Site icon Janayugom Online

ഇന്ത്യൻ ജനത വിശപ്പിന്റെ പാരമ്യത്തിലേക്കോ?

2021 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ആഗോള വിശപ്പ് സൂചിക (ഗ്ലോബൽ ഹങ്കർ ഇൻഡക്സ്) പ്രകാരം ഇന്ത്യയുടെ സ്ഥാനം നൂറ്റിയൊന്നാം സ്ഥാനത്തേക്ക് (116 രാജ്യങ്ങളിൽ) വഴുതി വീണു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത്. കഴിഞ്ഞ വർഷം 94 -ാമത് റാങ്കിൽ (107 രാജ്യങ്ങൾക്കിടയിൽ) നിന്നാണ് രാജ്യം ഇപ്പോൾ പുറകോട്ടു പോയിരിക്കുന്നത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. രാജ്യത്ത് വർധിച്ചുവരുന്ന ദാരിദ്ര്യം, അസമത്വം എന്നീ പ്രതിഭാസങ്ങൾ നമ്മുടെ ഭക്ഷ്യസുരക്ഷയെപ്പോലും അപകടപ്പെടുത്തുന്ന രീതിയിലേക്ക് നീങ്ങുന്നുവെന്ന യാഥാർത്ഥ്യമാണ് ഈ റിപ്പോർട്ട് വെളിച്ചത്തു കൊണ്ടുവരുന്നത്. യു എൻ എല്ലാ വർഷവും ഒക്ടോബർ 16-ാം തീയതി ലോക ഭക്ഷ്യദിനമായും അതിനടുത്ത ദിവസം (ഒക്ടോബർ 17) ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനമായും ആചരിക്കുന്ന വേളയിൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ പ്രാധാന്യത്തോടെ പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കോവിഡ് മഹാമാരി ഉയർത്തിയ സാമൂഹിക‑സാമ്പത്തിക‑തൊഴിൽ പ്രതിസന്ധിയും, ഇന്ധന വിലവർധനയും തദ്ഫലമായി ഉണ്ടാകുന്ന ഭക്ഷ്യ വിലക്കയറ്റം കൂടി പരിഗണിക്കുമ്പോൾ രാജ്യത്തെ ഭക്ഷ്യ അരക്ഷിതാവസ്ഥ വരുംനാളുകളിൽ രൂക്ഷമാകാനുള്ള സാധ്യത നിലനിൽക്കുന്നു. യു എൻ വിഭാവനം ചെയ്ത് 2030 ൽ നേടിയെടുക്കുമെന്നു കരുതിയ 17 ഇന൦ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അപ്രാപ്യമാക്കും വിധമാണ് കോവിഡും സാമ്പത്തിക പ്രതിസന്ധിയും ഉയർത്തുന്ന വെല്ലുവിളികൾ. ചുരുക്കത്തിൽ, ഈ ലക്ഷ്യങ്ങൾ സഫലീകരിക്കാൻ രാജ്യത്തിനു ഒരു വ്യാഴവട്ടക്കാലമോ അതിലധികം സമയമോ വേണ്ടിവന്നേക്കാം. ആയതിനാൽ ഇന്ത്യയിൽ വർധിച്ചുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയും അതിലൂടെ സാധാരണ ജനത്തെ വിശപ്പിന്റെ ദൂഷിത വലയത്തിലേക്ക് തള്ളിവിട്ടുകൊണ്ട് എങ്ങനെ വികസനം സാധ്യമാകും എന്നത് പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

 

ആഗോള വിശപ്പ് സൂചികയുടെ രീതിശാസ്ത്രം

 

ആഗോള വിശപ്പ്സൂചിക ഐറിഷ് ഏജൻസിയായ കൺസേൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫെയും സംയുക്തമായി വികസിപ്പിച്ച സൂചികയാണ്. ലോകത്തിലെ വിശപ്പിന്റെ നിജസ്ഥിതി നിർണയിക്കുക എന്ന ലക്ഷ്യവുമായി എല്ലാ വർഷവും ഒക്ടോബർ മാസം രാജ്യങ്ങളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നു. വിശപ്പ് എന്ന പ്രതിഭാസത്തിന് ബഹുമുഖ സ്വഭാവം ഉള്ളതിനാൽ അതീവസങ്കീർണവും അതിന്റെ ശാസ്ത്രീയമായ നിർണയം ഏറെ ശ്രമകരവുമാണെന്ന് ഈ രംഗത്തെ വിദഗ്ധർ അടിവരയിടുന്നു. പോഷകാഹാരക്കുറവുള്ള ജനങ്ങളുടെ അനുപാതം, അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ് ഉള്ളവരുടെ ശതമാനം, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ് ഉള്ളവരുടെ ശതമാനം, അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിന്റെ ശതമാനം എന്നീ നാല് സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ആഗോള വിശപ്പ് സൂചിക (ജിഎച്ച്ഐ സ്കോർ) തയാറാക്കുന്നു.

2021‑ലെ സൂചിക പ്രകാരം (ജിഎച്ച്ഐ സ്കോർ അഞ്ചിൽ താഴെയുള്ള) 18 രാജ്യങ്ങളിൽ ബെലാറസ്, ബോസ്നിയാ, ബ്രസീൽ, ചിലി, ചൈന എന്നീ രാജ്യങ്ങൾ ആദ്യ അഞ്ചു സ്ഥാനങ്ങൾ പങ്കിടുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ പട്ടികയിലിടം പിടിച്ച 116 രാജ്യങ്ങൾക്കിടയിൽ 101 -ാമതാണ് ഭാരതത്തിന്റെ സ്ഥാനം. എന്നാൽ 2020 ൽ 107 രാജ്യങ്ങൾക്കിടയിൽ 94-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ചൈന (5), ശ്രീലങ്ക (65), മ്യാൻമാർ (71), ബംഗ്ലാദേശ് (76), നേപ്പാൾ (76), പാക്കിസ്ഥാൻ (92) എന്നിങ്ങനെയാണ് നമ്മുടെ അയൽ രാജ്യങ്ങളുടെ സ്ഥാനം. ഇന്ത്യയ്ക്ക് പുറകിൽ 103 മത് സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ ഉണ്ടെന്നുള്ളതാണ് ഏക ആശ്വാസം.

 

ആഗോള തലത്തിൽ വികസന സൂചികകളിൽ വളരെ പിന്നാക്കം നിൽക്കുന്ന സമ്പദ്‌വ്യവസ്ഥകൾ പോലും ഇന്ത്യയേക്കാൾ മെച്ചപ്പെട്ടവയാണ് എന്നുള്ളത് ആശങ്കാജനകമാണ്. ഉദാഹരണമായി, ഘാന (64), ഗ്വാട്ടിമാല (79), എത്യോപ്യ (90), ടാൻസാനിയ (92), സുഡാൻ (95), അംഗോള (97) എന്നിങ്ങനെയാണ് ഈ രാജ്യങ്ങളുടെ റാങ്ക് നേട്ടം. ഇന്ത്യയ്ക്ക് പിന്നിൽ നിൽക്കുന്ന രാജ്യങ്ങളായ പാപ്പുവ ന്യൂ ഗിനിയാ (102), നൈജീരിയ (103), സിയാറാ ലിയോൺ (106), ഹൈയ്തി (109), യെമൻ (115), സോമാലിയ (116) തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ വികസന സൂചികയിൽ വളരെ പിന്നാക്കം നിൽക്കുന്നവയാണ് എന്നതാണ് യാഥാർത്ഥ്യം. ഇത് രാജ്യത്തെ വ്യത്യസ്ത മേഖലകളുടെ (ദാരിദ്ര്യ നിർമാർജന — പോഷകാഹാര‑തൊഴിൽ — ഉല്പാദന) പ്രവർത്തനങ്ങളെ സമൂലമായി പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇന്ത്യയിലെ സ്ഥിതി ഭീതിജനകമോ?

 

വിശപ്പിന്റെ അടിസ്ഥാനത്തിൽ ജി. എച്ച്. ഐ സ്കോറിനെ ആസ്പദമാക്കി രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നു. 9.9 ൽ താഴെയുള്ള സ്കോറിനെ വിശപ്പ് കുറഞ്ഞ വിഭാഗം എന്നും 10. 0 മുതൽ 19.9 വരെയുള്ള സ്കോർ മിതമായ വിശപ്പുള്ള വിഭാഗം എന്നും, 20. 0 മുതൽ 34.9 വരെയുള്ള സ്കോർ ഗുരുതരമായ വിശപ്പുള്ള വിഭാഗം എന്നും തരം തിരിച്ചിരിക്കുന്നു. 35.0 മുതൽ 49.9 വരെയുള്ള സ്കോറും, 50. 0 സ്കോറിന് മുകളിലുള്ള വിഭാഗത്തെ യഥാക്രമം ഭയപ്പെടുത്തുന്ന വിശപ്പുള്ള വിഭാഗം എന്നും, അങ്ങേയറ്റം ഭയപ്പെടുത്തുന്ന വിശപ്പുള്ള വിഭാഗം എന്നും തരം തിരിച്ചിരിക്കുന്നു. ഇന്ത്യയുടെ ജിഎച്ച്ഐ സ്കോർ രണ്ടായിരത്തിലെ 38.8 ൽ നിന്ന് (ഭയപ്പെടുത്തുന്ന വിഭാഗം) രണ്ട് ദശാബ്ദക്കാലത്തിനു ശേഷം 27.5 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് (ഗുരുതരമായ വിഭാഗം) ഉയർത്താൻ കഴിഞ്ഞു എന്നതുമാത്രമാണ് നേട്ടമായി ചൂണ്ടികാട്ടാൻ സാധിക്കുന്നത്.

ചുരുക്കത്തിൽ, 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയുടെ സ്ഥാനം ഭയപ്പെടുത്തുന്ന വിഭാഗത്തിലായിരുന്നുവെങ്കിൽ നിലവിൽ ഗുരുതരമായ വിഭാഗത്തിൽ രണ്ട് ദശാബ്ദക്കാലമായി രാജ്യം തുടരുന്നു എന്നത് വേദനാജനകമാണ്. ലോകത്തെ പല രാജ്യങ്ങളും ഒരു വിഭാഗത്തിൽ നിന്ന് അടുത്ത വിഭാഗത്തിലേക്ക് ക്രമമായി ചുവടു വയ്ക്കുമ്പോൾ നമ്മുടെ രാജ്യത്തിന് ഇക്കാര്യത്തിൽ ഉദ്ദേശിച്ച ഗതിവേഗം കിട്ടിയില്ല എന്ന അനുമാനത്തിലെത്താം. രാജ്യം മറ്റു പല മേഖലകളിലും അഭൂതപൂർവമായ നേട്ടം കൈവരിച്ച സാഹചര്യവും വിശപ്പിനെ മെരുക്കുന്ന മാർഗവും പുനർചിന്തനത്തിനു വിധേയമാക്കേണ്ടതാണ്.

 

ഇന്ത്യയിലെ വർധിച്ചുവരുന്ന ദാരിദ്ര്യവും അസമത്വവും ജിഎച്ച്ഐയുടെ മറ്റു നാല് സൂചകങ്ങളുടെ പുരോഗതിക്ക് വിലങ്ങുതടിയാകുന്നു എന്ന അനുമാനത്തിലെത്താൻ ബുദ്ധിമുട്ടില്ല. ഉദാഹരണമായി, 2000 ത്തിൽ രാജ്യത്തെ പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ ശതമാനം 18.4 ആയിരുന്നുവെങ്കിൽ 2021‑ൽ അത് 15.3 ശതമാനത്തിൽ എത്തി നിൽക്കുന്നു. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ് ഇതേ കാലയളവിൽ 17.1 ശതമാനത്തിൽ നിന്ന് 17.3 ശതമാനമായി തുടരുന്നു. എന്നാൽ വയസിന് ആനുപാതികമായ തൂക്കക്കുറവിലും (54.2 ശതമാനത്തിൽ നിന്ന് 34.7 ശതമാനത്തിലേക്ക്), അഞ്ചു വയസുൽ താഴെയുള്ള കുട്ടികളുടെ മരണ നിരക്കിലും (9.2 ശതമാനത്തിൽ നിന്ന് 3.4 ശതമാനത്തിലേക്ക്) മാത്രമാണ് ഈ കാലയളവിൽ നേരിയ പുരോഗതി ദൃശ്യമായിട്ടുള്ളത്.

ഭക്ഷ്യധാന്യ ഉല്പാദനത്തിൽ സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് കഴിഞ്ഞ വർഷങ്ങളിൽ രാജ്യം കാഴ്ചവെച്ചത്. അരി, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉല്പാദനത്തിൽ ഇപ്പോൾ നമുക്ക് ലോകത്ത് രണ്ടാം സ്ഥാനമാണുള്ളത്. എന്നിരുന്നാലും ഈ നേട്ടങ്ങൾ ഇന്ത്യൻ ജനതയുടെ ഭക്ഷ്യ സുരക്ഷയോ, ജീവിത ഗുണനിലവാരമോ ഉയർത്താൻ പര്യാപ്തമല്ല എന്നുവേണം ആഗോള വിശപ്പ് സൂചികയിലെ കണക്കുകളിൽ നിന്ന് നാം വായിച്ചെടുക്കേണ്ടത്. യുപിഎ സർക്കാർ ആവിഷ്കരിച്ച ക്ഷേമപദ്ധതികളായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ നിയമം എന്നീ പദ്ധതികൾക്കുള്ള വിഹിതം കുറയ്ക്കുന്നത് ഇന്ത്യയിലെ സാധാരണ ജനതയുടെ ഭക്ഷ്യ‑പോഷകാഹാര ലഭ്യതയിൽ ഇടിവ് വരുത്തിയിരിക്കാം. അതിനൊടൊപ്പം നോട്ടു നിരോധനം, ചരക്കു സേവന നികുതി എന്നീ സാമ്പത്തിക പരിഷ്കാരങ്ങൾ അസംഘടിത മേഖലയിൽ ദൂരവ്യാപകമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ഇത് നിലവിലെ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമാക്കുകയും ചെയ്തു എന്ന് വേണം അനുമാനിക്കാൻ. അനുദിനം വർധിക്കുന്ന ഇന്ധനവില പണപ്പെരുപ്പത്തിനും ഭക്ഷ്യ പ്രതിസന്ധിയിലേക്കും വഴി തെളിക്കും. കാലാവസ്ഥാ വ്യതിയാന൦ ഭക്ഷ്യ സുരക്ഷക്കും, സാമ്പത്തിക മേഖലയിലും സൃഷ്ടിക്കാൻ പോകുന്ന പ്രതിസന്ധി കാത്തിരുന്ന് കാണേണ്ടതാണ്.

 


ഇതുകൂടി വായിക്കൂ: വിശപ്പെന്ന ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യം


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിട്ടുവെങ്കിലും ഇന്ത്യൻ ജനതയുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ദേശീയ തലത്തിൽ കാലാകാലങ്ങളായി ഭരിച്ച സർക്കാരുകൾ മതിയായ ശ്രദ്ധ പതിപ്പിച്ചിരുന്നില്ലെന്ന് മനസിലാക്കാം. കൂടാതെ, ചങ്ങാത്ത മുതലാളിത്തത്തിലൂടെ ഒരു ചെറിയ വിഭാഗം അതിസമ്പന്നർക്ക് അനർഹമായി ആനുകൂല്യങ്ങൾ നൽകി സമ്പത്ത് ഒരു വിഭാഗം ജനങ്ങളിൽ കേന്ദ്രീകരിക്കുന്നതിലൂടെ ഇത് സാമ്പത്തിക അസമത്വത്തിലേക്ക് നയിച്ചു. കോവിഡ് മഹാമാരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ പോലെ ഇന്ത്യയിലും ദാരിദ്ര്യത്തിന്റെയും, വിശപ്പിന്റെയും അവസ്ഥ കൂടുതൽ സങ്കീർണമാക്കി. കോവിഡ് നിയന്ത്രണങ്ങൾ ബഹുഭൂരിപക്ഷം ഇന്ത്യൻ ജനതയുടെ ജീവിതത്തെ ദുഷ്കരമാക്കിയതായി ഗ്ലോബൽ ഹങ്കർ ഇൻഡക്സ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ അയൽരാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ അവരുടെ പൗരൻമാർക്ക് ഇന്ത്യയേക്കാൾ മികച്ച ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതായും റിപ്പോർട്ടിൽ സൂചനകൾ ഉണ്ട്. കോവിഡ് രോഗവ്യാപനം ദാരിദ്ര്യത്തിനെതിരെയുള്ള യു എന്നിന്റെ സുസ്ഥിര വികസനത്തിലൂന്നിയ പ്രഖ്യാപിത ലക്ഷ്യങ്ങളെ പിന്നോട്ടടിച്ചു എന്നോ ദുർബലപ്പെടുത്തിയെന്നോ നിസംശയം പറയാൻ സാധിക്കും. ഇത് ആഗോളതലത്തിൽ തന്നെ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ പ്രത്യേകിച്ച് ഇന്ത്യയിലെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും തോത് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാമാരിയുടെ വ്യാപനം തടയാൻ സ്വീകരിച്ച മുൻകരുതലുകൾ അസംഘടിത മേഖലയെ ദുർബലമാക്കുകയും, തൊഴിൽ നഷ്ടം ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു.

 


ഇതുകൂടി വായിക്കൂ: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഇന്ത്യ പട്ടിണിയിലേക്ക്


 

കോവിഡിനു ശേഷമുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിനും, സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിന് ശക്തി പകരാനും ഇന്ത്യ ഏറെ വിയർപ്പ് ഒഴുക്കേണ്ടതായി വരും എന്നതാണ് നഗ്നസത്യം. സാമ്പത്തിക വളർച്ചയിൽ ഊന്നിയ വികസന നയത്തേക്കാൾ ജനസംഖ്യാ ലാഭവിഹിതത്തിന് പ്രാധാന്യം നൽകുകയും മാനവ വികസനത്തിന് ഊന്നിയ നയപരിപാടികൾ ആവിഷ്കരിച്ചാൽ മാത്രമേ വിശപ്പിന്റെ പാരമ്യത്തിൽ നിന്ന് ഒരു വിഭാഗം ജനതക്ക് മോചനമുണ്ടാകൂ.

(ഡോ. കെ പി വിപിൻ ചന്ദ്രൻ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളജ് സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും, ഡോ. ജെ രത്നകുമാർ ന്യൂഡൽഹിയിലെ സ്പീക്കേഴ്സ് റിസേർച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേർച്ച് ഫെല്ലോയുമാണ്)

Exit mobile version