Site iconSite icon Janayugom Online

പണപ്പെരുപ്പവും വിലക്കയറ്റവും

ഡോ. മില്‍ട്ടണ്‍ ഫ്രീഡ്‌മാന്‍ എന്ന മോണിറ്ററി ധനശാസ്ത്രജ്ഞന്‍ ഒരവസരത്തില്‍ ശ്രദ്ധേയമായൊരു നിര്‍വചനം പണപ്പെരുപ്പം എന്ന പ്രതിഭാസത്തിന് നല്കുകയുണ്ടായി. പണപ്പെരുപ്പം എന്നാല്‍ നിയമനിര്‍മ്മാണം വഴിയല്ലാതെയുള്ള നികുതി ചുമത്തല്‍‍ എന്നായിരുന്നു ഇത്. നിയമം അനുശാസിക്കുന്നതായാലും അല്ലാതിരുന്നാലും പണപ്പെരുപ്പം സമ്പദ്‌വ്യവസ്ഥയിലാകെ ഉളവാക്കുന്ന വിലക്കയറ്റത്തിലൂടെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നു. പ്രത്യേകിച്ച് ദരിദ്രജന വിഭാഗങ്ങളെ. പണപ്പെരുപ്പത്തിനുള്ള സാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയുന്നവര്‍, അധിക വേതനത്തിനും അധിക വാടകയ്ക്കും മറ്റ് അധിക വരുമാന മാര്‍ഗങ്ങള്‍ക്കുമായി മുന്‍കരുതലുകളെടുക്കുകയും ചെയ്യും. പാവപ്പെട്ടവര്‍ക്ക് ഇത് സാധ്യവുമല്ല. പണപ്പെരുപ്പത്തെ സംബന്ധിക്കുന്ന പ്രതീക്ഷകള്‍ എപ്പോഴും ശരിയാകണമെന്നില്ല. വ്യക്തികള്‍ നടത്തുന്ന പ്രവചനത്തെയോ, പ്രതീക്ഷിക്കുന്ന വിധത്തിലോ ആയിരിക്കണമെന്നില്ല, പണപ്പെരുപ്പത്തിന്റെ വലിപ്പവും ആഘാതവും.
ഏതായാലും 2022 മാര്‍ച്ച് മാസത്തേക്കുള്ള ആര്‍ബിഐയുടെ ഇന്‍ഫ്‌ലേഷന്‍ എക്സ്പെക്ടേഷന്‍സ് സര്‍വേ ഓഫ് ഹൗസ് ഹോള്‍ഡ്സ് (ഐഇഎസ്എച്ച്എസ്) പണപ്പെരുപ്പം സംബന്ധമായി കുടുംബങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അവലോകനം ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് ഏപ്രില്‍ എട്ടിനാണ് പുറത്തുവിട്ടത്. എന്നാല്‍, അന്നുണ്ടായിരുന്നതില്‍ നിന്നും പണപ്പെരുപ്പത്തിന്റെ തോതും ആഘാതവും അടിസ്ഥാനപരമായിത്തന്നെ തിരുത്തലിനു വിധേയമാക്കാന്‍ ആര്‍ബിഐയുടെ പണനയരൂപീകരണസമിതി തയാറായതായിട്ടാണ് നമുക്കിപ്പോള്‍ വ്യക്തമാകുന്നത്. പണപ്പെരുപ്പനിരക്ക് ഏറെക്കുറെ പിടിവിട്ട നിലയിലാണിപ്പോള്‍ എത്തിനില്‍ക്കുന്നതും. പലിശനിരക്കുകള്‍— റിപ്പോനിരക്കും റിവേഴ്‌സ് റിപ്പോ നിരക്കും പിന്നിട്ട മൂന്നു നാലു വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഉയര്‍ത്തിയതിലൂടെയാണ് നമുക്ക് ഇക്കാര്യം ബോധ്യമായിരിക്കുന്നത്. ഇതിനിടെ രൂപയുടെ വിദേശവിനിമയ മൂല്യത്തില്‍ കുത്തനെ ഇടിവുണ്ടാവുകയും ഒരു ഡോളറിന് 77 രൂപ എന്ന അനുപാതം വരെ എത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ആര്‍ബിഐ വിദേശവിനിമയ വിപണികളില്‍ നേരിട്ടുതന്നെ ഇടപെടുകയും രൂപയുടെ മൂല്യം 77.50 രൂപയില്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തത്.

പണപ്പെരുപ്പം ഒരു തുടര്‍പ്രക്രിയ എന്ന നിലയില്‍ ഇന്ത്യന്‍ ഭരണകൂടത്തെയും ഇന്ത്യന്‍ ജനതയെയും കുറേക്കാലത്തേക്കുകൂടി വേട്ടയാടിക്കൊണ്ടിരിക്കും. ആഭ്യന്തര മേഖലയിലെ സാമ്പത്തിക നയവെെകല്യങ്ങള്‍ക്കു പുറമെ, ആഗോളതലത്തില്‍ ഉരുത്തിരിയുന്ന വിലവര്‍ധനവും ഗൗരവതരമായി നിലനില്‍ക്കുകയും ചെയ്യും. ഇന്നത്തെ സാഹചര്യത്തില്‍ നാം തിരിച്ചറിയേണ്ടത്, ആഗോളവിപണിയിലെ വിലവര്‍ധന അതിന്റെ പൂര്‍ണമായ തോതില്‍ ആഭ്യന്തര വിപണിയെ ബാധിച്ചുകഴിഞ്ഞിട്ടില്ലെന്നാണ്. ഇത്തരമൊരു സമഗ്രമായ പ്രക്രിയ വ്യത്യസ്തമായ മൂന്ന് മാര്‍ഗങ്ങളിലൂടെയാണ്, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ മര്‍മ്മപ്രധാനമായ ഭക്ഷ്യവില വര്‍ധനവിനെ പ്രതികൂലമായി ബാധിക്കുക. ഒന്ന്, ഗോതമ്പിന്റെ തുടര്‍ച്ചയായ വിലവര്‍ധന. ഇതിന് തുടക്കമിട്ടത് മോഡി സര്‍ക്കാരിന്റെ ഭാവനാശൂന്യമായ ഗോതമ്പ് കയറ്റുമതി നയത്തിനെ തുടര്‍ന്നായിരുന്നു. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി ആഭ്യന്തര ഗോതമ്പ് ഉല്പാദനത്തിലും കുത്തനെയുള്ള തകര്‍ച്ചയാണുണ്ടായത്. ഇതേത്തുടര്‍ന്ന് ഭക്ഷ്യ‑ധാന്യ ശേഖരത്തില്‍ ഗോതമ്പിന്റെ സ്റ്റോക്ക് കുത്തനെ ഇടിയുകയാണുണ്ടായത്. സ്വാഭാവികമായും ഗോതമ്പിന്റെ സപ്ലെെ-ഡിമാന്‍ഡ് ബാലന്‍സ് അപ്പാടെ താളം തെറ്റുകയുമായിരുന്നു. കോവിഡ് കാലഘട്ടമടക്കമുള്ള രണ്ട് വര്‍ഷക്കാലത്തിനിടയില്‍ ഗോതമ്പ് വില കുത്തനെ ഉയര്‍ന്നതിലൂടെ ഇതിന്റെ ആഘാതം, ബദല്‍ ഭക്ഷ്യധാന്യമായ അരിയുടെ വിലക്കയറ്റത്തിനും ഇടയാക്കി. രണ്ട്, ഭക്ഷ്യ എണ്ണകളുടെ കാര്യമാണ്. ഈ വിഷയത്തില്‍ ആഭ്യന്തര ഉല്പാദന വീഴ്ചയ്ക്കുപുറമെ, മുഖ്യ ഇറക്കുമതി സ്രോതസായ ഇന്തോനേഷ്യ, ഭക്ഷ്യ എണ്ണയുടെ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതോടെ പ്രശ്നം കൂടുതല്‍ ഗുരുതരാവസ്ഥയിലായി. ഇന്ത്യയാണെങ്കില്‍ പെട്രോളിയം ഉല്പന്നങ്ങള്‍ കഴിഞ്ഞാല്‍, ഏറ്റവുമധികം ഇറക്കുമതിയെ ആശ്രയിക്കുന്നത് ഭക്ഷ്യ എണ്ണ ഇറക്കുമതിയെ ആണ്. സ്വാഭാവികമായും ഇറക്കുമതിയില്‍ ഇടിവുണ്ടായതോടെ ഭക്ഷ്യ എണ്ണ വില 2020 മാര്‍ച്ച് ആയതോടെ 19 ശതമാനത്തോളമാണ് കുതിച്ചുയര്‍ന്നത്.


ഇതുകൂടി വായിക്കാം; ജനജീവിതം ദുഃസഹമാക്കുന്ന വിലക്കയറ്റം


മൂന്ന്, ഭക്ഷ്യോല്പാദന മേഖലയ്ക്കായുള്ള ഇന്‍പുട്ടുകള്‍-ഉല്പാദനോപാധികള്‍ക്കുണ്ടായിരിക്കുന്ന വിലവര്‍ധന, അതായത് ഡീസല്‍, വളം, കാലിത്തീറ്റ തുടങ്ങിയവയ്ക്കും കടത്തു ഗതാഗതകൂലിക്കും ഉണ്ടായിരിക്കുന്ന ചെലവു വര്‍ധന, ഉല്പന്നങ്ങളുടെ വിലവര്‍ധനവിലേക്കും നയിക്കാതിരിക്കില്ലല്ലൊ. കാര്‍ഷിക മേഖലയിലെ ഉല്പാദന ചെലവില്‍ 15 ശതമാനം വര്‍ധനവാണ് 2022 മാര്‍ച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമീപകാലത്ത് പണപ്പെരുപ്പവുമായി ബന്ധപ്പെട്ട് കാണാന്‍ കഴിയുന്നൊരു പ്രത്യേകത പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും ആഘാതം കൂടുതലായും പ്രതിഫലിച്ചു കാണുന്നത് ഗ്രാമീണ മേഖല‍യിലാണ്. ഈ പ്രവണതയ്ക്കു പിന്നില്‍, പ്രാഥമിക ഊര്‍ജ ഉല്പാദന ഉപാധികളായ മണ്ണെണ്ണയുടെയും ഡീസലിന്റെയും അനിയന്ത്രിതമായ വിലക്കയറ്റമാണ് മുഖ്യ കാരണം. ഇതില്‍ മത്സ്യത്തൊഴിലാളികള്‍ സമീപകാലം വരെ സ്വന്തം ജീവനോപാധികള്‍ക്കായി ആശ്രയിച്ചിരുന്ന മണ്ണെണ്ണയുടെ വിലവര്‍ധന കേവലം രണ്ട് വര്‍ഷക്കാലത്തിനിടയില്‍ ലിറ്റര്‍ ഒന്നിന് 66 രൂപയായിരുന്നു. 2020 മേയ് മാസത്തിലെ വില 18 രൂപയായിരുന്നതാണ് 2022 മേയ് മാസമായതോടെ 84 രൂപയിലേക്ക് കുതിച്ചുയര്‍ന്നതെന്നോര്‍ക്കുക. സബ്സിഡി നിരക്കില്‍പ്പോലും ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് തമിഴ്‌നാട്ടില്‍ 13.60 രൂപ, മഹാരാഷ്ട്രയില്‍ 26.61 രൂപയും വില നിലവാരമുള്ളപ്പോള്‍ സബ്സിഡി നിരക്കിലുള്ള കേരളത്തില്‍ മണ്ണെണ്ണയുടെ ലഭ്യത പരിമിതമായതിനാല്‍, പൊതുവിതരണ ശൃംഖല വഴിയും റേഷന്‍ കടകള്‍ വഴിയും മണ്ണെണ്ണ വിതരണം പലപ്പോഴും നടക്കാറില്ലെന്നതാണ് വസ്തുത. കര്‍ഷകസമൂഹം ജലസേചന സൗകര്യങ്ങള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്ന ഡീസലിന്റെ വില മോഡി സര്‍ക്കാര്‍ പ്രതിദിനം പെട്രോളിനോടൊപ്പം ഉയര്‍ത്തുന്നത് ഒരു പതിവേര്‍പ്പാടാക്കിയതിനെത്തുടര്‍ന്ന് ഈ ഇന്ധനങ്ങള്‍ വഴിയുള്ള ഉല്പാദന ചെലവും താങ്ങാന്‍ കഴിയുന്നതിനപ്പുറമാണ്. ഇന്ധനവില സാര്‍വത്രിക സ്വഭാവം കെെക്കൊള്ളുമെന്നതിനാല്‍ വെെദ്യുതി നിരക്കുകളിലും വര്‍ധന അനിവാര്യമാവുകയും പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും കെടുതികള്‍ നഗരമേഖലയെയും ബാധിക്കാതിരിക്കില്ല. ഈ പ്രക്രിയ അല്പം സാവകാശത്തോടെയായിരിക്കുമെന്നു മാത്രം.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രശസ്ത ആഗോള നിക്ഷേപ ബാങ്കിങ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യയുടെ 2023 ലേക്കുള്ള ജിഡിപി വളര്‍ച്ചാ നിരക്ക് നേരത്തെ കണക്കാക്കിയ 7.9 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമാക്കി കുറച്ചിരിക്കുന്നത്. ആഗോളതലത്തില്‍ സാമ്പത്തികമേഖല നേരിടുന്ന തളര്‍ച്ചയെ തുടര്‍ന്നുണ്ടായ സംഭവവികാസവുമാണിത്. ആഗോള ചരക്കു വിപണികളില്‍ കുത്തനെ ഉണ്ടായ വിലക്കയറ്റവും ആഗോള മൂലധനവിപണികളില്‍ ഉടലെടുത്ത പ്രതിസന്ധികളും ഓഹരിവിപണികളെയാകെ തകര്‍ക്കുകയും നിക്ഷേപ മേഖല മൊത്തത്തില്‍ മരവിപ്പിലാക്കുകയും ചെയ്തിരിക്കുന്നു. ചില്ലറ വില സൂചിക(സിപിഐ)യെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമെടുത്താല്‍, വിവിധ വരുമാന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സമൂഹത്തിലെ മുഴുവന്‍ ജനങ്ങളെയും ഏറ്റക്കുറച്ചിലുകളിലൂടെയായാല്‍ത്തന്നെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് കാണാന്‍ കഴിയും. 2020ല്‍ പാന്‍ഡെമിക്കിന്റെ തുടക്കത്തില്‍ സമൂഹത്തിലെ ഉയര്‍ന്ന വരുമാന വിഭാഗത്തില്‍പ്പെടുന്ന 20 ശതമാനം പേരെ, താഴെത്തട്ടിലുള്ള 20 ശതമാനത്തെ അപേക്ഷിച്ച് കുറഞ്ഞ തോതില്‍ മാത്രമാണ് ബാധിച്ചിരുന്നത്. മുകള്‍ത്തട്ടിലുള്ളവരില്‍ വന്‍കിട കോര്‍പറേറ്റുകളും ഉയര്‍ന്ന വരുമാനക്കാരുമായിരുന്നെങ്കില്‍ താഴെത്തട്ടില്‍ ഉള്‍പ്പെട്ടിരുന്നത് ചെറുകിട കമ്പനികളും സംരംഭങ്ങളും ഇടത്തരം-താണ വരുമാന വിഭാഗക്കാരും, പട്ടിണിപ്പാവങ്ങളുമായിരുന്നു കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ വന്നുപ്പെട്ടതോടെ, പണപ്പെരുപ്പവും ചില്ലറ വിലവര്‍ധനവും സമൂഹത്തെയാകെ ഒരുപോലെ ഗുരുതരമായ നിലയില്‍ ബാധിക്കാനിടയാക്കി എന്നതാണ് അനുഭവം.


ഇതുകൂടി വായിക്കാം; വിലക്കയറ്റത്തില്‍ ജനജീവിതം പൊറുതിമുട്ടുന്നു


പണപ്പെരുപ്പത്തിന്റെ ഭാവി സാധ്യതകള്‍ സംബന്ധിച്ചു കൂടി നാം പരിഗണിക്കേണ്ടിവരും. ഇപ്പോള്‍, ശുഭാപ്തിവിശ്വാസികളായ ഒരു വിഭാഗം അക്കാദമിക് വിദഗ്ധന്മാര്‍ ആശ്വസിക്കുന്നത് ആഗോളതലത്തില്‍ ചരക്കുകള്‍ക്കുള്ള അഭൂതപൂര്‍വമായ വിലവര്‍ധന, മെല്ലെ അനുകൂല മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുമെന്നും സാമ്പത്തിക വികസനവും വളര്‍ച്ചാ നിരക്കും പുതിയ ഉയരങ്ങളിലെത്തുമെന്നുമാണ്. ഈ ശുഭാപ്തി വിശ്വാസം നല്ലതുതന്നെ. എന്നാല്‍ ഇതിനും ചില പരിമിതികള്‍ ഉണ്ട്. ഒന്ന് വന്‍കിട കോര്‍പറേറ്റുകളുടെ നിലപാടാണ്. അവ, തങ്ങള്‍ക്ക് ചരക്കുവിപണിക്കുമേല്‍ നിലവിലുള്ള നിയന്ത്രണവും ആധിപത്യവും ചൂഷണം ചെയ്ത് പരമാവധി സ്വത്തും വരുമാനവും കയ്യടക്കുന്നതില്‍ വിജയിച്ചിരിക്കുന്നു എന്ന് വലിയതോതില്‍ ആശ്വാസം കാണുന്നുണ്ട്. ഇവര്‍ ഒരിക്കലും പൊടുന്നനെ വില കുറയ്ക്കാന്‍ സന്നദ്ധമാകാനിടയില്ല. കോവിഡ് കാലഘട്ടത്തില്‍ പോലും മില്യനയര്‍മാരുടെ മാത്രമല്ല, ബില്യനയര്‍മാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് കാണുന്നു. പ്രശസ്ത ധനശാസ്ത്രജ്ഞനായ ഡോ. ജോണ്‍ മെയ്‌നാഡ് കെയ്ന്‍സ് അഭിപ്രായപ്പെട്ടതുപോലെ വിലകള്‍ ഒരിക്കല്‍ ഉയര്‍ന്നാല്‍ അവ താഴോട്ടു വരാന്‍ സാധ്യതകള്‍ വിരളമാകുന്ന ‘പ്രൈസസ് ആര്‍ സ്റ്റിക്കി’ എന്ന തത്വം ഇന്നും പ്രയോഗത്തില്‍ നിലനില്ക്കുന്നുണ്ട്. ഇതിനെല്ലാം ഉപരിയായി ചരക്കുകളുടെയും സേവനങ്ങളുടെയും വിലവര്‍ധന സമ്പദ്‌വ്യവസ്ഥയിലെ മുകള്‍ത്തട്ടുമുതല്‍ താഴേത്തട്ടുവരെ എന്തുകൊണ്ട് ബാധിക്കുന്നു എന്നുകൂടി നാം പരിശോധിക്കുന്നത് ഉചിതമായിരിക്കും.

മൂന്നു കാരണങ്ങളാണിതിനുള്ളത്. ഒന്ന്, ചരക്കുകളുടെയും സേവനങ്ങളുടെയും ഡിമാന്‍ഡില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ഉല്പാദന ചെലവ് വര്‍ധനവിന്റെ കൂടുതല്‍ ഭാരം ക്രമേണ ഉപഭോക്താക്കളിലേക്ക് ഉല്പാദകര്‍ അടിച്ചേല്പിക്കുന്നു. ഇതേത്തുടര്‍ന്ന് ഉപഭോക്താക്കളുടെ ക്രയശേഷിയും സമ്പാദിക്കാനുള്ള കഴിവും നിക്ഷേപവും ഇടിയുകയും വളര്‍ച്ചാസാധ്യതകളെ പിന്നോട്ടടിപ്പിക്കുകയും ചെയ്യുന്നു. രണ്ട്, വൈദ്യുതി നിരക്കുകളും ഇതിനോടൊപ്പം ഉയര്‍ത്തുകയാണെങ്കില്‍ നഗരമേഖലാ ജനതയേയും സമാനമായ വിധത്തില്‍ ബാധിക്കുകയും അവിടേയും സാമ്പത്തിക വളര്‍ച്ചാസാധ്യതകള്‍ക്ക് മങ്ങലേല്ക്കുകയും ചെയ്യും. മൂന്ന്, നാം നേരത്തെ പരിശോധിച്ചതുപോലെ അനൗപചാരിക, ഗ്രാമീണ – കാര്‍ഷിക മേഖലാ ഡിമാന്‍ഡില്‍ ഇടിവുണ്ടായാല്‍ ഔപചാരിക മേഖലയിലെ ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഡിമാന്‍ഡിലും തുടര്‍ച്ചയായ ആഘാതം അനിവാര്യമായും ഉണ്ടാകും. കാരണം, സമ്പദ്‌വ്യവസ്ഥയെ ഒന്നായി കാണുന്നതാണല്ലോ കരണീയമായിരിക്കുക. വിശകലനത്തിന്റെയും പഠനത്തിന്റെയും സൗകര്യം കണക്കിലെടുത്ത് സമ്പദ്‌വ്യവസ്ഥയെ പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളെന്ന നിലയില്‍ വേര്‍തിരിക്കുക പതിവാണെങ്കിലും ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും അന്തിമ വിശകലനത്തിന് വിധേയമാക്കുക, അതിന്റെ സമഗ്രതയിലായിരിക്കും. ഇത്തരമൊരു കാഴ്ചപ്പാടിലൂടെ വിലയിരുത്തുമ്പോള്‍ നമുക്കെത്തിച്ചേരാന്‍ കഴിയുക, പണപ്പെരുപ്പം കൂറേ നാളത്തേക്കുകൂടി നമ്മോടൊപ്പം തന്നെയുണ്ടാകുമെന്നുതന്നെയാണ്; ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

Exit mobile version