Site icon Janayugom Online

ഐപിഎല്‍ മെഗാ താരലേലം ഫെബ്രുവരി 12ന്

ഐപിഎല്‍ 15-ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12, 13 തീയതികളിലായി നടക്കും. മെഗാ താരലേലവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഐപിഎൽ അധികൃതർ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. ബംഗളുരുവിലോ കൊച്ചിയിലോ ആയിരിക്കും താരലേലം നടക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊച്ചി വേദിയായാല്‍ അത് കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാകും. കേരളം ഇതുവരെ ഐപിഎല്‍ ലേലത്തിന് വേദിയായിട്ടില്ല. കോവിഡ് രോഗവ്യാപനം കണക്കിലെടുത്താകും വേദി തീരുമാനിക്കുക. ഇതുവരെ എട്ട് ടീമുകളുമായി നടത്തിയിരുന്ന ഐപിഎല്ലില്‍ 10 ടീമുകള്‍ പങ്കെടുക്കുന്നുവെന്നതാണ് പ്രധാന സവിശേഷത. നേരത്തെ ജനുവരിയില്‍ താരലേലം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും പുതിയതായി എത്തിയ ലഖ്‌നൗ, അഹമ്മദാബാദ് ടീമുകളുമായി ബന്ധപ്പെട്ട കാര്യങ്ങളെത്തുടര്‍ന്ന് ലേലം വൈകുകയായിരുന്നുവെന്നാണ് വിവരം.

ഫെബ്രുവരി 12ന് ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ കൊൽക്കത്തയിൽവച്ച് ഏകദിന മത്സരത്തിൽ ഏറ്റുമുട്ടുന്നുണ്ടെങ്കിലും ലേലത്തിന്റെ തീയതി മാറ്റേണ്ടതില്ലെന്നാണ് ഐപിഎൽ അധികൃതർക്കിടയിലെ ധാരണ. ഇക്കാര്യം ടീമുകളെയും അറിയിച്ചിട്ടുണ്ട്. ഒരു ടീമിന് ലേലത്തില്‍ പരമാവധി 90 കോടി രൂപയാണ് മുടക്കാനാകുക. പുതുതായി വന്ന ലഖ്‌നൗ, അഹമ്മദാബാദ് ടീമുകള്‍ ഇതുവരെ താരങ്ങളെ ടീമിലെത്തിച്ചിട്ടില്ല. മെഗാലേലത്തിന് മുന്‍പ് പരമാവധി മൂന്ന് താരങ്ങളെ ടീമിലെത്തിക്കാന്‍ ഈ രണ്ട് ടീമുകള്‍ക്ക് അവസരമുണ്ട്. നിലവില്‍ കളിക്കുന്ന ടീമുകളില്‍ പഞ്ചാബ് കിങ്‌സിന്റെ കൈയ്യിലാണ് കൂടുതല്‍ പണമുള്ളത്. 72 കോടി രൂപ പഞ്ചാബിന് താരലേലത്തില്‍ ചിലവഴിക്കാം. മെഗാ താരലേലത്തിനു പരിഗണിക്കേണ്ട താരങ്ങളെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് ബിസിസിഐ അടുത്തിടെ വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾക്കും സംസ്ഥാന അസോസിയേഷനുകൾക്കും കത്തു നൽകിയിരുന്നു. ജനുവരി 17നു മുൻപ് പേരുകൾ നൽകാനാണ് നിർദ്ദേശം.

eng­lish sum­ma­ry; IPL mega star auc­tion on Feb­ru­ary 12

you may also like this video;

Exit mobile version