Site iconSite icon Janayugom Online

ജേക്സ് ബിജോയ് മ്യൂസിക് മാജിക് വീണ്ടും; നാനി ചിത്രം ‘സൂര്യാസ് സാറ്റർഡേ‘ക്ക് മികച്ച പ്രതികരണം; അടുത്തത് മോഹൻലാൽ ചിത്രം

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്ത ‘സൂര്യാസ് സാറ്റർഡേ’ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് പ്രദർശനത്തിനെത്തി. ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. പ്രിയങ്ക അരുൾ മോഹൻ, എസ് ജെ സൂര്യ, സായ് കുമാർ എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് സംഗീതം പകർന്നത് പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണ്. നാനിയുടെ അഭിനയത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക്കാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. ബാക്ക്ഗ്രൗണ്ട് സ്കോറെല്ലാം കൃത്യമായ് പ്ലേസ് ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണം. ഒറ്റ വാക്കിൽ പറഞ്ഞാൽ, ജേക്സ് ബിജോയിയുടെ സംഗീതം തിയറ്ററുകളിൽ അലയടിച്ചുകൊണ്ടിരിക്കുകയാണ്.

‘പൊറിഞ്ചു മറിയം ജോസ്’, ‘അയ്യപ്പനും കോശിയും’, ‘ഫോറൻസിക്’, ‘രണം’, ‘കൽക്കി’, ‘ജന ഗണ മന’, ‘ഇഷ്ക്’, ‘പുഴു’, ‘കടുവ’, ‘കാപ്പ’, ‘കുമാരി’, ‘ഇരട്ട’, ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി എണ്ണിയാലൊതുങ്ങാത്തത്ര സിനിമകൾക്ക് സംഗീതം ഒരുക്കിയ വ്യക്തിയാണ് ജേക്സ് ബിജോയ്. തൃശൂർ സ്വദേശിയായ അദ്ദേഹം ആദ്യമായ് സംഗീതം നൽകിയത് 2014‑ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രം ‘ഏയ്ഞ്ചൽസ്‘നാണ്. അവിടെ നിന്നും ആരംഭിച്ച സംഗീത യാത്ര ഇന്ന് ‘സൂര്യാസ് സാറ്റർഡേ‘യിൽ എത്തി നിൽക്കുമ്പോൾ ലോകം അറിയപ്പെടുന്ന സംഗീത സംവിധായകനായ് അദ്ദേഹം മാറികഴിഞ്ഞു. 2014 മുതൽ 2024 വരെയുള്ള പത്ത് വർഷത്തെ കാലയളവിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരുപിടി ഗാനങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നിരിക്കുന്നത്. തരുൺ മൂർത്തി — മോഹൻലാൽ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും ജേക്സ് ബിജോയാണ്.

തിരക്കഥയോളം പ്രധാനപ്പെട്ട മറ്റൊന്നാണ് സംഗീതവും പശ്ചാത്തലസംഗീതവും. കംബോസ് ചെയ്യുമ്പോൾ യോജിച്ച രീതിൽ ആയില്ലെങ്കിൽ അരോചകത്തിനപ്പുറം അസ്വസ്ഥത അനുഭവപ്പെടും. ജേക്സ് ബിജോയിയുടെ ഗാനങ്ങൾക്ക് എന്നും പ്രേക്ഷകരുണ്ട്. പാലാപ്പള്ളിയും കലാപക്കാരുമൊക്കെ ട്രെൻഡിനുപരി പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടം പിടിച്ചത്. എത്ര വല്യ ഉറക്കത്തിലാണേലും ശടകുടഞ്ഞെഴുനേൽപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോറുകളാണ് അദ്ദേഹത്തിന്റെത്. ഒടുവിൽ പ്രദർശനത്തിനെത്തിയ നാനി ചിത്രം സൂര്യാസ് സാറ്റർഡെ തന്നെ അതിനു മറ്റൊരു ഉദാഹരണം.

Exit mobile version