Site iconSite icon Janayugom Online

ഷാജ് കിരണിന്റെ രംഗപ്രവേശവും സംഘ്പരിവാർ ഗൂഢാലോചനയോ?

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി സ്വപ്നാ സുരേഷ് ഷാജ് കിരണുമായുള്ള ഓഡിയോ സംഭാഷണം പുറത്തുവിട്ട സംഭവത്തിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് സൂചന. സ്വപ്നയ്ക്കൊപ്പം കിരണിന്റെയും ആര്‍എസ്എസ്, ബിജെപി ബന്ധം സംശയത്തിന്റെ ആഴംകൂട്ടുന്നു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ആരോപണങ്ങളുന്നയിച്ച് വിവാദനായികാപട്ടം സ്വന്തമാക്കിയ സ്വപ്ന സുരേഷിന്, മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറും ആര്‍എസ്എസ് നേതാവ് കെ ജി വേണുഗോപാലും നിയന്ത്രിക്കുന്ന സംഘ്പരിവാര്‍ അനുകൂല എന്‍ജിഒ സംഘടനയായ എച്ച്ആർഡിഎസിന്റെ ആസ്ഥാനത്താണ് ജോലി ഉറപ്പായത്. സമാന ബന്ധമാണ് ഷാജ് കിരണിന് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കളുമായുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പമുള്ള ഫോട്ടോയാണ് ഷാജ് കിരണിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ കവര്‍ ചിത്രം തന്നെ.

കര്‍ണാടക ഊര്‍ജമന്ത്രിയും ബിജെപി നേതാവുമായ വാസുദേവ് സുനില്‍‍കുമാര്‍ തന്റെ വസതിയില്‍ നടത്തിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത ചിത്രങ്ങളും ഷാജ് കിരണ്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഷാജ് കിരണ്‍ സ്വപ്നയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു എന്നത് അവര്‍ തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പാലക്കാട്ടെ സംഘ്പരിവാര്‍ അനുകൂല സംഘടനയായ എച്ച്ആർഡിഎസിന്റെ ആസ്ഥാനത്തുവച്ച് പുറത്തുവിട്ട ഓഡിയോ സംഭാഷണം സൗഹൃദത്തിലാണ് തുടങ്ങുന്നതും നീളുന്നതും. ഇടയ്ക്കിടെയുള്ള തര്‍ക്കങ്ങള്‍ ബോധപൂര്‍വം ഉള്ളതാണെന്നും കേള്‍വിക്കാര്‍ക്ക് ബോധ്യമാകും. ‘ഷാജ് കിരണ്‍ എന്നൊരാളാണ് മുഖ്യമന്ത്രിക്കുവേണ്ടി തന്നെ ഭീഷണിപ്പെടുത്തിയത്’ എന്നായിരുന്നു സ്വപ്നയുടെ അപ്രതീക്ഷിത വെളിപ്പെടുത്തല്‍. പിറകെ, ‘താനാണ് സ്വപ്ന പറഞ്ഞ ഷാജ് കിരണ്‍’ എന്ന് സ്വയം പരിചയപ്പെടുത്തി ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ രംഗപ്രവേശം ചെയ്യുകയുമായിരുന്നു. ബിജെപി നേതാവും മുന്‍‍ കേന്ദമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു ഷാജ് കിരണ്‍.

‘എന്റെ ഹീറോ സ്വപ്ന സുരേഷാണ്…’ എന്ന് വെളിപ്പെടുത്തുന്ന കുറിപ്പ് നേരത്തെ ഷാജ് കിരണന്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരുന്നു. ശിവശങ്കരാ നിന്റെ പണി തീര്‍ന്നു, സ്വര്‍ണക്കടത്തല്ല, ലൈഫ് മിഷനിലെ കമ്മിഷനായിരുന്നു ലക്ഷ്യം എന്നാണ് ഷാജ് കിരണ്‍ അന്ന് എഫ്ബിയിലൂടെ പറഞ്ഞത്. സോളാര്‍ കേസ് വെറും ലോക്കലാണെന്നും ഇത് അന്താരാഷ്ട്ര നിലവാരമുള്ളതാണെന്നും ഇയാളുടെ കുറിപ്പില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. കേസിന്റെ തുടക്കം മുതലെ സ്വപ്നയ്ക്കും ഷാജ് കിരണും തമ്മിലുള്ള ബന്ധം ദൃഢമാണെന്ന സൂചനയാണിതെല്ലാം. കേസുമായി ബന്ധപ്പെട്ട് തനിക്ക് അഡ്വൈസ് തരണമെന്നുള്‍പ്പെടെ ഫോണ്‍ സംഭാഷണത്തിനിടെ സ്വപ്നാ സുരേഷ്, ഷാജ് കിരണിനോട് ആവശ്യപ്പെടുന്നുണ്ട്.

വലുതായെന്തോ ഉണ്ടെന്ന രീതിയിലായിരുന്നു പാലക്കാട്ടെ എച്ച്ആർഡിഎസിന്റെ ഓഫീസില്‍ സ്വപ്നയെ കാത്തുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ഒരുക്കവും തിടുക്കവും. എന്നാല്‍ ഓഡിയോ പൂര്‍ത്തിയായതോടെ ആവേശം കെട്ടടങ്ങി. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗം, സ്ത്രീ ശാക്തീകരണം തുടങ്ങി വിവിധ മേഖലകളില്‍ ​ പ്രവർത്തിക്കുന്ന സ്ഥാപനത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യംവച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതെന്ന ചിന്തപോലും മാധ്യമങ്ങള്‍ക്കുണ്ടായില്ല. അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിൽ അനുമതിയില്ലാതെ ഭവനനിർമ്മാണവും മരുന്ന് പരീക്ഷണവും നടത്തിയതിന് പരാതികളുണ്ടാവുകയും അന്വേഷണം നേരിടുകയും ചെയ്ത സംഘടനായാണ് സ്വപ്നയ്ക്ക് ജോലി നല്‍കിയ എച്ച്ആർഡിഎസ്.

Eng­lish Sum­ma­ry: Is Shah Kiran’s entry and Sangh Pari­var conspiracy?

You may like this video also

Exit mobile version