ലോകം കാത്തിരിക്കുന്ന ശൈത്യകാല ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇറ്റലി. ഫെബ്രുവരി ആറിന് മിലാനിലെ വിഖ്യാതമായ സാൻ സിറോ സ്റ്റേഡിയത്തിൽ വർണ്ണാഭമായ ചടങ്ങുകളോടെ ഗെയിംസിന് തുടക്കമാകും. 93 രാജ്യങ്ങളിൽ നിന്നായി 3,500-ലധികം താരങ്ങളാണ് 16 കായിക വിഭാഗങ്ങളിലായി ഇത്തവണ മാറ്റുരയ്ക്കുന്നത്.
ഒളിംപിക്സിന്റെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ഇറ്റലിയുടെ വിവിധ പ്രവിശ്യകളിലൂടെ ആവേശകരമായി മുന്നേറുകയാണ്. വെനീസിലെ കനാലുകളിലൂടെയുള്ള ഗോണ്ടോള യാത്രയും ദൊളോമൈറ്റ് പർവ്വതനിരകളിലെ സ്കീ ജമ്പ് വേദികളിലെ സ്വീകരണവും ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. 70 വർഷങ്ങൾക്ക് ശേഷം ശൈത്യകാല ഒളിംപിക്‌സ് വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് മഞ്ഞുനഗരമായ കോർട്ടീന ഡി ആമ്പെസ്സോ. കായിക താരങ്ങൾക്ക് പുറമെ ഫെരാരി ടീം അംഗങ്ങളും പ്രമുഖ സെലിബ്രിറ്റികളും ദീപശിഖാ വാഹകരായി അണിചേരുന്നുണ്ട്.

