Site iconSite icon Janayugom Online

മയൂരശിഖയുടെ അനശ്വരകാന്തി

ഒരു ഭിഷഗ്വരന്‍ ആരാണ്? പ്രകൃതിക്കും മനുഷ്യനുമിടയില്‍ ജീവന്‍ എന്ന മഹാത്ഭുതത്തെ ഉപാസിച്ച് പ്രാര്‍ത്ഥിക്കുന്ന കര്‍മ്മനിരതന്‍. അറിഞ്ഞതുമാത്രം തിരിച്ചുംമറിച്ചും വച്ചു പണമുണ്ടാക്കുന്ന കറക്കുകമ്പനിയുടമകള്‍ക്ക് എം എസ് വല്യത്താന്‍ എന്ന ശാസ്ത്രാന്വേഷിയെ വേണ്ടതുപോലെ മനസിലാവണമെന്നില്ല. ധനത്തിലോ, പദവിയിലോ അധികാരത്തിലോ ഭ്രമിക്കാത്ത ആ ഗവേഷകന്റെ ശുദ്ധജീവിതം ബോധ്യപ്പെടണമെങ്കില്‍ വി ഡി ശെല്‍വരാജ് എഴുതിയ ‘മയൂരശിഖ’ എന്ന പുസ്തകം വായിക്കണം. ഞാന്‍ പഠിച്ച മേഖല മാത്രമേ ശരി കണ്ടെത്തൂ, ബാക്കിയെല്ലാം കപടം എന്ന സങ്കുചിത വിചാരം വെടിഞ്ഞാല്‍ അന്വേഷണ ബുദ്ധി ഒരിക്കലും മരവിക്കുകയില്ല. ഒരു പുല്‍ക്കൊടിയുടെ ഔഷധ സത്ത കണ്ടെത്താന്‍ കഴിയാത്തവര്‍ മരുന്നുകമ്പനിയുടെ വക്താവായി നിരന്തരം വാദിച്ചു ക്ഷീണിക്കുന്നത് കാണുമ്പോള്‍ എവിടെയോ ഒരു വല്യത്താന്‍ ചിരി ഉയരുന്നുണ്ടാവാം!
ശ്രീചിത്ര ടിടികെ വാല്‍വ് എന്നറിയപ്പെടുന്ന ഹൃദയവാല്‍വിന്റെ കണ്ടുപിടിത്തം വിജയത്തിലെത്തിക്കാന്‍ ആ മഹാഹൃദയം ഏറ്റുവാങ്ങിയ വേദനയും ദുഃഖവും ആക്ഷേപവും വിവരണാതീതമാണ്. പരാജയപ്പെട്ട ആദ്യ പരീക്ഷണങ്ങളില്‍ എത്ര പേരുടെ ഒളിയമ്പുകള്‍ ഹൃദയം മുറിച്ചു കടന്നുപോയി. ഗവേഷണത്തിന് പണമില്ലാതെ വന്നപ്പോള്‍ ദീര്‍ഘദര്‍ശിയായ മുഖ്യമന്ത്രി സി അച്യുതമേനോന്‍ രക്ഷകനായി നിന്നു. നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് വ്യതിചലിക്കാത്ത കര്‍മ്മയോഗം പൂര്‍ത്തിയാക്കി, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനെ ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തിയത് വെെദ്യശാസ്ത്ര ചരിത്രം മറക്കുന്നതെങ്ങനെ?
ആയുര്‍വേദത്തിന്റെ ശാസ്ത്രീയാടിത്തറയെവിടെ എന്ന് പരിഹാസമിളക്കി വാര്‍ത്തയിലിടം പിടിച്ചവരെ നിശബ്ദരാക്കി, അദ്ദേഹം ആയുര്‍വേദത്തിന്റെ അടിസ്ഥാനപാഠങ്ങളില്‍ ശ്രദ്ധയൂന്നി. ആയുര്‍വേദിക് ബയോളജി അവതരിപ്പിച്ച് ഭാരതത്തിന്റെ വിജ്ഞാനസമ്പത്തിനുമേല്‍ കയ്യൊപ്പ് ചാര്‍ത്തി. ആയുര്‍വേദ പണ്ഡിതനായ രാഘവന്‍ തിരുമുല്‍പ്പാടിന്റെ ശിഷ്യനാകാന്‍ ആ അലോപ്പതി ഗുരുവിന് മടിയേതും തോന്നിയില്ല. അഷ്ടാംഗ ഹൃദയത്തിനും ചരകസംഹിതയ്ക്കും സുശ്രുത സംഹിതയ്ക്കും അഗാധജ്ഞാനത്തോടെ വ്യാഖ്യാനമെഴുതി പ്രസിദ്ധീകരിച്ചു. നമ്മുടെ വെെദ്യശാസ്ത്ര ശാഖയിലെ പെെതൃക കിരണം നിലയ്ക്കാത്ത ദീപസ്തംഭമായി. ഡോ. എം എസ് വല്യത്താന്‍ നിത്യജീവിതം കെെവരിച്ച് മണ്ണില്‍ ലയിച്ചു.

വിനയവും വിദ്യയും സ്നേഹവും ലാളിത്യവും ഉന്നതമായ സാംസ്കാരിക ബോധവും സമ്മേളിച്ച അപൂര്‍വ വ്യക്തിത്വമായി അദ്ദേഹം പഠനമുറികളില്‍ എന്നും ചര്‍ച്ചാവിഷയമാകും. ‘മയൂരശിഖ’ വായിച്ച് ഈ ലേഖകന്‍ അദ്ദേഹത്തിനൊരു കത്തയച്ചു. നന്ദി പ്രകാശിപ്പിച്ച് ഉടന്‍ വന്നു ആ ഉദാരമനസിന്റെ സ്നേഹത്തില്‍പ്പൊതിഞ്ഞ മറുപടി. പ്രശസ്തിയുടെ കൊടുമുടിയില്‍ രാഷ്ട്രബഹുമതി സ്വീകരിച്ചു നില്‍ക്കുമ്പോഴും ഞാനെളിയവന്‍ എന്ന വല്യത്താന്‍ മഹത്വത്തിന് മുന്നില്‍ സാഷ്ടാംഗപ്രണാമം. ഇതാ, ഒരിക്കല്‍ക്കൂടി എന്റെ നനഞ്ഞ കണ്ണുകള്‍ വായിക്കാന്‍ ‘മയൂരശിഖ’ വിടരുന്നു…

Exit mobile version