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്രക്ക് കത്തയച്ചതായും ഹോക്കി ഫെഡറേഷന്‍ ചൊവ്വാഴ്ച വ്യക്തമാക്കി. 

ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 8 വരെ ബര്‍മിംഗ്ഹാമിലാണ് കോമൺ‌വെൽത്ത് ഗെയിംസ് അരങ്ങേറുന്നത്. ഏഷ്യൻ ഗെയിംസ് ഹാങ്‌ഷോവില്‍ സെപ്റ്റംബർ 10 മുതല്‍ 25 വരെയാണ് നടക്കുക. ഇത് 2024 പാരീസ് ഒളിമ്പിസിലേക്ക് യോഗ്യത നേടുന്നതിനുള്ള പ്രധാനപടിയാണ്. അതുകൊണ്ട് ഏഷ്യൻ ഗെയിംസിന് മുൻഗണന നൽകേണ്ടതുണ്ട്. രണ്ട് ടൂര്‍ണമെന്റുകളും തമ്മില്‍ 32 ദിവസത്തെ വിടവ് മാത്രമേയുള്ളു. കൂടാതെ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന യുകെയിലേക്ക് കളിക്കാരെ അയയ്ക്കുന്നത് ബുദ്ധിമുട്ടാണെന്നും ഒളിമ്പിക് അസോസിയേഷന് അയച്ച കത്തില്‍ പറയുന്നു. 

നേരത്തെ ഇന്ത്യയില്‍ നിന്ന് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് ബ്രിട്ടണ്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെെന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വാ‌ക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും അവര്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെ ഇന്ത്യ ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഇതേനിബന്ധനകള്‍ ഏര്‍പ്പെടുത്തി തിരിച്ചടിച്ചിരുന്നു.
eng­lish summary;Indian hock­ey team with­draws from Com­mon­wealth Games
you may also like this video;

Exit mobile version