Site iconSite icon Janayugom Online

ഹോർമൂസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ?ഇന്ത്യക്കും തിരിച്ചടി

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ നീക്കം ശക്തമാക്കി. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത മാർഗ്ഗമായ ഈ കടലിടുക്ക് അടച്ചാൽ ഇന്ത്യയെയും സാരമായി ബാധിക്കും. എണ്ണവില ഉയരാനും പ്രതിസന്ധികൾക്കും ഇത് കാരണമാകും, അതിനാൽ ഇന്ത്യ മറ്റ് എണ്ണ സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരും. ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കാണ് ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നത്. എകദേശം 161 കിലോമീറ്റർ നീളമാണ് ഹോർമുസ് കടലിടുക്കിന്. 

ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഈ റൂട്ടിലൂടെയാണ് കടന്നു പോകുന്നത്. ഇക്കാരണത്താൽ തന്നെ ഈ കടലിടുക്ക് വളരെ നിർണായകമാണ്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ, കുവൈറ്റ് എന്നീ പ്രധാന എണ്ണ കയറ്റുമതിക്കാരെല്ലാം ഈ പാതയെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യക്ക് ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നത് വലിയ ദോഷം ചെയ്യും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രതിദിനം ഇറക്കുമതി ചെയ്യുന്ന 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ബാരൽ ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നത്. ഇന്ത്യ എണ്ണ സ്രോതസ്സുകളെ കൂട്ടിയിട്ടുണ്ടെങ്കിലും ഈ മാർഗ്ഗം അടഞ്ഞാൽ അത് വിലക്കയറ്റത്തിനും മറ്റ് പ്രതിസന്ധികൾക്കും ഇടയാക്കും. കടലിടുക്ക് അടച്ചാലും റഷ്യ, യുഎസ്, ബ്രസീൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോഴും എണ്ണ ലഭിക്കും ഇന്ത്യക്ക്. എന്നാൽ ചെലവ് ഏറും.

ഹോർമുസ് അടച്ചാൽ ചെങ്കടലിലേക്കുള്ള പ്രവേശനവും മുടങ്ങും. ഇന്ത്യയിൽ നിന്നുള്ള കണ്ടെയ്നർ കപ്പലുകൾ ഏറെ ദൂരം ചുറ്റി ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകേണ്ടിവരും. കപ്പലുകൾ 15–20 ദിവസം അധികം സഞ്ചരിക്കേണ്ടി വരുമെന്നും ഇതു 40–50 ശതമാനത്തോളം വില ഉയരാൻ കാരണമാകുമെന്നാണു വിലയിരുത്തൽ. ഗള്‍ഫിലെ എണ്ണ വിതരണക്കാര്‍ക്ക് കയറ്റുമതിക്ക് മറ്റൊരു കടല്‍ മാര്‍ഗമില്ലെന്നതാണ് ഹോര്‍മൂസിന്റെ പ്രസക്തി. കഴിഞ്ഞ വർഷം ഹോർമുസ് കടലിടുക്ക് വഴി പ്രതിദിനം ശരാശരി 20 ദശലക്ഷം ബാരലിലധികം എണ്ണ കടന്നു പോയിട്ടുണ്ട്.
സംഘര്‍ഷ സമയത്ത് ഹോര്‍മുസ് അടച്ചിടുമെന്ന് ഇറാന്‍ പൊതുവെ ഭീഷണിപ്പെടുത്താറുണ്ട്. ഇറാന്‍ ഒരു ദിവസം ഹോര്‍മുസ് അടച്ചിട്ടാല്‍ പോലും എണ്ണവില ബാരലിന് 120 ഡോളറിനും 150 ഡോളറിനും ഇടയിൽ എത്തും.

ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനം, ബസുമതി അരി ഉൾപ്പെടെയുള്ള ഉല്പന്നങ്ങളുടെ കയറ്റുമതിയേയും ബാധിക്കും. 2024–25 ൽ മാത്രം 8.55 ലക്ഷം മെട്രിക് ടൺ ബസുമതി അരിയാണ് ഇന്ത്യ ഇറാനിലേക്കു കയറ്റുമതി ചെയ്തത്. ഏലത്തിന്റെ കയറ്റുമതിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും 2024 ൽ ചെറിയ ഏലം 38.72 മെട്രിക് ടണ്ണാണ് ഇറാനിലേക്കു കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ 4760 കോടി ഡോളർ മൂല്യമുള്ള എണ്ണ ഇതര കയറ്റുമതിയും ഈ കടലിടുക്ക് വഴി ആയതിനാൽ ഇത് അടച്ചിടുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് ഉണ്ടാക്കുന്ന തിരിച്ചടി ചെറുതായിരിക്കില്ല. 

Exit mobile version