പണപ്പെരുപ്പ സമ്മര്‍ദ്ദവും മത്സര സാഹചര്യങ്ങളും രാജ്യത്തെ സര്‍വീസ് മേഖലയെ തളര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. സേവന മേഖലയിലെ വളര്‍ച്ച സെപ്റ്റംബറില്‍ ആറുമാസത്തനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായും എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യയുടെ പ്രതിമാസ സര്‍വേയില്‍ പറയുന്നു. സേവന മേഖലയിലെ പർച്ചേസിങ് മാനേജേഴ്സ് സൂചിക (പിഎംഐ) കഴിഞ്ഞ മാസം 54.3 ആയി ചുരുങ്ങി. ഓഗസ്റ്റിലിത് 57.2 ആയിരുന്നു. മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വളര്‍ച്ചാ നിരക്കാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയതെന്നും എസ് ആന്റ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഉല്പാദന, സേവന മേഖലകളിലെ പ്രവർത്തനങ്ങളുടെ സൂചകമാണ് പിഎംഐ.സൂചിക 50ന് മുകളില്‍ പോകുന്നത് വളര്‍ച്ചയെയും മറിച്ചാണെങ്കില്‍ സങ്കോചത്തെയുമാണ് സൂചിപ്പിക്കുന്നത്. പുതിയ ഓർഡറുകൾ, ഔട്ട്‌പുട്ട്, തൊഴിൽ, വിതരണക്കാരുടെ ഡെലിവറി സമയം, വാങ്ങലുകളുടെ സ്റ്റോക്കുകൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക കണക്കാക്കുന്നതെന്ന് എസ് ആന്റ് പി ഗ്ലോബൽ പറഞ്ഞു. അതേസമയം രാജ്യത്തെ സേവന മേഖല തുടർച്ചയായ 14-ാം മാസവും ഉല്പാദനത്തിൽ വർധന രേഖപ്പെടുത്തി.
വര്‍ധിച്ചു വരുന്ന ആവശ്യകത പൂര്‍ത്തീകരിക്കാന്‍ ഇന്ത്യയിലെ കമ്പനികള്‍ അധിക തൊഴിലാളികളെ ഏറ്റെടുക്കുന്നത് തുടര്‍ന്നുവെന്നും പണപ്പെരുപ്പത്തിനിടയിലും ഇന്‍പുട്ട് കോസ്റ്റ് സ്ഥിരത നിലനിര്‍ത്തിയെന്നും എസ് ആന്റ് പി ഗ്ലോബലിലെ സാമ്പത്തിക ശാസ്ത്രജ്ഞ പോളിയാന ഡിലിമ പറഞ്ഞു. റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുന്നത് തുടരുന്നതും കറന്‍സി അസ്ഥിരത നിലനില്‍ക്കുന്നതും ഇറക്കുമതി ഉല്പന്നങ്ങളുടെ വില ഇനിയും വര്‍ധിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മേയ് മുതല്‍ നാല് തവണയാണ് ആര്‍ബിഐ റിപോ നിരക്കുകള്‍ ഉയര്‍ത്തിയത്. സെപ്റ്റംബറില്‍ ഉല്പാദന മേഖലയിലെ വളര്‍ച്ച ജൂണ്‍ മുതലുള്ള ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. ഓഗസ്റ്റിലെ 56.2ല്‍ നിന്നും 55.1 ആയാണ് സൂചിക താഴ്ന്നത്.
English Summary: India’s service sector activity falls to 6‑month low in September
You may also like this video