Site iconSite icon Janayugom Online

ജനജീവിതം ദുഃസഹമാക്കുന്ന വിലക്കയറ്റവും നാണ്യപ്പെരുപ്പവും

കേന്ദ്ര ഗവൺമെന്റ് നിത്യോപയോഗ സാധനങ്ങളിന്‍ മേൽ ജിഎസ്‌ടി ചുമത്തിക്കൊണ്ട് വമ്പിച്ച വിലക്കയറ്റത്തിനുള്ള സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജിഎസ്‌ടി അഞ്ചുകൊല്ലം പിന്നിടുമ്പോൾ നമ്മുടെ മുൻപിലുള്ള അനുഭവം സംസ്ഥാനങ്ങളുടെ ധനസ്ഥിതി ആകെ താറുമാറായി എന്നതാണ്.
കേന്ദ്രം എക്കാലവും കേരളത്തോട് തികഞ്ഞ അവഗണനയാണ് പുലർത്തിപ്പോരുന്നത്. ഇവിടെ ഉദാഹരണങ്ങൾ നിരത്തേണ്ടതില്ല. കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര നീക്കങ്ങളുടെ ഭാഗമായിട്ടാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ ഇഡിക്കു മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് മഹാമാരിയെത്തുടർന്ന് ജീവിതം ഒരുവിധം കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് ജനങ്ങൾക്ക് ആശ്വാസം നല്കുന്നതിനു പകരം വമ്പിച്ച വിലക്കയറ്റം രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഒരു രാജ്യം, ഒരു വില, ഒരു നികുതി എന്ന് കൊട്ടിഘോഷിച്ച്, ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കിയ ജിഎസ്‌ടി നോട്ടുനിരോധനംപോലെ പാളിപ്പോയ സാമ്പത്തിക പരിഷ്കാരമായി പരിണമിക്കുകയാണ്. 2021 ജൂലൈ 19 മുതൽ രാജ്യമൊട്ടാകെ പാക്കറ്റിൽ വിൽക്കപ്പെടുന്ന അവശ്യ ഉപയോഗ വസ്തുക്കളായ അരിക്കും ഗോതമ്പിനും പഴവർഗങ്ങൾക്ക് വരെ അഞ്ച് ശതമാനം മുതൽ 18 ശതമാനം വരെ വില വർധനവാണ് ഉണ്ടായിരിക്കുന്നത്.
ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട നികുതി വ്യവസ്ഥയുടെ സ്ഥാനത്ത് ജിഎസ്‌ടി സാധാരണക്കാരന് മുൻപിൽ പ്രത്യക്ഷപ്പെടുന്നത് തീവില രേഖപ്പെടുത്തിയ ഭീകരരൂപത്തിലാണ്. സ്വതന്ത്ര ഇന്ത്യയുടെ ഇതപര്യന്തം ഉള്ള ചരിത്രത്തിൽ ആദ്യമായിട്ടാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇത്രയധികം വിലക്കയറ്റം അനുഭവിക്കേണ്ടിവരുന്നത്.


ഇതുകൂടി വായിക്കൂ: ജിഎസ്‌ടി: സുപ്രീം കോടതി വിധിയും സംസ്ഥാനങ്ങളും


അഞ്ചുവർഷം മുമ്പ് ജിഎസ്‌ടി പരിഷ്കാരം ഏർപ്പെടുത്തിയപ്പോൾ അരി, ഗോതമ്പ്, പച്ചക്കറി, മുട്ട, മത്സ്യം, ഇറച്ചി എന്നിവയുടെ ഭക്ഷണസാധനങ്ങൾ ഒഴിവാക്കിയിരുന്നതാണ്. തൈരും മോരും പാക്ക് ചെയ്താൽ അഞ്ച് ശതമാനം കൂടും. നമുക്കറിയാം മിൽമ ഉൾപ്പെടെയുള്ള സംഘങ്ങൾ പാക്കറ്റിലാണ് ഇവ വിൽക്കുന്നത്. ആശുപത്രിയിലെ ഹോട്ടലുകളിലും മുറിവാടക ഉയർന്നിട്ടുണ്ട്. സാധാരണ ജനങ്ങൾപോലും അപകടം, പെട്ടെന്നുണ്ടാകുന്ന ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ വരുമ്പോൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അവിടുത്തെ മുറികളുടെ ഇപ്പോഴത്തെ വാടക തന്നെ താങ്ങാൻ കഴിയാത്തവയാണ്. ജിഎസ്‌ടിയുടെ ഭാരം ചേർക്കുമ്പോൾ പറയുകയും വേണ്ട. ജിഎസ്‌ടികൊണ്ട് വില വർധിപ്പിക്കുന്നത് മനുഷ്യജീവിതത്തിന് അവശ്യം വേണ്ട സാധനങ്ങൾ തന്നെയാണ് എൽഇഡി ബൾബുകൾ, ലൈറ്റുകൾ, പേപ്പർ, ബ്ലേഡുകൾ, പെൻസിൽ, നോട്ടുബുക്കുകൾ തുടങ്ങിയവയെല്ലാം. 12 ശതമാനം നികുതി വർധനവാണിതിനൊക്കെ. മേൽപ്പറഞ്ഞിരിക്കുന്ന സാധനങ്ങൾ മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതം അല്ലെന്നു പറയാൻ കഴിയുമോ? അതിരൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറഞ്ഞ ധനമന്ത്രി നിർമ്മലാ സീതാരാമന്റെ പ്രസ്താവന ശ്രദ്ധേയമാണ്. വിലക്കയറ്റം യാഥാർത്ഥ്യമാണെന്നും അത് തടഞ്ഞു നിർത്താനുള്ള ശ്രമങ്ങൾ തങ്ങളുടെ സർക്കാർ ചെയ്യുന്നുവെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ചില്ലറ വില സൂചിക ഏഴ് ശതമാനത്തിലെത്താൻ കാരണം അന്താരാഷ്ട്ര സാഹചര്യമാണെന്നു പറഞ്ഞ് ധനമന്ത്രി പ്രശ്നത്തിൽ നിന്ന് കൈകഴുകുകയാണ് ഉണ്ടായത്. ഏപ്രിൽ മാസത്തിൽ ഉപഭോക്തൃ സൂചിക വിലക്കയറ്റം 7.7 ശതമാനമായി മൊത്തവില സൂചിക 15.8 ശതമാനമായി ഉയരുകയും ചെയ്തു. യുഎസ് കേന്ദ്ര ബാങ്ക് ചെയ്തപോലെ ഭാരതീയ റിസർവ് ബാങ്ക് ഉയർന്ന പലിശ നിരക്ക് വർധനയിലേക്ക് നീങ്ങിക്കഴിഞ്ഞു. മേയ് നാലിന് 0.40 ശതമാനം പലിശ വർധിപ്പിച്ചു. 2023 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി വളർച്ച അനുമാനം 7.2 ശതമാനം ആയിരിക്കുമെന്ന് ഇതിനകം ആർബിഐ തിരുത്തിയിട്ടുണ്ട്. പാചകവാതക പെട്രോളിയം ഉല്പന്നങ്ങളുടെ വില വർധനവിനെക്കുറിച്ച് നിശബ്ദത പാലിക്കുകയും ചെയ്യുന്നു.


ഇതുകൂടി വായിക്കൂ: മൊത്തവില പണപ്പെരുപ്പം കുതിക്കുന്നു


കഴിഞ്ഞ ഉപഭോക്തൃ വില സൂചികയും മൊത്തവ്യാപാര വില സൂചികയും രാജ്യ ചരിത്രത്തിലെ റെക്കോഡ് ഉയരത്തിലാണ്. ആഭ്യന്തര വിപണിയിലെ ഇടിവാകട്ടെ ഉല്പാദന മേഖലകളെ അതിവേഗം മന്ദീഭവിപ്പിക്കുന്നു. രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള വേദി എന്ന നിലയിൽ പാർലമെന്റിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും ധനമന്ത്രി സഭയിൽ പരാമർശിക്കുന്നു എന്നല്ലാതെ യാതൊരു പരിഹാര നടപടികളുടെ പ്രഖ്യാപനമോ വാഗ്ദാനമോ നടത്തുന്നില്ല. കൂടിയ തോതിലുള്ള വിലക്കയറ്റവും പലിശനിരക്ക് വർധനവും വൻകിട കമ്പനികളുടെ ലാഭത്തെയും പ്രതികൂലമായി ബാധിക്കും. ഇതാകട്ടെ ഉല്പാദനമാന്ദ്യവും അതുവഴി സാമ്പത്തിക മാന്ദ്യവും രാജ്യത്തുണ്ടാക്കും.
തൊഴിലില്ലായ്മയുടെ യഥാർത്ഥ സ്ഥിതിയെക്കുറിച്ച് വ്യത്യസ്ത ഏജൻസികൾക്ക് വ്യത്യസ്ത കണക്കുകളാണ് ഉള്ളതെന്നും മനസിലാക്കാൻ കഴിയും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് വേളയിൽ തൊഴിലില്ലായ്മയുടെ കള്ളക്കണക്ക് പറയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോൾ അത് അനുസരിക്കാൻ തയാറാകാതിരുന്ന രാജിവച്ച് ഒഴിയേണ്ടി വന്ന സ്റ്റാറ്റിസ്റ്റിക്കൽ ചെയർമാൻ പി സി മോഹൻ അദ്ദേഹത്തിന്റെ ലേഖനത്തിൽ കോവിഡില്‍ മരണപ്പെട്ടവരുടെ കണക്കുകളിലെ കള്ളക്കളികളെക്കുറിച്ച് എഴുതുകയുണ്ടായി. അതുപോലെ തൊഴിലില്ലായ്മയുടെ യഥാർത്ഥ ചിത്രവും. 20–24 പ്രായപരിധി ഉള്ളവരിൽ തൊഴിലില്ലായ്മ 40 ശതമാനമാണ്. 90 കോടി വരുന്ന തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ 60.2 ശതമാനം പേർ ഇപ്പോഴും തൊഴിലന്വേഷകരായി തുടരുന്നു. കേന്ദ്ര സർവീസിൽ 10 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ദേശീയ ഗ്രാമീണ പദ്ധതിയെ തകർക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയിലുണ്ട്. മഹാമാരിയെ തുടർന്ന് കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ട് ജീവിതം നരകതുല്യമാണിന്ന്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ പണം അനുവദിക്കുന്നതിനുപകരം പര്യാപ്തമായ ഫണ്ട് സംസ്ഥാനങ്ങൾക്ക് നൽകാതിരിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ ജനങ്ങളുടെ ക്രയശേഷി പര്യാപ്തമാണെങ്കിൽ മാത്രമേ പട്ടിണി കൂടാതെ ജീവിക്കാനാവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ പാവങ്ങൾക്കും ഇടത്തരക്കാർക്കും വാങ്ങാൻ കഴിയൂ. രണ്ടു തരത്തിലുള്ള പ്രതിസന്ധിയാണ് നഗര ഗ്രാമങ്ങളിലെ ജനങ്ങളെ ബാധിക്കുന്നത്. ഒന്ന് തൊഴിലില്ലായ്മയും മറ്റൊന്ന് കാർഷിക മേഖലയിലെ പ്രശ്നങ്ങൾ കാരണം വരുമാന ലഭ്യതയിലെ വൻകുറവും അത് കാരണം ഉണ്ടാകുന്ന ക്രയശേഷി കുറവും.


ഇതുകൂടി വായിക്കൂ: ഭക്ഷ്യോല്പന്നങ്ങള്‍ക്ക് തീവില


അധികമായി പണിയെടുക്കുന്നവർ ആയാൽപോലും അതിഭീകരമായ വിലക്കയറ്റം കാരണം നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ കഴിയില്ല. ഇതുമൂലം ദാരിദ്ര്യം, പോഷകാഹാരക്കുറവ്, അനാരോഗ്യം, രോഗങ്ങൾ എന്നിവയുടെ പിടിയിലകപ്പെട്ട് ജനകോടികൾ ദുരിതത്തിലാണ്. എട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മൻമോഹൻസിങ്ങിനെ വിലക്കയറ്റത്തിന്റെ പേരിൽ വെല്ലുവിളിച്ച്, നരേന്ദ്ര മോഡി നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിലക്കയറ്റം, ഭക്ഷ്യക്ഷാമം, സാമ്പത്തിക പ്രതിസന്ധി എന്നിവ എത്ര മൂടിവച്ചാലും ജനങ്ങളുടെ നിത്യജീവിതത്തിൽ ഇതെല്ലാം അനുഭവവേദ്യമാണ്. രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നടത്തുന്ന സമരങ്ങളിൽ അണിചേരുകയും ജനകീയ പ്രക്ഷോഭങ്ങൾക്ക് ശക്തിപകരുകയും മാത്രമാണ് നമ്മുടെ മുന്നിലുള്ള മാർഗം.

Exit mobile version