Site iconSite icon Janayugom Online

ഇന്ത്യൻ വനിതകള്‍ക്ക് വീണ്ടും തോല്‍വി; ഓസ്‌ട്രേലിയയ്ക്ക് ഏകദിന പരമ്പര

ലോക ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ടീമിന് ഓസ്ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തിലും തോല്‍വി. അഞ്ച് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആതിഥേയർ 2–0 ന് അപരാജിത ലീഡ് കുറിച്ചു. ജോർജിയ വോളിന്റെ തകർപ്പൻ സെഞ്ചുറിയും ഫോബി ലിച്ചീഫീൽഡിന്റെ വെടിക്കെട്ട് ഇന്നിങ്സുമാണ് ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം വെറും 36.1 ഓവറിൽ മറികടക്കാൻ ഓസ്‌ട്രേലിയയെ സഹായിച്ചത്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് എടുത്തത്. ഓപ്പണർ പ്രതിക റാവൽ (52), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (54) എന്നിവർ അർധ സെഞ്ചുറികളുമായി തിളങ്ങി. സ്മൃതി മന്ദാനയുമൊത്ത് (31) ഒന്നാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്ത് പ്രതിക ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ ജെമീമ റോഡ്രിഗസ് (11), ദീപ്തി ശർമ്മ (1), റിച്ച ഘോഷ് (22) എന്നിവർ വേഗത്തിൽ പുറത്തായത് ഇന്ത്യയുടെ സ്കോറിങ്ങിനെ ബാധിച്ചു. വാലറ്റത്ത് കാശ്‌വി ഗൗതം നടത്തിയ പോരാട്ടമാണ് (25) ടീമിനെ 250 കടത്തിയത്. ഓസീസിന് വേണ്ടി ആഷ്‌ലി ഗാർഡ്നർ, അലാന കിങ്, അന്നബെൽ സതർലാൻഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ജോർജിയ വോളിനെ പുറത്താക്കാന്‍ ലഭിച്ച മൂന്ന് അവസരങ്ങളാണ് ഇന്ത്യ കൈവിട്ടത്. 19 റൺസിൽ നിൽക്കെ ക്രാന്തി ഗൗഡും പിന്നീട് സ്മൃതി മന്ദാനയും റിച്ച ഘോഷും നൽകിയ അവസരങ്ങൾ മുതലെടുത്ത വോൾ 82 പന്തിൽ 101 റൺസ് അടിച്ചെടുത്തു. രണ്ടാം വിക്കറ്റിൽ ഫോബി ലിച്ചീഫീൽഡുമായി (80) ചേർന്ന് വോൾ പടുത്തുയർത്തിയ 119 റൺസ് കൂട്ടുകെട്ട് മത്സരത്തിൽ നിർണായകമായി. വെറും 62 പന്തിൽ നിന്നാണ് ലിച്ചീഫീൽഡ് 80 റൺസ് നേടിയത്. ഇന്ത്യക്കായി കാശ്‌വി ഗൗതവും ക്രാന്തി ഗൗഡും രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ടി20 പരമ്പര 2–1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ ഏകദിന പരമ്പരയിലെ രണ്ട് വിജയങ്ങളോടെ ഓൾ ഫോർമാറ്റ് പോയിന്റ് പട്ടികയിൽ ഓസ്‌ട്രേലിയ 6–4 ന് മുന്നിലെത്തി. ഇനി ഒരു ഏകദിനവും ഒരു ടെസ്റ്റ് മത്സരവുമാണ് ബാക്കിയുള്ളത്. പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. മൂന്നാം ഏകദിനം നാളെ ഹോബാർട്ടിൽ തന്നെ നടക്കും.

Exit mobile version