Site iconSite icon Janayugom Online

ഇനി ഐപിഎല്‍ ആരവം: ഉദ്ഘാടന മാമാങ്കം പൊലിപ്പിക്കാന്‍ വന്‍ താര നിര

IPLIPL

കിരീടത്തിനായി കിങ് കോലിയുടെ 16 വർഷത്തെ കാത്തിരിപ്പ്, മഹേന്ദ്ര സിങ് ധോണി വിരമിക്കുമോയെന്ന അവസാനിക്കാത്ത ചോദ്യം, റിഷഭ് പന്തിന്റെ രണ്ടാം വരവ്, നായകസ്ഥാനത്ത് നിന്നും തിരസ്കാരത്തിന്റെ നോവറിഞ്ഞ രോഹിത് ശർമ്മയുടെ ഹൃദയവേദന, ഐപിഎല്‍ ആരവങ്ങളില്‍ ഇവയെല്ലാം ഇത്തവണ പുതിയ കഥകള്‍ രചിക്കും.
നായകസ്ഥാനമില്ലെങ്കിലും ആരാധകര്‍ രോഹിതിന്റെ മാസ്മരികമായ സിക്സറുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു. കിങ് കോലി ഇത്തവണയെങ്കിലും തന്റെ മോഹം പൂവണിയിക്കാന്‍ കടുത്ത ശ്രമം നടത്തും. റിഷഭ് പന്തിന്റെ ഒറ്റക്കൈ സിക്സറുകൾ ഒരിക്കല്‍കൂടി കാണാന്‍ ക്രിക്കറ്റ് ലോകം ഒന്നാകെ ആഗ്രഹിക്കുന്നു. 42 കാരനായ ധോണിയോട്, ഇത് തന്റെ അവസാന വർഷമാണോ എന്ന് ചോദിച്ചാൽ പുഞ്ചിരിയായിരിക്കും മറുപടി. ഓരോ മത്സരത്തിലും പുതിയ നായകന്മാര്‍ ഉദയമെടുത്തേക്കും. ദയവില്ലാത്ത സമൂഹമാധ്യമ ലോകത്ത് പല താരങ്ങളും വില്ലന്മാരായും മാറിയേക്കും. അവിശ്വസനീയമായ തിരിച്ചുവരവുകൾ ഉണ്ടാകാം. ലേലത്തിൽ വൻ തുകയ്ക്ക് ടീമുകള്‍ നേടിയെടുത്ത പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയവര്‍ ടീമിന്റെ പ്രതീക്ഷകളുടെ അധികഭാരവും വഹിക്കേണ്ടതായി വരും. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിനും ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാണ്.
ആറാംതവണത്തെ കിരീടം ലക്ഷ്യമിട്ടാണ് മുംബൈയും ചെന്നൈയും കളത്തിലിറങ്ങുക.

മുംബൈയുടെ പുതിയ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ എത്തുമ്പോള്‍ ആദ്യം വിജയിക്കേണ്ടത് സ്വന്തം ടീമിന്റെ ഡ്രസിങ് റൂമിലാണ്. ഹര്‍ദിക് പുതിയ സ്ഥാനത്തെത്തിയപ്പോള്‍ മനസില്‍ മുറിവേറ്റ നിരവധി മുതിര്‍ന്ന താരങ്ങളുണ്ട്. സഹകളിക്കാരുടെ വിശ്വാസം ആര്‍ജിക്കുകയെന്നതാകും പാണ്ഡ്യയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി. ജസ്റ്റിന‍ ലാംഗറുടെ പരിശീലനത്തിന്‍ കീഴിലിറങ്ങുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഗൗതം ഗംഭീര്‍ തിരിച്ചെത്തുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ശുഭ്മാന്‍ ഗില്‍ എന്ന പുതിയ നായകന്റെ കീഴില്‍ ഗുജറാത്ത് ടൈറ്റന്‍സും ശിഖര്‍ ധവാന്റെ പഞ്ചാബ് കിങ്സുമെല്ലാം മികച്ച പ്രകടനം നടത്താന്‍ തന്നെയാണ് ലക്ഷ്യമിടുക. ഐപിഎല്ലിന്റെ പുതിയ സീസണ്‍ തുടങ്ങുമ്പോള്‍, ഉദ്ഘാടന മാമാങ്കം പൊലിപ്പിക്കാന്‍ വന്‍ താര നിര എത്തുന്നുണ്ട്. ഇത്തവണ എ ആര്‍ റഹ്മാനാണ് ശ്രദ്ധേയ ആകര്‍ഷണം. സോനു നിഗം, അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ് അടക്കമുള്ള വമ്പന്‍മാരും ഉദ്ഘാടന ചടങ്ങിന് എത്തുന്നുണ്ട്. വൈകിട്ട് 6.30 മുതലാണ് ഉദ്ഘാടന കലാ വിരുന്ന്.

നിയമങ്ങളിലും മാറ്റങ്ങള്‍

ഐപിഎല്ലില്‍ ഇത്തവണ നിയമങ്ങളിലും മാറ്റങ്ങള്‍. ഒരോവറില്‍ രണ്ടു ബൗണ്‍സറുകള്‍ എറിയാന്‍ ബൗളര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം. ഇതു ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. കഴിഞ്ഞ സീസണ്‍ വരെ ഒരു ബൗണ്‍സര്‍ മാത്രമേ ഒരോവറില്‍ എറിയാന്‍ ബൗളര്‍ക്ക് സാധിച്ചിരുന്നുള്ളൂ. ആഭ്യന്തര ക്രിക്കറ്റില്‍ നിലവില്‍ ഈ നിയമം അനുവദിക്കപ്പെട്ടിട്ടുണ്ട്.
സ്റ്റമ്പിങ് റിവ്യൂ പരിശോധിക്കുമ്പോള്‍ അതോടൊപ്പം ക്യാച്ചാണോയെന്നതും തേര്‍ഡ് അംപയര്‍ പരിശോധിക്കുമെന്നതാണ് മറ്റൊരു പുതിയ കാര്യം. സ്റ്റമ്പിങ് റിവ്യൂയില്‍ ക്യാച്ചാണോയെന്നാണ് തേര്‍ഡ് അംപയര്‍ ആദ്യം പരിശോധിക്കുക. അതിനു ശേഷം മാത്രമേ സ്റ്റമ്പിങ് റീപ്ലേ പരിശോധിക്കുകയുള്ളൂ. ക്യാച്ചിനു മുമ്പ് സ്റ്റമ്പിങ് പരിശോധിച്ചാല്‍ അത് ഫീല്‍ഡിങ് ടീമിനോടുള്ള അനീതിയാണെന്നാണ് ബിസിസിഐയുടെ പക്ഷം.
വൈഡും നോ ബോളുമുള്‍പ്പെടെ ഇരുടീമുകള്‍ക്കും രണ്ടു റിവ്യൂ വീതം നല്‍കുന്നത് ഈ സീസണിലും തുടരും. അതേസമയം സ്മാര്‍ട്ട് റീപ്ലേ സിസ്റ്റം എന്ന പുതിയൊരു സാങ്കേതിക വിദ്യയും ഇത്തവണ ബിസിസിഐ പരിചയപ്പെടുത്തുന്നുണ്ട്. ഓണ്‍ഫീല്‍ഡ് റിവ്യൂകള്‍ കൂടുതല്‍ കണിശവും വേഗത്തിലുമാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നിരിക്കുന്നതെന്ന് ബിസിസിഐ അധികൃതര്‍ പറഞ്ഞു.

വിജയത്തോടെ തുടങ്ങാന്‍ സിഎസ്‍കെ-ആര്‍സിബി

ഇന്ന് ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുമായി ഏറ്റുമുട്ടും. സിഎസ്‍കെയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി 7.30ന് ആരംഭിക്കും.
ചെന്നൈ സൂപ്പർ കിങ്സിനെ പരിക്കുകൾ വലയ്ക്കുകയാണ്. ഫൈനൽ ഇലവനിൽ കളിക്കുമെന്നുറപ്പുള്ള പ്രധാന താരങ്ങളിൽ പലർക്കും പരിക്കേൽക്കുന്നതാണ് മാനേജ്മെന്റിന് തലവേദനയായി മാറുന്നത്. ഡെവോൺ കോൺവെ, മതീഷ പതിരന, മുസ്തഫിസുർ റഹ്മാൻ എന്നിവർക്കാണ് നിലവിൽ പരിക്കേറ്റിരിക്കുന്നത്. രചിൻ രവീന്ദ്രയാവും റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പൺ ചെയ്യുക. മൊയീൻ അലി, മഹീഷ് തീക്ഷണ എന്നിവരെക്കൂടാതെ മിച്ചൽ സാന്റ്ർ, ഡാരിൽ മിച്ചൽ, മുസ്തഫിസുർ റഹ്മാൻ എന്നിവരിൽ ഒരാളും വിദേശ ക്വാട്ടയിൽ കളിക്കും. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽ പരിക്ക് ഭീഷണി കാര്യമായി ഇല്ല. കാമറൂൺ ഗ്രീൻ ടീമിലെത്തിയത് വലിയ നേട്ടമാണ്. ഗ്രീൻ മൂന്നോ നാലോ നമ്പറിലാവും കളിക്കുക. ഫാഫ്, മാക്‌സ്‌വൽ എന്നിവർക്കൊപ്പം റീസ് ടോപ്ലെ, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൻ, ടോം കറൻ എന്നിവരിൽ ഒരാള്‍ക്ക് മാത്രമേ ടീമില്‍ ഇടം ലഭിക്കാനിടയുള്ളൂ.

മിന്നും താരങ്ങളാകാന്‍ ഇവര്‍

മിച്ചൽ മാർഷ്

ഐപിഎൽ 2024ൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള വിദേശ കളിക്കാരില്‍ പ്രധാനിയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്. കഴിഞ്ഞ ഒരു വര്‍ഷമായി താരം മികച്ച ഫോമിലാണ്. 17 ഇന്നിങ്‌സുകളിൽ നിന്ന് 158 സ്‌ട്രൈക്ക് റേറ്റിൽ 474 റൺസ് മാര്‍ഷ് അടിച്ചുകൂട്ടി. പവർപ്ലേയിലും മധ്യഓവറുകളില്‍ മികച്ച വെടിക്കെട്ട് കാഴ്ചവയ്ക്കാന്‍ മാര്‍ഷിന് സാധിക്കുന്നുണ്ട് എന്നത് ഡല്‍ഹിയുടെ ബാറ്റിങ്ങിന് ശക്തിയായി മാറും. ബൗളിങ്ങിലും വിശ്വസിക്കാന്‍ കഴിയുന്ന താരമാണ് മാര്‍ഷ്. കഴിഞ്ഞ വർഷം 14 വിക്കറ്റുകൾ വീഴ്ത്താന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

റഹ്മാനുള്ള ഗുർബാസ്

അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പറുടെ ബാറ്റിന്റെ കരുത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇതുവരെ ശരിക്കും കണ്ടിട്ടില്ല. ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഗ്ലൗസേന്തുന്നത് ഗുര്‍ബാസായിരിക്കുമെന്ന് ഏകദേശം ഉറപ്പാണ്. പേസിനെയും സ്പിന്നിനെയും നേരിടാന്‍ ഒരുപോലെ സമര്‍ത്ഥനാണെന്ന് സ്ട്രൈക്ക് റേറ്റ് വ്യക്തമാക്കും. 141 ലധികം സ്‌ട്രൈക്ക് റേറ്റിലാണ് ഗുര്‍ബാസിന്റെ ബാറ്റിങ്. 2023 സീസണില്‍ 11 മത്സരങ്ങളിൽ നിന്ന് 227 റൺസാണ് അഫ്ഗാൻ താരം നേടിയത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരിനെതിരെ 44 പന്തിൽ 57 റൺസുമായി ഐപിഎല്ലിൽ അർധസെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാൻ താരമായി. തന്റെ മുൻ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 39 പന്തിൽ 81 റൺസ് എന്ന സംഖ്യ കുറിച്ചപ്പോള്‍ ഐപിഎല്ലിൽ ഒരു അഫ്ഗാൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ കൂടിയായി മാറി. ടി20 കരിയറിൽ ഗുർബാസിന് രണ്ട് സെഞ്ചുറികളുണ്ട്. കാബൂൾ ഈഗിൾസിന് വേണ്ടി 48 പന്തിൽ 121 റൺസ് നേടിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്കോർ.

ജെറാൾഡ് കോറ്റ്‌സി

ജോഫ്ര ആർച്ചറിന് പകരക്കാരനായി മുംബൈ ഇന്ത്യൻസില്‍. ദക്ഷിണാഫ്രിക്കൻ പേസര്‍ക്ക് ബാറ്റിലും തന്റേതായ സംഭാവന നല്‍കാനാകും. ടി20യിൽ 40 മത്സരങ്ങളില്‍ പന്തെറിഞ്ഞ ഈ 23കാരൻ 60 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ലോകകപ്പിലെ മികച്ച പ്രകടനമാണ് മുംബൈയുടെ കണ്ണുകളിലുടക്കിയത്. എട്ട് മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റ് പിഴുത കോറ്റ്സി മോൺ മോർക്കലിന്റെയും ലാൻസ് ക്ലൂസ്‌നറുടെയും 17 വിക്കറ്റുകളുടെ മുൻ റെക്കോഡ് മറികടന്നു. ന്യൂബോളില്‍ ജസ്പ്രീത് ബുംറയ്ക്ക് അനുയോജ്യനായ പങ്കാളിയായി കോറ്റ്സിയെത്തുമ്പോള്‍ വാംഖഡെ സ്റ്റേഡിയത്തില്‍ സ്റ്റമ്പുകള്‍ ഉയര്‍ന്നുപറന്നേക്കും.

കാമറൂണ്‍ ഗ്രീന്‍

മുംബൈ ഇന്ത്യന്‍സില്‍ നിന്നും 17.5 കോടി വിലകൊടുത്താണ് കാമറൂണ്‍ ഗ്രീന്‍ എന്ന ഓള്‍റൗണ്ടറെ ആര്‍സിബി സ്വന്തമാക്കിയത്. ഇതുവരെ കപ്പിലേക്കെത്താന്‍ സാധിക്കാത്ത ആര്‍സിബിക്ക് ഗ്രീനില്‍ വലിയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ അരങ്ങേറ്റം കുറിച്ച ഗ്രീന്‍ 16 ഇന്നിങ്സുകളിൽ നിന്ന് 50.22 ശരാശരിയിൽ 160 ലധികം സ്‌ട്രൈക്ക് റേറ്റിൽ 452 റൺസെടുത്തിട്ടുണ്ട്. 16 ഇതില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. ആറ് വിക്കറ്റും വീഴ്ത്തി. അതേസമയം ഒമ്പതിന് മുകളിലായിരുന്നു ബൗളിങ് ഇക്കോണമി. ബംഗളൂരുവിലെ ചെറിയ മൈതാനത്ത് വലിയ സ്കോര്‍ നേടാന്‍ ഗ്രീനിന് സാധിക്കുമെന്നാണ് ടീമിന്റെ വിലയിരുത്തല്‍. എക്‌സ്ട്രാ ബൗണ്‍സുള്ള പിച്ചില്‍ ബൗളറെന്ന നിലയിലും ഉപയോഗിക്കാനാകുമെന്നും ആര്‍സിബി കരുതുന്നു.

റിങ്കു സിങ്

കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ഫോം കണക്കിലെടുത്താല്‍ ഈ സീസണിൽ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താരമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റിങ്കു സിങ് . ഐപിഎൽ 2023ൽ 149 ലധികം സ്‌ട്രൈക്ക് റേറ്റിൽ റിങ്കു 474 റൺസ് നേടി. ഫിനിഷര്‍ എന്ന കഴിവ് തെളിയിച്ചു. ഈ സീസണിലും കെകെആര്‍ റിങ്കുവില്‍ നിന്നം ഏറെ പ്രതീക്ഷിക്കുന്നു.

യശസ്വി-ധ്രുവ് ജൂറൽ

രാജസ്ഥാൻ റോയൽസ് ഓപ്പണർക്ക് തന്റെ പ്രതിഭ ഒരിക്കല്‍കൂടി ക്രിക്കറ്റ് ലോകത്തെ അറിയിക്കാനുള്ള അവസരം. ഐപിഎൽ 2023ൽ 164 സ്‌ട്രൈക്ക് റേറ്റിൽ 623 റൺസ് സ്‌കോർ ചെയ്തതോടെ തന്റെ സ്ഥാനം യശസ്വി ജയ്‌സ്വാള്‍ ഉറപ്പിച്ചിരുന്നു. പേസിനും സ്പിന്നിനുമെതിരെ ഭയമില്ലാതെ ആക്രമണ ബാറ്റിങ് കാഴ്ചവയ്ക്കുന്ന യുവതാരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും അവിസ്മരണീയമായ പ്രകടനം. കഴിഞ്ഞ സീസണിൽ രാജസ്ഥാനുവേണ്ടി ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുകയും മികച്ച പ്രകടനത്തോടെ ദേശീയടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്ത ധ്രുവ് ജുറേലും ഈ ഐപിഎല്ലില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരങ്ങളിലൊരാളാണ്. പുതിയ സീസണിലേക്ക് കൂടുതൽ പരിചയസമ്പത്തോടെ ജൂറേൽ എത്തുമ്പോള്‍ സഞ്ജുവിന്റെ രാജസ്ഥാന് മറ്റൊരു കരുത്തായി മാറും. ഡൽഹി ക്യാപിറ്റൽസിന്റെ കുൽദീപ് യാദവ്. സിഎസ്‍കെയുടെ ശിവം ദുബെ തുടങ്ങിയവരും ഇത്തവണത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ളവരാണ്. മഞ്ഞക്കുപ്പായത്തില്‍ കിവീസിന്റെ രചിന്‍ രവീന്ദ്രയും മറ്റൊരു താരോദയമായേക്കും.

സന്ദീപ് വാര്യർ ഗുജറാത്ത് ടൈറ്റൻസില്‍

അഹമ്മദാബാദ്: തമിഴ്‌നാടിന്റെ മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ ഗുജറാത്ത് ടൈറ്റൻസ് ടീമിൽ. പരിക്കേറ്റ് പുറത്തിരിക്കുന്ന മുഹമ്മദ് ഷമിക്ക് പകരമാണ് ഐപിഎൽ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യൻസ് ടീമുകളുടെ ഭാഗമായിരുന്ന സന്ദീപ് കൊൽക്കത്തയ്ക്ക് വേണ്ടി മാത്രമാണ് ഐപിഎൽ മത്സരങ്ങൾക്ക് ഇറങ്ങിയിട്ടുള്ളത്. ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ അന്താരാഷ്‌ട്ര അരങ്ങേറ്റവും കുറിച്ചിരുന്നു. മോഹിത് ശർമ, ജോഷ് ലിറ്റിൽ, ഉമേഷ് യാദവ്, സ്പെൻസർ ജോൺസൺ, കാർത്തിക് ത്യാഗി, ദർശൻ നൽകണ്ഡെ, സുശാന്ത് മിശ്ര എന്നിവരാണ് നിലവിൽ ഗുജറാത്ത് നിരയിലുള്ള പേസ് ബൗളർമാർ. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മാറിയതിനു ശേഷം ശുഭ്‌മൻ ഗില്ലിനെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു.

ആഡം സാംബ പിന്മാറി

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയല്‍സിന്റെ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നർ ആഡം സാംബ വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് പിന്മാറ്റമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ സീസണില്‍ രാജസ്ഥാനുവേണ്ടി ആറ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. രാജസ്ഥാൻ 1.5 കോടി രൂപയ്ക്ക് ആയിരുന്നു ഒരു സീസണ്‍ മുമ്പ് ഓസ്‌ട്രേലിയൻ സ്പിന്നറെ ടീമിലെത്തിച്ചത്.

റുതുരാജ് പുതിയ ക്യാപ്റ്റന്‍

ചെന്നൈ: മഹേന്ദ്രസിങ് ധോണിക്ക് പകരം ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ നായകന്‍. റുതുരാജ് ഗെയ്ക്‌വാദിനെ ക്യാപ്റ്റനായി നിയമിച്ചു. ധോണിയുടെ നേതൃത്വത്തില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സിഎസ്‌കെ നേടിയിട്ടുണ്ട്. ഐപിഎല്ലിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ ചടങ്ങില്‍ റുതുരാജാണ് എത്തിയത്. ഈ ചിത്രങ്ങള്‍ പങ്കുവച്ച്‌ സിഎസ്‌കെ പുതിയ ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്‌വാദിനെ പ്രഖ്യാപിക്കുകയായിരുന്നു. 2019 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് റുതുരാജ്. ഐപിഎല്ലില്‍ 52 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 39.7 ശരാശരിയില്‍ 1797 റണ്‍സാണ് നേടിയിരിക്കുന്നത്. ഇതില്‍ ഒരു സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ റുതുരാജ് നായക റോളില്‍ തിളങ്ങിയിട്ടുണ്ട്. 133 വിജയങ്ങളുമായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ് ധോണി. 87 വിജയങ്ങളുമായി മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ രണ്ടാമതാണ്. ഈ സീസണിന്റെ അവസാനത്തോടെ ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വരുന്ന സീസണില്‍ ഉപദേഷ്ടാവിന്റെ റോളിലോ മുഖ്യ പരിശീലകന്റെ റോളിലോ ധോണിയെ പ്രതീക്ഷിക്കാം. എന്നാല്‍ അവസാനമായി ഇത്തരമൊരു മാറ്റത്തിന് സിഎസ്‌കെ ശ്രമിച്ചത് വലിയ ദുരന്തമായി മാറിയിരുന്നു. ധോണി ടീമിലുള്ളപ്പോള്‍ത്തന്നെ സിഎസ്‌കെ രവീന്ദ്ര ജഡേജയെ നായകനാക്കിയിരുന്നു. എന്നാല്‍ വലിയ സമ്മര്‍ദം ജഡേജയെ കീഴടക്കുകയും പ്രകടനം മോശമാവുകയും ടീം ഒമ്പതാം സ്ഥാനക്കാരായി മാറുകയും ചെയ്തു. സിഎസ്‌കെ ആദ്യമായി പ്ലേ ഓഫ് കാണാത്ത സീസണായി ഇത് മാറുകയും ചെയ്തു. ധോണിയുടെ അനാവശ്യ ഇടപെടല്‍ നായകന്‍ ജഡേജയെ സമ്മര്‍ദത്തിലാക്കിയെന്ന ആക്ഷേപവും നിലനിന്നിരുന്നു.

You may also like this video

Exit mobile version