ഈ ഫെബ്രുവരി 28-ാം തീയതി വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ നിന്നും ടിവി കാമറകൾ പുറത്തുവിട്ട ദൃശ്യങ്ങൾ ലോകത്തെ അമ്പരപ്പിച്ചു. നിർണായകമായ ചില കരാറുകൾ ഒപ്പിടാൻ എത്തിയ ഉക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ ആതിഥേയരാജ്യത്തിന്റെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും അപമാനിച്ച് ഇറക്കിവിടുന്നതാണ് ലോകം കണ്ടത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ശത്രുരാജ്യത്തലവന്മാർ പോലും നേരിട്ട് കാണുമ്പോൾ ഉപചാരമര്യാദകൾ പുലർത്തുന്ന രീതിയാണ് നയതന്ത്രത്തിന്റേത്. കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന ഭയാനകമായ യുദ്ധത്തിൽ ഉക്രെയ്ന്റെ ഏറ്റവും വലിയ ബലം അമേരിക്കയാണെന്നത് അനിഷേധ്യമാണ്. വൈറ്റ് ഹൗസിലെ ചൂടൻ തർക്കത്തിൽ ട്രംപ് ചുണ്ടിക്കാണിച്ചതുപോലെ 35,000 കോടി ഡോളറിന്റെ സഹായമാണ് ഇതുവരെ ഉക്രെയ്‌ന് യുഎസ് നൽകിയത്. സമാധാനം സ്ഥാപിക്കാൻ താങ്കൾ തടസമാണെന്നും മൂന്നാം ലോകയുദ്ധത്തിലേക്ക് താങ്കൾ ലോകത്തെ തള്ളിവിടുമെന്നുമാണ് ട്രംപ് സെലൻസ്കിയെ ആക്ഷേപിച്ചത്. ലോകസമാധാനം നിലനിർത്താനുള്ള സാമ്രാജ്യനായകന്റെ ഔത്സുക്യം ആരെയാണ് ചിരിപ്പിക്കാത്തത്? ഗാസയിൽ നടന്ന പലസ്തീനികളുടെ വംശഹത്യ അവസാനിച്ചു എന്നുപോലും പറയാറായിട്ടില്ലാത്ത ലോകത്തു നിന്നുകൊണ്ടാണ് സൗദിയിൽ വച്ച് അമേരിക്കയും റഷ്യയും ചേർന്നുണ്ടാക്കിയ വെടിനിർത്തൽ പദ്ധതി അംഗീകരിക്കാത്തതിനാൽ സെലൻസ്കിയെ ട്രംപ് യുദ്ധക്കൊതിയൻ എന്നുവിളിക്കുന്നത്. റഷ്യ‑ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാൻ ഉക്രെയ്‌നെ കൂടാതെ നടത്തിയ ചർച്ച അതേപടി അംഗീകരിക്കാൻ സെലൻസ്കി തയ്യാറാകാതിരുന്നതാണ് ഇപ്പോൾ കണ്ട പ്രകോപനത്തിന് കാരണം എന്നേ തല്‍ക്കാലം നമുക്ക് മനസിലാക്കാൻ കഴിയുകയുള്ളൂ.
ഈ അമേരിക്കൻ സ്പോൺസേർഡ് സമാധാനത്തിന്റെ ഉള്ളടക്കം മൂന്നാണ്. റഷ്യ‑ഉക്രെയ്ൻ വെടിനിർത്തൽ, ഉക്രെയ്‌നിലെ അമൂല്യ ധാതുസമ്പത്തിന്മേൽ നല്കിയ സഹായത്തിന് പ്രതിഫലമെന്നോണം അമേരിക്കയ്ക്ക് അവകാശം, യൂറോപ്യൻ പിന്തുണയോടെ ഉക്രെയ്‌ന് ഭാവിസുരക്ഷ, ഊന്നൽ ധാതുസമ്പത്തിൽ തന്നെ. ജനാധിപത്യവും സമാധാനവും ചക്കാത്തിൽ നല്‍കുന്ന പരിപാടി ലോകസാമ്രാജ്യത്വത്തിന് വശമില്ല. “രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല, സ്ഥിരമായ താല്പര്യങ്ങൾ മാത്രം” എന്നത് ശാശ്വതസത്യം ഒന്നുമല്ല. എന്നാൽ അമേരിക്കൻ സാമ്രാജ്യത്വത്തെ സംബന്ധിച്ച് അത് അച്ചട്ടാണ്.
2022 ഫെബ്രുവരി 24നാണ് റഷ്യ‑ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത്. യൂറോപ്പിലും ലോകത്തെവിടെയുമുള്ള പൗരസമൂഹത്തിന് മുമ്പിൽ പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ നിഷ്ഠുരനായ റഷ്യൻ സ്വേച്ഛാധിപതി വ്ലാദിമിർ പുടിൻ അയൽരാജ്യമായ ഉക്രെയ്‌ന് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. മുഖ്യമായും പാശ്ചാത്യമാധ്യമങ്ങളുടെ വ്യാഖ്യാനങ്ങളും യൂറോപ്യൻ ഭരണകൂടങ്ങളുടെ ആഖ്യാനങ്ങളുമാണ് ലോകം പിന്തുടർന്നത്. എന്നാൽ ഇത്തരമൊരു കടന്നാക്രമണത്തിന് പുടിനെ പ്രേരിപ്പിച്ചത് ചരിത്രപരമായ ചില ഘടകങ്ങൾ കൂടിയായിരുന്നു എന്ന വസ്തുത മൂടിവയ്ക്കപ്പെടുകയാണുണ്ടായത്.
1989–91കാലത്തെ സോവിയറ്റ് ശിഥിലീകരണം ലോകത്ത് രണ്ട് പ്രതിലോമ പ്രവണതകൾ കെട്ടഴിച്ചുവിട്ടു. മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെല്ലാം സങ്കുചിതമായ വംശീയ‑ദേശീയ വാദങ്ങളുടെ വളർച്ചയായിരുന്നു ഒന്നാമത്തേത്. ഇത്തരത്തിലുള്ള രാഷ്ട്രങ്ങളെയെല്ലാം അമേരിക്കൻ നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയിലേക്ക് വലിച്ചുചേർക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് രണ്ടാമത്തേത്. ഇത് രണ്ടും സ്വാഭാവിക പ്രവണതകളായിരുന്നില്ല. ആഗോള മൂലധനത്തിന്റെ വ്യാപനത്തിനും ചൂഷണത്തിനും മുന്നിലുള്ള തടസങ്ങൾ തട്ടിനീക്കാൻ യുഎസ്-പാശ്ചാത്യശക്തികൾ നടത്തിയ രാഷ്ട്രീയവും നയതന്ത്രപരവുമായ നീക്കങ്ങൾ തന്നെയായിരുന്നു. തങ്ങൾ വിഭാവനം ചെയ്യുന്ന ഏകധ്രുവ ലോക നിർമ്മാണത്തിന്റെ അനിവാര്യ ചേരുവകളായിട്ടാണ് അതിനെ അവർ കണ്ടത്. സോഷ്യലിസ്റ്റ് പരീക്ഷണത്തിൽ നിന്നുള്ള വെല്ലുവിളികൾ തല്‍ക്കാലം അവസാനിച്ചെങ്കിലും ഏതെങ്കിലും സുശക്തരാഷ്ട്രം ഉയർന്നുവന്ന് ഈ ഏക ലോകക്രമത്തെ വെല്ലുവിളിക്കുന്നത് തടയേണ്ടതുണ്ടായിരുന്നു.
അതിന്റെ ആദ്യപടി യൂറോപ്പിൽ റഷ്യയേയും ഏഷ്യയിൽ ചൈനയെയും പരമാവധി ദുർബലപ്പെടുത്തുക എന്നുള്ളതായിരുന്നു. പഴയ സോവിയറ്റ് യൂണിയനിൽ റഷ്യയുടെ സഹോദര റിപ്പബ്ലിക്കുകളായിരുന്ന എല്ലാ രാജ്യങ്ങളെയും പാശ്ചാത്യപക്ഷത്തേക്ക് ചാക്കിട്ട് പിടിക്കാൻ പല മാർഗങ്ങൾ അവർ കൈക്കൊണ്ടു. ജർമ്മനി ഏകീകരിക്കപ്പെടുന്ന സമയത്ത് അമേരിക്ക സോവിയറ്റ് യൂണിയന് നല്കിയ വാക്ക് ജർമ്മനിയിൽ നിന്നും ഒരിഞ്ച് പോലും കിഴക്കോട്ട് നാറ്റോയെ വ്യാപിപ്പിക്കുകയില്ലെന്നായിരുന്നു. എന്നാൽ അഞ്ച് തവണ മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളെ ഒന്നൊന്നായി ചേർത്ത് നാറ്റോ റഷ്യയുടെ പടിവാതില്‍ക്കലോളം എത്തി. 2008ൽ ഉക്രെയ്‌നും ജോർജിയയ്ക്കും നാറ്റോ അംഗത്വം വാഗ്ദാനം ചെയ്തു. 2014ൽ റഷ്യയോട് സൗഹൃദം പുലർത്തിയിരുന്ന ഉക്രെയ്ൻ ഭരണാധികാരിയെ “മൈദാൻ വിപ്ലവം” എന്ന ഓമനപ്പേരിട്ട അട്ടിമറിയിലൂടെ പുറത്താക്കി. പ്രകോപിതയായ റഷ്യ ഉക്രെയ്ന്റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തു.
നാറ്റോയിൽ നിന്നുണ്ടായേക്കാവുന്ന ഒരാക്രമണത്തെ മുൻകൂട്ടി കണ്ടുകൊണ്ടാണ് പുടിൻ ആദ്യത്തെ അടി അങ്ങോട്ടടിച്ചത് എന്ന വസ്തുത നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് 2023 സെപ്റ്റംബറിൽ നടത്തിയ വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമാകുന്നു. ഇനിയങ്ങോട്ട് നാറ്റോ വിപുലീകരണം ഉണ്ടാകില്ലെന്നും 1997ന് ശേഷം അതിൽ ചേർന്ന രാജ്യങ്ങളുടെ സൈനികസാമഗ്രികൾ എടുത്തുമാറ്റണമെന്നും വ്യവസ്ഥചെയ്യുന്ന ഒരു കരട് ഉടമ്പടി അയച്ചുകൊടുത്തുകൊണ്ട് ആസന്നമായ യുദ്ധസാധ്യത ഒഴിവാക്കാൻ പുടിൻ ശ്രമിച്ചിരുന്നു എന്നതാണത്.
സമാധാന മുദ്രാവാക്യം ഉയർത്തി 2019ൽ അധികാരത്തിൽവന്ന വ്ലാദിമിർ സെലൻസ്കി പക്ഷേ, തുടർന്ന് പ്രകോപന നിലപാടുകൾ സ്വീകരിച്ചു. ഉക്രെയ്‌നെ യൂറോപ്യൻ യൂണിയനിലും നാറ്റോയിലും ചേർക്കാൻ നടപടി ആരംഭിക്കുകയും നവനാസി അർധസൈന്യമായ അസോവിനെ നിയമവിധേയമാക്കുകയും ചെയ്തുകൊണ്ട് സെലൻസ്കി കടുത്ത പ്രകോപനം തൊടുത്തുവിട്ടു. സദ്ദാം ഹുസൈന്റെ അനുഭവം തനിക്കുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ പുടിൻ വൈകാതെ സൈനികനടപടി ആരംഭിച്ചു. ആദ്യത്തെ രണ്ട് വർഷത്തിൽതന്നെ അമേരിക്ക 7140 കോടിയും ജർമ്മനി 2100 കോടിയും ബ്രിട്ടൻ 1330 കോടിയും നോർവെ 530 കോടിയും യൂറോ ആണ് ഉക്രെയിനിന്റെ യുദ്ധഫണ്ടിന് സംഭാവന ചെയ്തത്. നാറ്റോയിലെ 31 അംഗരാജ്യങ്ങളും തങ്ങളാൽ കഴിയുന്നവിധം സംഭാവനകൾ നല്‍കിവരികയുമാണ്.
റഷ്യയും ഉക്രെയ്‌നും തമ്മിൽ ഉരുത്തിരിഞ്ഞുവന്ന ശത്രുതയും യുദ്ധവും ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകാരിലും സമാധാനപ്രേമികളിലും കാല്പനികമായ നൊമ്പരം ഉണർത്തിയിരുന്നു. കാരണം 1917ലെ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പോരാട്ടവേദികളിൽ ഒന്നായിരുന്നു ഉക്രെയ്ൻ. പിന്നീട് യുഎസ്എസ്ആർ രൂപീകരിക്കപ്പെട്ടപ്പോൾ പ്രാമുഖ്യം കൊണ്ട് അതിൽ രണ്ടാം സ്ഥാനത്തായിരുന്നു ഉക്രെയ്ൻ സോവിയറ്റ് റിപ്പബ്ലിക്. ജോസഫ് സ്റ്റാലിനുശേഷം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും സോവിയറ്റ് യൂണിയനേയും ദീർഘകാലം നയിച്ച രണ്ട് നേതാക്കളുടെ ജന്മദേശവും ഉക്രെയ്‌നായിരുന്നു- നിഖിതാ ക്രൂഷ്ചേവിന്റേയും ലിയോനിദ് ബ്രഷ്നേവിന്റേയും. ലോകത്തുണ്ടായിട്ടുള്ളതിൽ തന്നെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നായ സെർജി ഐസൻസ്റ്റീന്റെ “ബാറ്റിൽഷിപ്പ് പോട്ടംകിൻ” ഉക്രെയ്‌നിലെ ഒഡേസ എന്ന നഗരപശ്ചാത്തലത്തിലാണ് ചിത്രീകരിക്കപ്പെട്ടത്. ഇതിലെ ഏറ്റവും ഘോഷിക്കപ്പെട്ട രംഗങ്ങളിൽ ഒന്ന് ഒഡേസാ പടവുകളിലെ (പിന്നീട് പോഡകിൻ പടവുകൾ എന്നും അറിയപ്പെടുന്നു) സിവിലിയൻമാരുടെ കൂട്ടക്കൊലയാണ്. സാർ ചക്രവർത്തി ഭരണകൂടത്തിന്റെ ജനവിരുദ്ധതയും ക്രൂരതയും 1905ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ കലാപരമായ ആവിഷ്കാരത്തിലൂടെ ചിത്രീകരിക്കുന്ന ഈ സിനിമ പില്‍ക്കാല ബോൾഷെവിക് വിപ്ലവത്തിന്റെ അനിവാര്യതയും വിക്ഷേപണം ചെയ്യുന്നുണ്ട്.
സോവിയറ്റ് ഭരണകൂടത്തിന്റെ രാഷ്ട്രീയത്തോടും പ്രവർത്തനരീതികളോടും വിയോജിപ്പുള്ളവർ ലോക ജനാധിപത്യശക്തികളിൽ വിരളമല്ല. എന്നാൽ യുഎസ്എസ്ആറിന്റെ ശിഥിലീകരണത്തിനുശേഷം ഘടക റിപ്പബ്ലിക്കുകളിലും കിഴക്കൻ യൂറോപ്പിലാകെയും ഉയർന്നുവന്ന വംശീയ ദേശീയതകളും വിദ്വേഷാത്മകമായ രാഷ്ട്രരൂപങ്ങളും മനുഷ്യസ്നേഹികളെയാകെ വേദനിപ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെയും ദേശീയപരമാധികാരത്തിന്റേയും സംരക്ഷകരായി വേഷമിടുന്ന യു എസ് — പാശ്ചാത്യശക്തികളുടെ ഉള്ളിലിരിപ്പ് ശിഥിലീകരണവും അതുവഴിയുള്ള സാമ്പത്തികചൂഷണവുമാണെന്ന് സുവ്യക്തം. യുഎസും പാശ്ചാത്യരാജ്യങ്ങളും തമ്മിൽ ഉക്രെയ്‌നോടുള്ള സമീപനത്തിൽ ഇപ്പോഴുണ്ടായിട്ടുള്ള അഭിപ്രായവ്യത്യാസങ്ങൾ ലോകഫിനാൻസ് മൂലധനത്തിന്റെ പൊതുതാല്പര്യത്തിൽ സന്ധി ചെയ്യപ്പെടും. ഉക്രെയ്ൻ ജനത സാമ്രാജ്യത്വ താല്പര്യങ്ങളുടെ ഒടുവിലത്തെ ഇര മാത്രം. സാമ്രാജ്യത്വത്തിന് സ്ഥിര മിത്രങ്ങളില്ല.

