സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം മണിയൻ എന്ന പൊലീസുദ്യോഗസ്ഥൻ പലപ്പോഴും വേട്ടക്കാരനായിട്ടുണ്ട്. എന്നാൽ ഇതേ മണിയൻ ചെയ്യാത്ത കുറ്റത്തിന് പിന്നീട് വേട്ടയാടപ്പെടുന്നു. അധികാരക്കുരുക്കിൽ വേട്ടക്കാരനാവുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ കഥയായിരുന്നു നായാട്ട്. ഷാഹി കബീറിന്റെ തിരക്കഥയിൽ മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ നായാട്ട് സമീപകാലത്തെ ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ ഒന്നായിരുന്നു. മണിയനായി എത്തിയ ജോജു ജോർജിന്റെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ കരുത്ത്. ഭരത് ചന്ദ്രനെപ്പോലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അലർച്ചകൾ കണ്ടു ശീലിച്ച പ്രേക്ഷകർക്ക് ഇരയുടെ ദയനീയ ഭാവം നിറഞ്ഞ മണിയൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ വേറിട്ട അനുഭവമായി മാറി. മതം, ജാതി, ദേശം തുടങ്ങി നിരവധി സങ്കീർണ്ണതകളാൽ കെട്ടിപിണഞ്ഞു കിടക്കുന്ന സമകാലിക ഇന്ത്യൻ സാമൂഹിക‑രാഷ്ട്രീയ വ്യവസ്ഥയുടെ ഇരയായിരുന്നു, മകളെ കലാപ്രതിഭയാക്കണമെന്ന് അതിയായി ആഗ്രഹിച്ച മണിയനും.
2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ബിജു മേനോനൊപ്പം മികച്ച നടനുള്ള പുരസ്ക്കാരം ജോജു ജോർജ് പങ്കിട്ടത് നായാട്ടിലെ പ്രകടനത്തിന്റെ കരുത്തിൽ കൂടിയായിരുന്നു. വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമിക പ്രതിസന്ധികളും ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിനാണ് പുരസ്ക്കാരമെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ.
ജോജു ജോർജ് ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്നത് ലാൽ ജോസിന്റെ പട്ടാളത്തിലായിരുന്നു. ഈ സിനിമയിലേക്ക് അവസരം ലഭിച്ചതാവട്ടെ ബിജു മേനോന്റെ ശുപാർശയിലും. അന്നു മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളായി. ജീവിത പ്രതിസന്ധികൾ അലട്ടിയപ്പോഴെല്ലാം ബിജു മേനോന്റെ സഹായം ജോജുവിനെ തേടിയെത്തി. സംസ്ഥാന പുരസ്ക്കാരം ഇരുവർക്കും ഒരുമിച്ച് ലഭിച്ചു എന്നത് ജീവിതത്തിലെ മറ്റൊരു ആകസ്മികതയായി.
കാലിക പ്രസക്തമായ അഞ്ചു ചെറു ചിത്രങ്ങൾ ചേർന്ന ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിലെ ഓൾഡ് ഏജ് ഹോം എന്ന ചിത്രത്തിൽ ഓർമ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കഥാപാത്രമാണ് ജോജു ജോർജിന്റേത്. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ഇത്തിരി മധുരം കഴിക്കാൻ പോലും വീട്ടുകാരോട് കെഞ്ചേണ്ടിവരുന്ന അവസ്ഥ അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. ഷാജിയുടെയും ഭാര്യ ലാലിയുടെയും ജോലിക്കാരിയായ ധന യുടെയും ജീവിതമാണ് ചിത്രം പറയുന്നത്. നായാട്ടിൽ നിന്ന് വ്യത്യസ്തമായി നിസ്സഹായനായ മനുഷ്യന്റെ മറ്റൊരു ഭാവമാണ് അതീവ ചാരുതയോടെ ജോജു ഈ ചിത്രത്തിൽ ആവിഷ്ക്കരിക്കുന്നത്.
അവാർഡിനായി പരിഗണിക്കപ്പെട്ട അഹമ്മദ് കബീർ സംവിധാനം ചെയ്ത മധുരം എന്ന സിനിമയിലെത്തുമ്പോൾ ജോജുവിന്റെ മറ്റൊരു മുഖം കാണാം. വേദനകൾ പേറുമ്പോഴും പുഞ്ചിരിച്ചുകൊണ്ട് മാത്രം ഇടപെടുന്ന ഒരു മനുഷ്യൻ. ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കിടയിൽ മധുരവുമായാണ് ജോജു ജോർജ് അവതരിപ്പിക്കുന്ന സാബു എത്തുന്നത്. ആശുപത്രിയിലെ അയാളുടെ ജീവിതവും അയാളുടെ പ്രണയവും വിവാഹ ജീവിതവുമെല്ലാം സാബുവിന്റെ ഭാവങ്ങളിലൂടെ അതീവ മധുരതരമാകുന്നുണ്ട്. സാബുവും ഭാര്യ ചിത്രയും തമ്മിലുള്ള പ്രണയ രംഗങ്ങളെല്ലാം അതീവ മനോഹരവും മധുരം പകരുന്നതുമാണ്. ഇത്രയും മനോഹരമായ പ്രണയ രംഗങ്ങൾ അടുത്തൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രേക്ഷകർ ചിന്തിക്കുന്നിടത്ത് ജോജുവിന്റെ കഥാപാത്രം വിജയിക്കുന്നു. അത്രയൊന്നും പുതുമയില്ലാത്ത കഥയെ ഏറെ ആസ്വാദകരമാക്കുന്നതിൽ ജോജുവിന്റെ പ്രകടനവും വലിയ പങ്കുവഹിക്കുന്നുണ്ട്. അതിസ്വാഭാവികമായിരുന്നു സാബുവായുള്ള ജോജുവിന്റെ പകർന്നാട്ടം. ഈ പ്രകടനങ്ങൾ തന്നെയാണ് ജോജുവിനെ മികച്ച നടനായി മാറ്റുന്നതും.
2015 ലും 2018 ലും സംസ്ഥാന അവാർഡ് പട്ടികയിൽ ജോജുവെത്തിയിരുന്നു. ഒരു സെക്കന്റ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2015 ൽ പ്രത്യേക പരാമർശം നേടിയ ജോജുവിനെ തേടി ചോല, ജോസഫ് എന്നീ ചിത്രങ്ങളുടെ പ്രകടനത്തിന് മൂന്നു വർഷങ്ങൾക്കു ശേഷം സ്വഭാവ നടനുള്ള പുരസ്ക്കാരവും എത്തി. ഈ നേട്ടങ്ങളെല്ലാം വളരെയെളുപ്പം നേടിയെടുത്തതല്ല ജോജു ജോർജ്. വർഷങ്ങൾക്ക് മുമ്പ് ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലെത്തിയ ജോജു സ്വതസിദ്ധമായ അഭിനയ മികവിലൂടെ പതിയെ സിനിമാ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഓരോ സിനിമ കഴിയുന്തോറും അയാളിലെ അഭിനേതാവ് വളർന്നുകൊണ്ടിരിക്കുകയായിരുന്നു. ‘ജീവിതം കൊടുത്ത് നേടിയെടുത്താണ് സിനിമ’ എന്ന് ഒരു അഭിമുഖത്തിൽ ജോജു തന്നെ വ്യക്തമാക്കുന്നുമുണ്ട്.
വെല്ലുവിളികളുടെയും കാത്തിരിപ്പിന്റെയുമാണ് ജോജുവിന്റെ സിനിമാ ജീവിതം. മറ്റാരാണെങ്കിലും എന്നോ ഉപേക്ഷിച്ചു പോകുമായിരുന്ന ഒന്ന്. എന്നാൽ ഒരു ദിവസം തനിക്കുമുണ്ടാവുമെന്ന അയാളുടെ ആത്മവിശ്വാസമാണ് 1995 ലെ മഴവിൽ കൂടാരം എന്ന ചിത്രത്തിലെ ജൂനിയർ ആർട്ടിസ്റ്റിനെ ജോസഫിലേക്കും നായാട്ടിലേക്കുമെല്ലാം എത്തിക്കുന്നത്. ചെറു വേഷങ്ങളിൽ, സംഭാഷണം പോലുമില്ലാത്ത കുഞ്ഞു ദൃശ്യങ്ങളിൽ എത്രയോ തവണ ജോജു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല സിനിമകളിലും കണ്ടു പിടിക്കാൻ പോലും പ്രയാസം. ഒരു ചാനൽ അഭിമുഖത്തിൽ അവതാരിക ചോദിക്കുന്നുണ്ട് ‘പതിനാറ് വർഷത്തോളം ജൂനിയർ ആർട്ടിസ്റ്റായി കഴിഞ്ഞു. എത്രയോ പേരോട് ചാൻസ് ചോദിച്ചു. ഇത്രയും വർഷം ഇങ്ങനെ നിൽക്കാനുള്ള ആത്മവിശ്വാസം എങ്ങിനെ ലഭിച്ചു’. രസകരമായിരുന്നു ഈ ചോദ്യത്തിനുള്ള ജോജുവിന്റെ മറുപടി. ‘നമുക്ക് ഇഷ്ടമുള്ള പെൺകുട്ടിയോട് ഭയങ്കരമായിട്ട് പ്രേമം തോന്നിയാൽ നമുക്ക് ഒരു കരാർ വയ്ക്കാൻ പറ്റുമോ, ഒരു വർഷത്തിനുള്ളിൽ അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ നീയെന്നെ തിരിച്ച് പ്രേമിക്കണമെന്ന്’- സിനിമയോടുള്ള തീവ്ര പ്രണയവും അതിനു വേണ്ടിയുള്ള കാത്തിരിപ്പും ഈ മറുപടിയിലൂടെ അതീവ രസകരമായി ജോജു പങ്കുവെച്ചു.
ചാൻസ് തേടിയുള്ള യാത്രകൾ, അവഗണന, കാത്തിരിപ്പ്, ഇടയ്ക്കെങ്കിലും ഒരു കൊച്ചുവേഷം, വല്ലപ്പോഴും ഒരു ചെറിയ ഡയലോഗ്… ഇതെല്ലാം മാത്രമാണ് ലഭിച്ചിരുന്നതെങ്കിലും അയാൾ പിടിച്ചു നിൽക്കുകയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം സെറ്റിൽ പായ വിരിച്ച് കിടന്ന നാളുകളിലും അയാൾക്ക് ഉറപ്പുണ്ടായിരുന്നു തന്റെ ദിവസം വരുമെന്ന്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഹോട്ടൽ മാനേജ്മെന്റ് പഠിച്ച് ആറു മാസത്തെ ട്രെയിനിംഗിന് ഗോവയിലേക്കുള്ള ട്രെയിൻ കാത്തു നിന്ന ജോജുവിന് മുന്നിൽ ആദ്യമെത്തിയത് ചെന്നൈയിലേക്കുള്ള ട്രെയിൻ. മറ്റൊന്നും ആലോചിക്കാതെ സിനിമയുടെ ലോകമെന്ന് വിളിക്കപ്പെട്ട ചെന്നൈയിലേക്ക് ട്രെയിൻ കയറി. തമിഴ് സെറ്റുകളിൽ ചാൻസ് ചോദിച്ച് കറങ്ങി നടന്ന് ഒന്നും നേടാതെ അയാൾ പിന്നീട് മടങ്ങിയെത്തി.
സിദ്ധിഖ് ഷമീർ സംവിധാനം ചെയ്ത മഴവിൽ കൂടാരം എന്ന സിനിമയിലാണ് ജൂനിയർ ആർട്ടിസ്റ്റായി ജോജു ആദ്യമായി വേഷമിടുന്നത്. പിന്നീട് സംവിധായകൻ വിനയനുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമാക്കി. വിനയന്റെ ദാദാ സാഹിബിലായിരുന്നു ആദ്യമായി ഒരു ഡയലോഗ് പറയാൻ അവസരം ലഭിച്ചത്. ഫ്രണ്ട്സ്, ഇൻഡിപെൻഡൻസ്, രാക്ഷസരാജാവ്, രാവണപ്രഭു, പ്രജ, പട്ടാളം, വാർ ആന്റ് ലവ്, മനസ്സിനക്കരെ, വജ്രം, ഫ്രീഡം, ബ്ലാക്ക്, ഫിംഗർ പ്രിന്റ്, ചാന്തുപൊട്ട്, വാസ്തവം, ഡിറ്റക്ടീവ്, നാദിയ കൊല്ലപ്പെട്ട രാത്രി, റോക്ക് ആന്റ് റോൾ, മുല്ല, അണ്ണൻ തമ്പി, തിരക്കഥ, കോക്ക് ടെയിൽ, ട്വന്റി 20, ബെസ്റ്റ് ആക്ടർ, ഡബിൾസ്, സെവൻസ്, ഇന്ത്യൻ റുപ്പി, ബ്യൂട്ടിഫുൾ, ഓർഡിനറി, മായാമോഹിനി, മല്ലുസിംഗ്, തട്ടത്തിൻ മറയത്ത്, റൺ ബേബി റൺ, ട്രിവാൻഡ്രം ലോഡ്ജ്, ജവാൻ ഓഫ് വെള്ളിമല, കമ്മത്ത് ആന്റ് കമ്മത്ത്, ഡേവിഡ് ആന്റ് ഗോലിയാത്ത്, കിളിപോയി, നത്തോലി ഒരു ചെറിയ മീനല്ല, സൗണ്ട് തോമ, ഹോട്ടൽ കാലിഫോർണിയ, നേരം, വിശുദ്ധൻ, വേഗം, മംഗ്ലീഷ്, കസിൻസ്, മിലി തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ജോജുവിനെ ശ്രദ്ധേയനാക്കിയത് പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ ചക്ക സുകു, രാജാധിരാജയിലെ അയ്യപ്പൻ, ഒരു സെക്കന്റ് ക്ലാസ് യാത്രയിലെ ജോളി കുര്യൻ, ലോഹത്തിലെ പല്ലൻ ഡേവിസ്, ആക്ഷൻ ഹീറോ ബിജുവിലെ മിനി മോൻ, രാമന്റെ ഏദൻ തോട്ടത്തിലെ എൽവിസ്, ഉദാഹരണം സുജാതയിലെ ഹെഡ് മാസ്റ്റർ, കളിയിലെ സി ഐ തിലകൻ, ജൂണിലെ ജോയ്, വൈറസിലെ ബാബു, എന്നിവയായിരുന്നു. ലുക്ക ചുപ്പി എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇതിലെ റഫീഖ് എന്ന കഥാപാത്രത്തെ അതിഗംഭീരമായി ജോജു അവതരിപ്പിച്ചു.
2013 ൽ ലാൽ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും എന്ന സിനിമയിലെ ചക്ക സുകുവായിരുന്നു ജോജുവിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ്. പിന്നീട് പ്രതിസന്ധികൾ പിടിമുറുക്കിയതോടെ സിനിമാ സ്വപ്നം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ മമ്മൂട്ടി നായകനായ രാജാധിരാജ എന്ന ചിത്രം പുതു ജീവൻ നൽകി. ഈ ചിത്രത്തിലെ അയ്യപ്പൻ എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത ജോജുവിനെ വളർത്തുകയായിരുന്നു. തമാശ റോളുകളും വില്ലൻ വേഷങ്ങളും പരുക്കൻ കഥാപാത്രങ്ങളുമെല്ലാം ജോജുവിൽ ഭദ്രമായി. ഒരു സിനിമയിൽ കണ്ട ജോജുവിനെയല്ല അടുത്ത സിനിമയിൽ കണ്ടത്. ജോസഫായും കാട്ടാളൻ പൊറിഞ്ചുവായും മണിയനായും അയാൾ വ്യത്യസ്ത വേഷങ്ങൾ പകർന്നാടി. എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലെ ജോസഫ് ആണ് നടനെന്ന നിലയിൽ ജോജുവിന്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ ശ്രദ്ധേയ കഥാപാത്രം. കാമുകനായും സ്നേഹസമ്പന്നനായ ഭർത്താവായും നിരാശയിൽ മദ്യലഹരിയിൽ ജീവിതം മുന്നോട്ട് നീക്കുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥനായുമെല്ലാം ജോജു അസാധ്യ പ്രകടനം തന്നെ ചിത്രത്തിൽ കാഴ്ച വെച്ചു. ജോസഫിന്റെ വ്യത്യസ്ത കാലങ്ങളിലേക്ക്.. ഭാവങ്ങളിലേക്ക് ജോജു അത്രയേറെ അനായാസമായിട്ടായിരുന്നു ഈ നടൻ കയറിയിറങ്ങിയത്. ജീവിതത്തിലെ മടുപ്പുകളും വേദനകളും നിരാശയും അന്വേഷണത്തിന്റെ പാതയിലെ ജാഗ്രതയുമെല്ലാം ഈ നടൻ അസാധാരണമായ മികവോടെ അവതരിപ്പിച്ചു. അടുത്ത വർഷം ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തിന്റെ മാസ് പ്രകടനം തിയേറ്ററുകളിൽ കൈയ്യടി നേടി. സനൽ കുമാർ ശശിധരന്റെ ചോലയിൽ ആൺ അധികാരത്തിന്റെ ക്രൗര ഭാവങ്ങളുമായി ജോജുവിന്റെ ആശാൻ നിറഞ്ഞു നിന്നു. ജനപ്രീതിയും അംഗീകാരങ്ങളും സ്വന്തമാക്കി ജോജു എന്ന നടൻ വിജയയാത്ര തുടരുകയാണ്.