ഐപിഎല്‍ ചരിത്രത്തിലെ റെക്കോഡ് തുകയ്ക്ക് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍. വാശിയേറിയ ലേലത്തില്‍ 24.75 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത താരത്തെ ടീമിലെത്തിച്ചത്. ഐപിഎല്ലിലെ വിലയേറിയ താരമെന്ന റെക്കോഡ് പാറ്റ് കമ്മിൻസ് സ്വന്തമാക്കി നിമിഷങ്ങൾക്കകമാണ് മറ്റൊരു ഓസ്ട്രേലിയൻ ഈ റെക്കോഡ് തകര്‍ത്തത്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വിലയേറിയ താരമായി മാറി സ്റ്റാര്‍ക്ക്. കഴിഞ്ഞ സീസണില്‍ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ ഇംഗ്ലീഷ് താരം സാം കറനായിരുന്നു, ഇരുവര്‍ക്കും മുമ്പ് ഐപിഎല്ലിലെ ഉയര്‍ന്ന പ്രതിഫലക്കാരൻ.
അത്യന്തം നാടകീയമായ ലേലം വിളിയില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ശക്തമായി രംഗത്തുവന്നത്. പിന്നീട് ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്തയും തമ്മില്‍ താരത്തിനായി നടത്തിയ പോരാട്ടമാണ് വില ഇത്രയും എത്തിച്ചത്.
പാറ്റ് കമ്മിന്‍സ്, ഹെഡ്
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദില്‍. 20.50 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ലഭിക്കുന്ന രണ്ടാമത്തെ തുകയാണിത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലുതും രണ്ടാമത്തേതുമായ തുകയ്ക്ക് വിറ്റുപോവുന്ന താരങ്ങള്‍ ഓസ്ട്രേലിയക്കാരായി. വിദേശ പേസറെ ആവശ്യമുള്ള ചെന്നൈ സൂപ്പര്‍ കിങ്സ് ആയിരുന്നു ലേലത്തില്‍ ഓസ്ട്രേലിയന്‍ നായകനായി ആദ്യം രംഗത്തെത്തിയത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രണ്ട് കോടി അടിസ്ഥാന വിലയുള്ള കമ്മിന്‍സിനായി രംഗത്തെത്തിയതോടെ ലേലത്തുക കുതിച്ചുയര്‍ന്നു. ഒടുവില്‍ ലേലം ഏഴ് കോടി കടന്നതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദും കമിന്‍സിനായി രംഗത്തെത്തി. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്സ് പിന്മാറി. 10ഉം 15ഉം കോടി കടന്ന് ലേലത്തുക കുതിച്ചിട്ടും ഹൈദരാബാദും ബാംഗ്ലൂരും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
ഒടുവില്‍ റെക്കോഡ് തുകയായ 18.50 കോടിയും കടന്നതോടെ മറ്റ് ടീമുകളുടെ മുഖത്തും അമ്പരപ്പായിരുന്നു. ഒടുവിൽ 20.5 കോടിക്ക് താരം വിറ്റുപോയി. രണ്ട് കോടിയായിരുന്നു കമ്മിന്‍സിന്റെ അടിസ്ഥാനവില. 2020 ലെ താരലേലത്തിൽ കമ്മിൻസിന് 15.50 കോടി ലഭിച്ചിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലാണു താരം അന്ന് കളിച്ചത്. 14 പന്തുകളിൽ അർധ സെഞ്ചുറി നേടിയ തകർപ്പൻ ബാറ്റിങ് പ്രകടനവും കമ്മിൻസ് ഐപിഎല്ലിൽ നടത്തിയിട്ടുണ്ട്. ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെ 6.80 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ലേലത്തില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് കോടികളൊഴുകുമെന്ന് ഉറപ്പായിരുന്നു. ലോകകപ്പ് ഹീറോയായ ഹെഡിനെയും കമ്മിന്‍സിനെയും ടീമിലെത്തിച്ചത് ഹൈദരാബാദിന് പുതിയ സീസണിലേക്കുള്ള പ്രതീക്ഷയാണ്.
English Summary; IPL Star Auction; Kolkata Knight Riders have acquired Mitchell Starc
You may also like this video