Site icon Janayugom Online

പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തത് വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് ഐഎന്‍എല്‍

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ വൃത്തികെട്ട ഏതടവും പയറ്റാന്‍ ഹിന്ദുത്വശക്തികള്‍ അണിയറയില്‍ നീക്കങ്ങളിലേര്‍പ്പെട്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി എന്‍ഡിഎ പാര്‍ലമെന്റംഗങ്ങള്‍ക്ക് ഒരുക്കിയ വിരുന്നില്‍ ആര്‍എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്തത് വ്യക്തമായ രാഷ്ട്രീയ അജണ്ടയോടെയാണെന്നും യുഡിഎഫിന്റെ ഹിന്ദുത്വവത്കരണമാണ് അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും ഐഎൻഎൽ സംസ്​ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

മതേതര പക്ഷത്ത് ഉറച്ചുനിന്ന് സംഘ് രാഷ്ട്രീയത്തെ ശക്തമായി എതിർക്കാറുള്ള പ്രേമചന്ദ്രന്റെ ഇപ്പോഴത്തെ മലക്കം മറിച്ചിൽ ആകസ്​മികമല്ല എന്നാണ് മനസ്സിലാക്കേണ്ടത്. യുഡിഎഫ്– ബിജെപി അവിഹിത കൂട്ടുകെട്ടിനുള്ള അരങ്ങ് ഒരുക്കാൻ പ്രേമചന്ദ്രനെ ബിജെപി നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ടാവാം. ബിജെപി സംഘ്പരിവാർ സംഘടനയല്ല എന്ന പ്രേമചന്ദ്ര​ന്റെ ഗുഡ്സർട്ടിഫിക്കറ്റ് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. പക്ഷേ സംഘ്പരിവാറിനെ കുറിച്ച് കൃത്യമായ ധാരണയുള്ള കേരളീയ സമൂഹം പ്രേമചന്ദ്രന്റെ വാക്കുകൾ പുച്ഛിച്ചുതള്ളുകയേയുള്ളൂ.

ആർഎസ്​എസ്​ പ്രചാരക് നരേന്ദ്രമോഡി രാജ്യം ഭരിക്കുകയും ഹിന്ദുത്വാധീശത്വം നാട്ടിൽ നടപ്പാക്കി മതേതര ജനാധിപത്യ സംവിധാനത്തെ തകർത്തെറിയുകയും ചെയ്യുമ്പോളാണ് ബിജെപിയുടെ പ്രതിച്ഛായ നന്നാക്കാൻ പ്രേമചന്ദ്രൻ വിഡ്ഡിത്തം വിളമ്പുന്നത്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് ബാനറിൽ ഇദ്ദേഹം ബിജെപി സ്​ഥാനാർഥിയായി മൽസരിച്ചാൽ പോലും അദ്ഭുതപ്പെടാനില്ല.

പ്രേമചന്ദ്രൻ എൻഡിഎ വിരുന്നിൽ പങ്കെടുത്തതിൽ തെറ്റ് കാണാത്ത കോൺഗ്രസ്​ നേതാവ് കെ മുരളീധരെൻറ രാഷ്ട്രീയ വായന വടകരയിലും ബേപ്പൂരിലും മുമ്പ് പരീക്ഷിച്ച കോലിബീ സഖ്യത്തിന്റെ ഓർമകൾ അയവിറക്കിയപ്പോഴുള്ള കോരിത്തരിപ്പ് കൊണ്ടാവാനേ തരമുള്ളുവെന്ന് കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

Eng­lish Summary:
INL said that Prema­chan­dran’s par­tic­i­pa­tion in the ban­quet pre­pared by the Prime Min­is­ter was part of a clear polit­i­cal agenda

You may also like this video:

Exit mobile version