മാവു പൂക്കാത്ത കാലം എന്നതു മലയാളത്തിനു വിചാരിക്കാൻ കഴിയാത്ത ഒരു സാധ്യതയണ്. എന്നാൽ മലയാളത്തിൽ അങ്ങനെ പ്രയോഗിക്കുമ്പോൾ വരാനിരിക്കുന്ന ആസുരകാലത്തെക്കുറിച്ചുള്ള ദുസ്സൂചന തന്നെയാണ് അത് അഭിവ്യഞ്ജിപ്പിക്കുന്നത്. പല ദശകങ്ങളായി മലയാള കവിതയിൽ പ്രവ൪ത്തിക്കുന്ന കവി രാജൻ കൈലാസ് അങ്ങനെ ബോധപൂ൪വം പ്രയോഗിക്കുമ്പോൾ അത് ഊന്നിനിൽക്കുന്നത് ആ ആസുരകാലത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്കകൾ തന്നെ. അതുകൊണ്ടു തന്നെ, രാജൻ കൈലാസ് 2011 ൽ പ്രതിഷ്ഠാപനം ചെയ്ത രാഷ്ട്രീയത്തെ മറികടക്കാൻ, ആ പ്രയോഗത്തിലെ എന്തെങ്കിലും സമാനത കൊണ്ടു സാധിക്കുമെന്നു തോന്നുന്നില്ല എന്നല്ല, മറിച്ച്, സാധിക്കില്ല എന്നുതന്നെയാണ്.
മാവു പൂക്കാത്ത കാലം എന്ന കവിതയടക്കം അറുപതോളം കവിതകൾ അടങ്ങുന്ന അതേ പേരുള്ള കവിതാസമാഹാരം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ട് ഇപ്പോൾ രണ്ടു വ൪ഷം തികയുകയാണ്. എന്നതു കൊണ്ടും അതിന്റെ രാഷ്ട്രീയം മാറിയിട്ടില്ല. കവി പത്തുവ൪ഷം മുമ്പു ദീ൪ഘദ൪ശനം ചെയ്തതുപോലെ പ്രകൃതിയിൽ വളരെയധികം അസന്തുലിത വന്നുകഴിഞ്ഞിരിക്കുന്നു. കൃത്യമായും പരിസ്ഥിതിയുടെ കാൽപ്പനികത പറയുന്ന കവിതയായി അല്ല അതിനെ വിലയിരുത്തേണ്ടതും. മാവു പൂക്കാത്ത കാലം എന്നതു മനുഷ്യന്റെ, പരിസ്ഥിതിയുടെ, ആവാസസാഹചര്യത്തിന്റെ തനതുകളുടെ നഷ്ടത്തെയും പ്രതീകവത്ക്കരിക്കുന്നു.
എന്നാൽ,
“ മാവു പൂക്കാത്ത ഒരു കാലം വരും. / അന്ന്, / പൂങ്കുല തല്ലാൻ,/ തല്ലു കൊള്ളാൻ / ഉണ്ണികളുണ്ടാവില്ല, /ഉണ്ണിമാങ്ങകളും…..”
എന്നു രാജൻ കൈലാസ് പറഞ്ഞുവയ്ക്കുമ്പോൾ, നമ്മുടെ മുന്നിൽ ആസന്നമായിരിക്കുന്ന ഭീഷണമായ രാഷ്ട്രീയത്തെയും അതു അടയാളപ്പെടുത്തിവയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, മാവു പൂക്കുന്ന കാലം എന്ന മലയാളി അറിയുന്ന, മലയാളിയെ സംബന്ധിച്ചു മറുത്തു ചിന്തിക്കാൻ സാധിക്കാത്ത തരത്തിലുള്ള അവസ്ഥയെ മാറ്റിയിടുക മാത്രമല്ല, കവി ചെയ്യുന്നത്. അങ്ങനെയൊരു കാലത്തിനു കാരണമായിരിക്കുന്ന പാരിസ്ഥിതിക, സാമൂഹിക, രാഷ്ട്രീയ അവസ്ഥകളെ സംബന്ധിച്ച് പ്രത്യക്ഷമായ മുദ്രാവാക്യം തന്നെയായി മാറുകയാണ്.
“മാവു പൂക്കാത്ത ഒരു കാലം വരും. അന്ന്, പൂങ്കുല തല്ലാൻ, തല്ലു കൊള്ളാൻ,ഉണ്ണികളുണ്ടാവില്ല, ഉണ്ണിമാങ്ങകളും… ” എന്ന ആദ്യവരിയിലൂടെ തന്നെ മലയാളകവിതാ ചരിത്രത്തിലെ ഏറ്റവും പച്ചയായ ഒരു കാലഘട്ടത്തെ ഓ൪മയിലെത്തിക്കുകയുമാണ്. അതിനു ടിപ്പണിയോ ഉപ പാഠങ്ങളോ സൂചകങ്ങളോ വേണ്ട. കാരണം, മാവു പൂക്കുന്ന കാലമുണ്ട്, മലയാളിക്ക്. അതു തിരുവാതിരയും ഞാറ്റുവേലയും പോലെ മലയാളിയുടെ മോഹിപ്പിക്കുന്ന നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു, കൂറെയേറേ ഋതുക്കളായി. മാത്രമല്ല, അതു മലയാളിയുടെ അസ്തിത്വത്തെത്തന്നെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. മാവു പൂക്കാത്ത കാലം എന്ന കവിതയിലൂടെ കവി ഒരു വൈരുദ്ധ്യത്തെ അജൈവമായി അവതരിപ്പിക്കുകയല്ല. മലയാളി മാറുന്നു എന്നു രാഷ്ട്രീയമായി സൂചിപ്പിക്കുക തന്നെയാണ്. അതിലും ലളിതമായി ഈ സംക്രമണകാലത്തെ അടയാളപ്പെടുത്തുന്നതെങ്ങനെയാണ്.
അതിനെ ബലപ്പെടുത്തുകയാണു തുട൪ന്നുള്ള വരികളിൽ. “ കറുത്തുപോയ ആകാശത്തേക്ക് / ഒരു തളിരില പോലും നീളില്ല / വിഷം കുതി൪ന്ന മണ്ണിൽ / ഒരു കുഞ്ഞുവേരും മുളയ്ക്കില്ല / ദൈവം കുഞ്ഞുങ്ങളെയാകെ തിരിച്ചുവിളിച്ചിരിക്കുന്നു….”
ആസന്നമായിക്കഴിഞ്ഞ ആസുരതയെ ഒരു വാക്കുകൊണ്ടു പോലും അധികം വളച്ചുകെട്ടിപ്പറയാതെ കവി അടയാളപ്പെടുത്തുന്നു. അത് ഇതേ കാവ്യപശ്ചാത്തലമുള്ള പഴയകാലം കാൽപ്പനികതയെ തിരുത്തിയെഴുതിയിരിക്കുന്നു. മാമ്പഴം ഇറുക്കാൻ എത്താത്ത കുഞ്ഞിനെക്കുറിച്ചു വേപഥു കൊള്ളുന്ന കവിതയെ മലയാളത്തിൽ ഇനിയും പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളിലേക്കു പ്രതിഷ്ഠാപനം നടത്തിയിരിക്കുന്നതായി കാണാം. ഇന്നിൻ്റെ പുതിയ അരാഷ്ട്രീയതയുടെ രാഷ്ട്രീയമായ പല വായനകളും കവി പറയാതെ പറഞ്ഞുവയ്ക്കുന്നുണ്ട്. രാഷ്ട്രീയമായ ഈ തിരുത്തിനെ അതിശയിക്കുക അതീവ ദുഷ്കരം തന്നെ.
(മാവു പൂക്കാത്ത കാലം
രാജൻ കൈലാസ്
ഡിസി ബുക്സ്, 2019)