Site iconSite icon Janayugom Online

ചക്രപാദുകത്തിലേറി അയാൻ ട്രാക്കിൽ മിന്നൽപ്പിണറാകുന്നു

ചക്രപാദുകത്തിലേറി ആറര വയസുകാരനായ അയാൻ നേത്ര സുഭാഷ് ട്രാക്കിൽ മിന്നൽപ്പിണറാകുന്നു. പങ്കെടുത്ത ഇരുപത് ദേശീയ ചാമ്പ്യൻഷിപ്പിൽ നാല് സ്വർണപ്പതക്കം ഉൾപ്പെടെ 17 തവണ മികവിന്റെ മെഡലുകൾ സ്വന്തമാക്കി. മുൻ കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണിയുടെ മകൾ കൊട്ടാരക്കര ഇടയ്ക്കിടം കുമാർ ഭവനിൽ അഖില മുരളിയുടെയും മുംബയിൽ ബിസിനസുകാരനായ സുഭാഷിന്റെയും മകനായ അയാൻ റോളർ സ്കേറ്റിംഗിലാണ് അത്ഭുത നേട്ടങ്ങൾ കൊയ്യുന്നത്.
സുഭാഷും കുടുംബവും മുംബയിൽ സ്ഥിരതാമസമാണ്. മുംബയ് മീരാറോഡിലെ സാന്തോം പബ്ളിക് സ്കൂൾ വിദ്യാർത്ഥിയായ അയാൻ മൂന്നാം വയസിലാണ് റോളർ സ്കേറ്റിംഗ് പരിശീലിച്ച് തുടങ്ങിയത്. ചക്രം ഘടിപ്പിച്ച ഷൂസിൽ പരിശീലന ഗ്രൗണ്ടിലും പൊതുനിരത്തിലും മിന്നൽപ്പിണറായി അയാൻ മാറിയത് പരിശീലകരെയും വിസ്മയിപ്പിച്ചു.
സംസ്ഥാന‑ദേശീയ ചാമ്പ്യൻഷിപ്പുകളിൽ അസാധാരണ മികവോടെയാണ് മെഡലുകൾ നേടിയത്. കോലാപ്പൂരിൽ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് തല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത് വലിയ അംഗീകാരങ്ങൾക്ക് ഇടനൽകി.
നോൺ സ്റ്റോപ്പ് റോളർ സ്കേറ്റിംഗ് ശ്രദ്ധവച്ചാണ് ഏഷ്യൻ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടംനേടിയത്. റോളർ സ്കേറ്റിംഗിൽ മാത്രമൊതുങ്ങുന്നതല്ല അയാന്റെ പ്രതിഭ. പാട്ട് പാടിയും ചിത്രമെഴുതിയും മികവ് കാട്ടാറുണ്ട്. മോമൈ ഗ്ളോബൽ സ്കൂൾ മേളയിൽ ചിത്രമെഴുത്തിന് സമ്മാനം ലഭിച്ചു. ക്വിസ് മത്സരമടക്കം പൊതുവിജ്ഞാന മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. ഏഴ് ഭൂഖണ്ഡങ്ങളിലായി 195 രാജ്യങ്ങളുടെ ദേശീയ പതാകകൾ പരിചയപ്പെടുത്തിയ വീഡിയോ മുംബയിൽ വൈറലായിരുന്നു. കഴിഞ്ഞദിവസം എഴുകോൺ ഇടയ്ക്കിടം സുരേഷ് കുമാർ ഫൗണ്ടേഷൻ അയാനെ അനുമോദിച്ചു.

Exit mobile version