Site iconSite icon Janayugom Online

ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയും : യുഎസും യൂറോപ്പും സാമ്പത്തിക മാന്ദ്യത്തിലേക്ക്

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം കുറയുമെന്ന് ധനകാര്യ ഗവേഷണ സ്ഥാപനമായ ഫിച്ച് റേറ്റിങ്സ്. 2022–23 വർഷം രാജ്യത്തിന്റെ മൊത്ത അഭ്യന്തര ഉല്പാദനം (ജിഡിപി) 7.8 ശതമാനമാകുമെന്നായിരുന്നു ജൂണിലെ പ്രവചനം. ഇത് ഏഴ് ശതമാനമായി കുറയുമെന്നാണ് പുതിയ വിലയിരുത്തൽ. 2024 സാമ്പത്തിക വർഷം 7.4 ശതമാനമാകുമെന്നുമായിരുന്നു പ്രവചനം. ഇത് 6.7 ശതമാനമായി കുറയും. ഉയർന്ന പണപ്പെരുപ്പവും പലിശ നിരക്കുമാണ് കാരണമെന്നും സെപ്റ്റംബറിലെ ആഗോള സാമ്പത്തിക അവലോകന റിപ്പോർട്ടില്‍ അമേരിക്ക ആസ്ഥാനമായ ഏജൻസി വ്യക്തമാക്കി.

യുകെയും യുഎസും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂറോസോണും ബ്രിട്ടണും ഈ വർഷാവസാനം മാന്ദ്യത്തിലേക്ക് കടക്കും. യൂറോപ്യൻ യൂണിയന്റെ ഭാഗമായ 19 രാജ്യങ്ങളുടെ സാമ്പത്തിക സഖ്യമാണ് യൂറോസോൺ. 2023 മധ്യത്തോടെ അമേരിക്കയില്‍ നേരിയ മാന്ദ്യം അനുഭവപ്പെടും. യൂറോപ്പിലെ വാതക പ്രതിസന്ധി, പലിശനിരക്കിലെ കുത്തനെയുള്ള മാറ്റം, ചൈനയിലെ മാന്ദ്യം എന്നിവയ്ക്കൊപ്പം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പ്രതിസന്ധിക്ക് സാധ്യത കാണുന്നതായി ഫിച്ച് റേറ്റിങ്ങിലെ ചീഫ് ഇക്കണോമിസ്റ്റ് ബ്രയാൻ കൗൾട്ടൺ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നേരത്തെ പ്രവചിച്ചതിനേക്കാൾ കുറയുമെന്ന് മൂഡീസ്, സിറ്റിഗ്രൂപ്പ്, എസ്ബിഐ തുടങ്ങിയ ഏജൻസികള്‍ വ്യക്തമാക്കിയിരുന്നു. മൊ​ത്ത​വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി കു​റ​യു​ക​യാണെങ്കിലും രണ്ടക്കത്തില്‍ തുടരുകയാണ്. എന്നാൽ ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയ പണ​പ്പെരുപ്പം ഏഴു ശതമാനമാണ്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല ഉ​യ​ർ​ന്നു​ നിൽക്കുന്നത് പ്രതികൂല ഘടകമാണെന്ന് ഫിച്ച് വിലയിരുത്തുന്നു.

ചില്ലറ വിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും റി​സ​ർ​വ് ബാ​ങ്ക് നി​ശ്ച​യി​ച്ച പ​രി​ധി​യാ​യ ആറ് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ൻ ആ​ർ​ബി​ഐ ഈ​വ​ർ​ഷം മൂ​ന്നു ത​വ​ണ പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തി. എങ്കിലും നടപ്പ് സാമ്പത്തിക വർഷം 7.2 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടും മൂന്നും പാദങ്ങളിൽ പണപ്പെരുപ്പം ആറ് ശതമാനമെന്ന പരിധിക്ക് മുകളില്‍ തന്നെയായിരിക്കും. ആഗോള സാമ്പത്തിക സ്ഥിതിയില്‍ അനിശ്ചിതത്വവുമുള്ളതിനാൽ പണനയ സമിതി പലിശ നിരക്ക് ഉയർത്തുന്നത് എപ്പോൾ അവസാനിപ്പിക്കുമെന്നത് പ്രവചനാതീതമാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Indi­a’s eco­nom­ic growth will slow down
You may also like this video

Exit mobile version