Site iconSite icon Janayugom Online

ഐപിഎല്‍ ബംപര്‍; മെഗാ താരലേലത്തിന് ഇന്ന് ജിദ്ദയില്‍ തുടക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിന് ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയില്‍ തുടക്കം. 367 ഇന്ത്യക്കാരും 210 വിദേശികളുമടങ്ങിയ അന്തിമ ലേല പട്ടികയിൽ ആകെ 577 പേരുണ്ട്. 10 ടീമുകൾക്കായി പരമാവധി 204 പേരെ ഉള്‍പ്പെടുത്താനാകും. ഇതിൽ പരമാവധി വിദേശ കളിക്കാരുടെ എണ്ണം 70 ആണ്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് ലേലം ആരംഭിക്കുക.
ഐപിഎല്‍ ചരിത്രത്തിലെ പതിനെട്ടാമത് മെഗാലേലമാണ് ഇത്തവണ അരങ്ങറുന്നത്. 2008ലെ ആദ്യ ഐപിഎല്‍ മെഗാലേലത്തില്‍ മൂന്നൂറുകോടിയിലധികം രൂപയാണ് (36.43 മില്യണ്‍ ഡോളര്‍) ചെലവായത്. 2020ല്‍ 140.3 കോടി രൂപയും ചെലവഴിച്ചു. തൊട്ടടുത്ത വര്‍ഷത്തെ മെഗാലേലത്തിനായി 145.3 കോടി രൂപ ചെലവായപ്പോള്‍ 2022ല്‍ 551.7 കോടി രൂപയാണ് ഐപിഎല്‍ മെഗാലേലത്തിനായി മാറ്റിവച്ചത്. 

2023ലെ ഐപിഎല്‍ മെഗാതാരലേലത്തിനായി 167 കോടി രൂപയാണ് ചെലവാക്കിയത്. 230.45 കോടിരൂപയാണ് 2024ലെ മെഗാലേലത്തിനായി ക്ലബുകള്‍ വകയിരുത്തിയിട്ടുള്ളത്. 23 കോടി ലഭിച്ച ഹെന്റിക് ക്ലാസനാണ് നിലനിര്‍ത്തിയവരില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച താരം. ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടുകളുടെ കാലഘട്ടത്തിലെ ആദ്യത്തെ മെഗാ ലേലം കൂടിയാണിത്, ഇത് ലേല പ്രവണതകളെ സ്വാധീനിച്ചേക്കും. തീപ്പൊരി ഓപ്പണര്‍മാര്‍ക്കും ഫാസ്റ്റ് ബൗളര്‍മാര്‍ക്കും ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ക്കും കൂടുതല്‍ പരിഗണന ലഭിച്ചേക്കും. കൂടാതെ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ക്കും ആവശ്യമുണ്ട്. 

ഈ വർഷത്തെ ഐപിഎല്ലിന് മുമ്പ് മുംബൈയിൽ നിന്ന് ആർസിബിയിലേക്ക് 17.5 കോടി രൂപയ്ക്ക് കൈമാറിയ ഓസ്‌ട്രേലിയന്‍ ഓൾറൗണ്ടർ കാമറൂൺ ഗ്രീനാണ് ലേലത്തിലെ പ്രധാന അഭാവങ്ങളിലൊന്ന്. നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിന് കളത്തിലേക്കെത്താന്‍ ദീര്‍ഘകാലം വേണ്ടിവന്നേക്കും. 2014ലും 2018ലും നടന്ന മെഗാ-ലേലത്തിലുണ്ടായിരുന്ന റൈറ്റ് ടു മാച്ച്(ആര്‍ടിഎം) കാര്‍ഡ് ഇത്തവണ വീണ്ടും ഏര്‍പ്പെടുത്തി. സ്വന്തം ടീമിലുണ്ടായിരുന്ന താരത്തെ ലേലത്തില്‍ പിടിക്കുന്ന ടീമില്‍ നിന്നും അതേവില നല്‍കി സ്വന്തമാക്കാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍ ഇത്തവണ അല്പം പരിഷ്കാരം കൂടിയുണ്ട്. ലേലത്തില്‍ പിടിച്ച ടീമിന് ഒരിക്കല്‍കൂടി തുക ഉയര്‍ത്താന്‍ അവസരം ലഭിക്കും. പിന്നീട് ആ തുകയ്ക്ക് കളിക്കാരനെ ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് നിലനിര്‍ത്തുകയോ അല്ലെങ്കില്‍ ലേലടീമില്‍ തുടരാന്‍ അനുവദിക്കുകയോ ചെയ്യാം. ആറുപേരെ ടീമില്‍ നിലനിര്‍ത്തിയ രാജസ്ഥാന്‍, കൊല്‍ക്കത്ത ടീമുകള്‍ക്ക് ആര്‍ടിഎം കാര്‍ഡ് സൗകര്യം ലഭിക്കില്ല. മറ്റ് ടീമുകള്‍ക്ക് അവര്‍ നിലനിര്‍ത്തിയ കളിക്കാരുടെ എണ്ണത്തിനനുസൃതമായി നാല് മുതല്‍ ഒന്നുവരെ ആര്‍ടിഎം കാര്‍ഡുകള്‍ ലഭിക്കും. 

Exit mobile version