Site iconSite icon Janayugom Online

അഭ്യാസമാകരുത് യോഗാഭ്യാസം

മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പൗരാണികകാലം മുതൽ ഇന്ത്യ പരിപാലിച്ച് പരീക്ഷിച്ചുവരുന്ന ഒന്നാണ് യോഗാഭ്യാസം. യോഗയും സംഗീതവും നൽകുന്ന മാനസികോല്ലാസം ഇന്നുപക്ഷെ രാഷ്ട്രീവേദികളിലെയും മുഖ്യചർച്ചാവിഷയമാണ്. സർവതും ആചാരങ്ങളിലേക്ക് ചുരുക്കിക്കൊണ്ടുപോകുന്ന സംഘ്പരിവാർ രാഷ്ട്രീയം യോഗയിലെക്കും കൈവച്ചതോടെയാണിത്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പതഞ്ജലി മഹർഷി, സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്ത്രീയ ആരോഗ്യപരിശീലന മാർഗമായി ലോകത്തിനുമുന്നിൽ അവതരിപ്പിച്ച യോഗാഭ്യാസം കലുഷിതമായ മനസിനെ ശാന്തമാക്കി, ശാരീരിക ക്ഷേമവും ഉറപ്പുവരുത്തി. ‘ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്യാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കും. ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തും. ഇങ്ങനെ ലഭിക്കുന്ന പ്രാണവായു, രക്തത്തിലൂടെ തലച്ചോറിലെത്തും. അതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകും, വികാരനിയന്ത്രണവും സാധ്യമാകും’. യോഗയുടെ സുപ്രധാനഗുണമാണ് ഈ വിവരിച്ചത്.

പതഞ്ജലിയെപ്പോലെ പൂര്‍വികരായ ഋഷിമാരില്‍ നിന്ന് പുതിയ കാലത്തെ പതഞ്ജലിയെപ്പോലെ കച്ചവട സന്ന്യാസിമാരിലേക്ക് കാര്യങ്ങളെത്തിയതോടെ ഉന്നതമായ ചിന്തകള്‍ കാവിത്തുണികൊണ്ട് പുതച്ചുമൂടപ്പെട്ടു. യോഗയെ വര്‍ഗീയവല്ക്കരിച്ചു. ക്രൈസ്തവ വിശ്വാസവുമായി യോഗ യയോജിച്ചുപോകില്ലെന്ന് വിവരിക്കുന്ന സീറോ മലബാര്‍ സഭ നിയോഗിച്ച കമ്മിഷന്റെ പഠനറിപ്പോര്‍ട്ട് ഇതോട് ചേര്‍ത്തുവായിക്കണം. യോഗയുടെ മറവില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ഹിന്ദുത്വ അജണ്ടയും വര്‍ഗീയ രാഷ്ട്രീയവും പ്രചരിപ്പിക്കുന്നു എന്നാണ് സീറോ മലബാര്‍ സഭയുടെ ഡോക്ടൈനല്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്.

ദൈവം, പ്രാര്‍ത്ഥന, ധാര്‍മ്മികത, രക്ഷ, പാപം തുടങ്ങിയവയിലെല്ലാം യോഗയും ക്രൈസ്തവ വിശ്വാസവും വ്യത്യസ്തമായ വസ്തുതകളാണ് പഠിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്. യോഗയെ ആത്മീയ മാര്‍ഗമായി അംഗീകരിക്കാനാവില്ല. യോഗ ദൈവത്തിലേക്ക് ആരെയും അടുപ്പിക്കുന്നില്ല, വിശ്വാസിയുടെ ഇടര്‍ച്ചയ്ക്കാണ് അത് കാരണമാകുക എന്നാണ് സഭാ കമ്മിഷന്റെ റിപ്പോര്‍ട്ട്. യോഗ ചെയ്യാത്തതുകൊണ്ട് അയോഗ്യരോ, ചെയ്യുന്നതുകൊണ്ട് യോഗ്യരോ ആകുന്നില്ലെന്നും കമ്മിഷന്‍ ചെയര്‍മാനായ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറയുന്നത്.

സീറോ മലബാര്‍ സഭയടക്കം ഇതരമതവിഭാഗങ്ങളെക്കൊണ്ട് യോഗയെ ഹൈന്ദവ ആചാരമായി പ്രചരിപ്പിക്കുക എന്ന സംഘ്പരിവാര്‍ രാഷ്ട്രയദൗത്യമാണ് ഇങ്ങനെ ലക്ഷ്യം കാണുന്നത്. യോഗ ദൈവത്തിലേക്കടുപ്പിക്കുന്ന പ്രാര്‍ത്ഥനോപാധിയാണെന്ന് ആര്‍എസ്എസും സംഘ്പരിവാറും മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയും ആവര്‍ത്തിക്കുന്നത് കൃത്യമായ രാഷ്ട്രീയ അജണ്ട മുന്നില്‍വച്ചുതന്നെയാണ്. യോഗയെ ശാരീരിക വ്യായാമമായി പറയുവാന്‍ ഇവര്‍ പിശുക്കുകാണിക്കുന്നു. നരേന്ദ്രമോഡിയെയും ബാബ രാംദേവിനെ പോലുള്ള സന്ന്യാസിമാരെയും മോഡലാക്കിയുള്ള യോഗയുടെ പുതിയ കച്ചവടവും ആര്‍എസ്എസ് രാഷ്ട്രീയമാണ്.

 

 

ഏതൊരു സന്ന്യാസിയും യോഗയെ ഹിന്ദുമതത്തോടു ചേര്‍ത്താണ് സംവദിക്കുവാന്‍ മുതിരുക. ഇന്ന് വര്‍ഗീയ അജണ്ട ഉള്ളിലൊളിപ്പിച്ച യോഗയെക്കുറിച്ച് ഊറ്റംക്കൊള്ളുന്ന നരേന്ദ്ര മോഡിയടക്കം ഹിന്ദുത്വവാദികളെല്ലാം പിറവികൊള്ളുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് യോഗ ലോകത്തിനുമുന്നില്‍ ആരോഗ്യക്ഷേമത്തിനായി അവതരിപ്പിക്കപ്പെടുന്നതും വിജയിച്ചതും. പതഞ്ജലിയുടെ യോഗാശാസ്ത്രത്തെ ലോകത്തിലെ ആദ്യത്തെ ഇന്തോളജിസ്റ്റായ അല്‍ ബറുണി അറബിയിലേക്ക് തര്‍ജ്ജമ ചെയ്തതോടെ സൂഫികളുടെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും സാമൂഹിക ജീവിതത്തിന്റെ ഭാഗമായും യോഗാഭ്യാസം മാറി. മഹാനായ സ്വാമി വിവേകാനന്ദനും യോഗയെ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിച്ചതും പ്രചരിപ്പിച്ചതും ശാരീരിക, മാനസിക ഉന്മേഷോപാധിയായാണ്. പാശ്ചാത്യനൃത്താചാര്യനായ ഉദയശങ്കറിന്റെ കോറിയോഗ്രാഫികളും യോഗയുടെ ലോകപ്രസക്തി വര്‍ധിപ്പിച്ചത് പതിറ്റാണ്ടുകള്‍ക്കും മുമ്പേയാണ്.

എന്നാല്‍ യോഗയെ ലോകത്തിന്റെ ഭാഗമാക്കിമാറ്റിയത് താനാണെന്ന് സ്വയംപ്രചരിപ്പിച്ച് ആനന്ദംകൊള്ളുകയാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ലോഗം അംഗീകരിച്ചിട്ടും ലോകയോഗാദിനം എന്ന നിര്‍ദ്ദേശത്തെ ഐക്യരാഷ്ട്രസഭ അംഗീകരിച്ച് ആഘോഷിക്കാന്‍ തുടങ്ങിയത് ഏറെ വൈകിയെന്നതാണ് മോഡിയെയും സംഘ്പരിവാറിനെയും മുതലെടുപ്പുകള്‍ക്ക് പ്രേരിപ്പിച്ചത്. 2015 മുതലാണ് ലോകത്ത് യോഗാദിനം ആചരിക്കാന്‍ ആരംഭിച്ചത്. അന്ന് ഒരു വര്‍ഷം മാത്രം പ്രായമുള്ള നരേന്ദ്രമോഡി സര്‍ക്കാരിന് ലോകത്തെ യോഗാഭ്യാസം പഠിപ്പിക്കേണ്ടിവന്നില്ല, സര്‍വദേശീയമായ ഒരു സമ്പ്രദായമാണ് യോഗ എന്ന വസ്തുത വൈകിയാണെങ്കിലും അംഗീകരിച്ച ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 171 രാജ്യങ്ങള്‍ യോഗാദിനം ആഘോഷിക്കുകയായിരുന്നു. ഓരോ രാജ്യങ്ങളും തങ്ങളുടെ ജനതയുടെ മാനസികവും ശാരീരികവുമായ മികവിനും ആത്മശുദ്ധിക്കുംവേണ്ടി യോഗയെ നിത്യവും പ്രയോഗിക്കുന്നവരാണെന്നാണ് വിവിദങ്ങളുടെ പശ്ചാത്തലത്തില്‍ വന്ന പഠനങ്ങള്‍ തെളിയിച്ചത്. പുരാതന ഗ്രീസിലും റോമിലും ഉള്‍പ്പെടെ ഇത്തരം സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു എന്ന കാര്യം ഇന്ന് സംഘ്പരിവാര്‍ രാഷ്ട്രീയ അജണ്ടയ്ക്ക് വെള്ളവും വളവും നല്‍കുന്ന മത കമ്മിഷനുകളും മനസിലാക്കണം.

 

 

യോഗയുടെ കാര്യത്തില്‍ അയ്യായിരത്തിലേറെ വര്‍ഷം പാരമ്പര്യമുള്ള ഇന്ത്യയില്‍ പക്ഷെ ഇന്ന് യോഗാദിനം വെറും ഫോട്ടോപ്പയറ്റുമാത്രമായി. അക്കാര്യത്തില്‍ പ്രധാനമന്ത്രിയും സംഘ്പരിവാരങ്ങളും മത്സരിക്കുകയും ചെയ്യുന്നു. മോഡിയുടെ യോഗാഷോ ലൈവിലെത്തിക്കുന്നതില്‍ സംഘ്പരിവാര്‍ മാധ്യമങ്ങളും തിരക്കുകൂട്ടുന്നു. ഇവിടെ ഇവരെല്ലാം ലക്ഷ്യമിടുന്നത്, യോഗാശാസ്ത്രരീതികളെ ഏതെങ്കിലും ഒരു മതത്തിന്റെ വേലിക്കെട്ടില്‍ തളച്ചിടാനാണ്.

ദുരാചാരങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മനസിനെ പാകപ്പെടുത്തുന്നതിനും ശാന്തമാക്കുന്നതിനും യോഗാഭ്യാസം നല്‍കുന്ന സംഭാവന ചെറുതൊന്നുമല്ല. അക്കാരങ്ങളാല്‍ തന്നെയാവും ഇന്ന് വായനയെയും എഴുത്തിനെയും ഭയക്കുന്ന സംഘ്പരിവാര്‍ക്കൂട്ടം യോഗയെയും മതത്തിന്റെ പക്ഷം ചേര്‍ക്കാന്‍ തിടുക്കപ്പെടുന്നത്. യോഗ ഹിന്ദുമത ആചാരമായിക്കൊണ്ടുവരുന്നതിന് ശ്രമം തുടരുന്നതും.

മനുഷ്യസ്നേഹമെന്ന ആശയപാന്ഥാവിലേക്ക് യോഗയെ വളര്‍ത്തിക്കൊണ്ടുവരുന്നതിനാണ് സമൂഹം പരിശ്രമിക്കേണ്ടതെന്ന് യോഗസംഹിതകളും പണ്ഡിതരും പഠിപ്പിക്കുന്നുണ്ടെങ്കിലും ആ വഴിക്ക് നമ്മുടെ ചിന്തകള്‍ തിരിയുന്നില്ല. യോഗയെ എതിക്കുക എന്നത് സംഘ്പരിവാറിനെ എതിര്‍ക്കുക എന്ന അവരുടെ തന്നെ ലക്ഷ്യത്തിലേക്കാണ് പലരും അടുക്കുന്നത്. സംഘ്പരിവാറിന്റെ ആസൂത്രിത അജണ്ടയും ഈ എതിര്‍പ്പുതന്നെയാണ്. അരാജകത്വരഹിതമായ സാമൂഹ്യസൃഷ്ടിയാണ് അക്ഷരാര്‍ത്ഥത്തില്‍ യോഗയുടെ രാഷ്ട്രീയം. ആ ശാരീരിക‑മനഃശാസ്ത സമീപനത്തെ വ്യാപിപ്പിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

 

Eng­lish Sum­ma­ry: Inter­na­tion­al Yoga Day cel­e­bra­tions in india

Exit mobile version