Site iconSite icon Janayugom Online

ഐപിഎല്‍ ഫൈനല്‍ ഇന്ന്; ആരാകും പുതുചാമ്പ്യന്‍

ഐപിഎല്‍ ചരിത്രത്തില്‍ ഇത്തവണ പുതിയ ചാമ്പ്യന്മാര്‍ പിറക്കും. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിങ്സും കന്നിക്കിരീടത്തിനായി ഇന്ന് പോരാടും. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ട് പുതിയ ക്യാപ്റ്റന്മാരുടെ കീഴിലാണ് ഈ സീസണില്‍ ആര്‍സിബിയും പഞ്ചാബുമെത്തിയത്. ആര്‍സിബിയെ രജത് പാട്ടിദാറും പഞ്ചാബിനെ ശ്രേയസ് അയ്യരും മുന്നില്‍ നിന്ന് നയിച്ചു. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇവരില്‍ ആരാകും കിരീടമുയര്‍ത്തുകയെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. നാലാം തവണയാണ് ആര്‍സിബി ഫൈനലിനെത്തുന്നത്. 2009ൽ ഡെക്കാൻ ചാർജേഴ്‌സ്, 2011ൽ ചെന്നൈ സൂപ്പർ കിങ്സ് എന്നിവരോട് ഫൈനലിൽ പരാജയപ്പെട്ടു. 2016 സീസണിലെ ഫൈനലിൽ സൺ റൈസേഴ്സ് ഹൈദരബാദിനോട്‌ 10 റൺസിന് പരാജയപ്പെട്ടു. രണ്ടാം തവണയാണ് പഞ്ചാബ് ഫൈനലിനെത്തുന്നത്. 2014നാണ് മുമ്പ് പഞ്ചാബ് കലാശപ്പോരിനെത്തിയത്. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് മൂന്ന് വിക്കറ്റിന്റെ തോല്‍വി വഴങ്ങി. 

തുടക്കകാലം മുതല്‍ ആര്‍സിബി ടീമിനായി കളിക്കുന്ന കോലിക്ക് ഇതുവരെയും ഐപിഎല്‍ കിരീടമുയര്‍ത്താനായിട്ടില്ല. കിരീടത്തിനരികെ പലതവണയെത്തിയിട്ടും കോലിക്ക് ആര്‍സിബിക്കൊപ്പം കിരീടം സ്വന്തമാക്കാനുള്ള അവസരമൊരുങ്ങിയില്ല. ഇത്തവണ റണ്‍വേട്ടയിലും കുതിക്കുന്ന കോലിയിലും സ്ഥിരതയാര്‍ന്ന ടീമും ആര്‍സിബി ആരാധകര്‍ക്ക് കിരീടപ്രതീക്ഷ നല്‍കുന്നു. ഐപിഎൽ ചരിത്രത്തിലെ റൺ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള കോലി തുടർച്ചയായ മൂന്നാം തവണയും 600 റൺസിന് മുകളിൽ നേടി ഇക്കൊല്ലത്തെ റൺ വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ്. 614 റൺസ് ആണ് ലീഗ് ഘട്ടത്തിൽ കോലി സ്കോർ ചെയ്തത്. ഫിൽ സാൾട്ട്, ജിതേഷ് ശർമ്മ, ക്രൂനാൽ പാണ്ഡ്യ എന്നിവര്‍ ബാറ്റിങ്ങില്‍ മികച്ച ഫോമിലാണ്. ബൗളിങ്ങില്‍ ജോഷ് ഹെയ്സല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, സുയാഷ് ശര്‍മ്മ എന്നിവരാണ് ആര്‍സിബിയുടെ പ്രതീക്ഷ. ഒരു എവേ മത്സരത്തിൽ പോലും ആർസിബി ഇത്തവണ പരാജയപ്പെട്ടിട്ടില്ല.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി കിരീടം നേടിയ ശ്രേയസ് ഇത്തവണ പഞ്ചാബിനായും കിരീടം നേടി തുടർച്ചയായ രണ്ടാം സീസണിലും ഐപിഎൽ കിരീടത്തിലേക്ക് ടീമിനെ നയിക്കുന്ന ക്യാപ്റ്റനാവുമോയെന്ന് കണ്ടറിയണം. 

രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആവേശപ്പോരാട്ടത്തില്‍ അഞ്ച് വിക്കറ്റ് വിജയത്തോടെയാണ് പഞ്ചാബിന്റെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ ഘട്ടത്തില്‍ 14 മത്സരങ്ങളിൽനിന്ന് ഒമ്പതു ജയവും നാലു തോൽവിയും മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് പങ്കുവച്ചപ്പോൾ ലഭിച്ച ഒരു പോയിന്റും സഹിതം 19 പോയിന്റോടെ പഞ്ചാബ് കിങ്സ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ആർസിബിക്കും 14 മത്സരങ്ങളിൽനിന്ന് ഒൻപതു ജയവും നാലു തോൽവിയും ഉപേക്ഷിക്കപ്പെട്ട മത്സരത്തിലെ ഒരു പോയിന്റും സഹിതം 19 പോയിന്റാണെങ്കിലും റൺശരാശരിയിൽ രണ്ടാം സ്ഥാനത്തായി. 

Exit mobile version