Site icon Janayugom Online

പാരാലിമ്പിക്സ് ; ‘പ്രവീണിന് വെള്ളി’ച്ചാട്ടം

ടോക്യോ: പാരാലിമ്പിക്സ് പുരുഷ വിഭാഗം ഹൈജമ്പില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാര്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ സമ്മാനിച്ചു. ഏഷ്യന്‍ റെക്കോഡോടെയാണ് താരത്തിന്റെ മെഡല്‍ നേട്ടം. 18 വയസ് മാത്രമാണ് പ്രവീണിന്റെ പ്രായം. പാരാലിമ്പിക്സില്‍ വെള്ളിമെഡല്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും പ്രവീണ്‍ സ്വന്തം പേരിലാക്കി. 2.07 മീറ്റര്‍ ഉയരം ചാടികടന്നാണ് പ്രവീണ്‍ വെള്ളി ഉറപ്പിച്ചത്.

പ്രവീണിന്റെ ആദ്യ പാരാലി­മ്പി­ക്സാണിത്. ബ്രിട്ടന്റെ ജോ­ണ്‍താന്‍ ബ്രൂം-എഡ്വേര്‍ഡ്‌സ് സ്വര്‍ണം നേടി. 2.10 മീറ്ററാണ് ബ്രൂം മറികടന്നത്. റിയോ ഒളിമ്പിക്സിലെ സ്വ­ര്‍ണ മെഡല്‍ ജേതാവായ പോളണ്ടിന്റെ മസീജ ലെപിയാറ്റോ വെങ്കലം നേടി.

2019ല്‍ ജൂനിയര്‍ പാരാലിമ്പിക്സില്‍ വെള്ളി മെഡല്‍ നേടാന്‍ പ്രവീണിനായിരുന്നു. അരങ്ങേറ്റ സീസണില്‍ത്തന്നെയായിരുന്നു ഈ നേട്ടം. ടി44 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് പ്രവീണ്‍. സത്യപാല്‍ സിങ്ങാണ് പ്രവീണിന്റെ പരിശീലകന്‍.

സ്വര്‍ണത്തിന് പിറകേ അവനിക്ക് വെങ്കലവും

പാരാലിമ്പിക്സ് ഷൂട്ടിങ്ങില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് എസ്എച്ച് 1 വിഭാഗത്തില്‍ ഇന്ത്യയുടെ അവനി ലേഖരയ്ക്ക് വെങ്കലം. അവനി 445.9 പോയന്റ് നേടിക്കൊണ്ടാണ് വെങ്കല മെഡല്‍ കഴുത്തിലണിഞ്ഞത്. ഇതോടെ ഒരു പാരാലിമ്പിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടത്തിലെത്തി അവനി ലേഖര.

നേരത്തേ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം അവനി ലേഖര അന്ന് സ്വന്തമാക്കിയിരുന്നു. പത്തൊമ്പത് വയസ് മാത്രമുള്ള അവനിയുടെ ആദ്യ പാരാലിമ്പിക്സാണിത്.

ചൈനീസ് താരം സ്വര്‍ണവും ജര്‍മ്മന്‍ താരം വെള്ളിയും നേടി. ഗെയിംസില്‍ 12 മെഡലുകളാണ് ഇന്ത്യ ഇക്കുറി നേടിയിരിക്കുന്നത്.

 

ENGLISH SUMMARY:indias praveen kumar clinched the sil­ver medal in the mens high jump

You may also like this video

Exit mobile version