ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലാദേശാണ് എതിരാളി. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഓപ്പണ്‍ ചെയ്യുമ്പോള്‍ മൂന്നാമനായി വിരാട് കോലിയെത്തും. ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനം കളിക്കാതിരുന്ന കോലി, രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തി. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ കോലിക്ക് സാധിച്ചു. നാലാം നമ്പറിലും മാറ്റം വരാന്‍ സാധ്യത കുറവാണ്. ശ്രേയസ് അയ്യര്‍ തന്നെയിറങ്ങും. കെ എല്‍ രാഹുലായിരിക്കും വിക്കറ്റ് കീപ്പര്‍. ഇതോടെ റിഷഭ് പന്തിന് പുറത്തിരിക്കേണ്ടി വരും. സ്പിന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിങ്ങനെയായിരിക്കും ഇന്ത്യയുടെ സാധ്യതാ ഇലവന്‍.
ഇംഗ്ലണ്ടിനെതിരെ അടുത്തിടെ സമാപിച്ച ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യയുടെ വരവ്. ഏറെ നാളിന് ശേഷം ഒരു മത്സരത്തില്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ്മ ഫോം കണ്ടെത്തിയെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കുന്നില്ല. വിരാട് കോലിയുടെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമാകും.
ഇന്ത്യക്ക് അനായാസ ജയമാണ് പ്രവചിക്കപ്പെടുന്നത്. ഇന്ത്യ അനായാസം ജയിക്കുമെന്ന് പറയുമ്പോഴും തങ്ങളുടേതായ ദിവസം ഏത് വമ്പന്മാരെയും അട്ടിമറിക്കാന്‍ ബംഗ്ലാനിരയ്ക്ക് കഴിവുണ്ട്. ഇതിന് മുമ്പ് ബംഗ്ലാദേശ് തെളിയിച്ചിട്ടുള്ളതുമാണ്. പ്രത്യേകിച്ച് ഇന്ത്യയുടെ മുഖ്യ പേസറായ ജസ്പ്രീത് ബുംറയുടെ അഭാവം മുതലാക്കാനാകും ബംഗ്ലാദേശ് ശ്രമിക്കുക. എന്നാല്‍ ഇന്ത്യയുമായുള്ള നേര്‍ക്കുനേര്‍ കണക്ക് നോക്കുമ്പോള്‍ ബംഗ്ലാദേശ് ശക്തരല്ലെന്ന് വേണം പറയാന്‍.

