സ്മൃതിക്കെതിരെ വന്ന സോഷ്യൽ മീഡിയ അധിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ കൂടി ആണല്ലോ നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്, പ്രകോപനം ഉണ്ടാക്കുന്നവരുടെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്നാണ് സ്മൃതി കരുതുന്നത്?
ഇപ്പോൾ പ്രകോപനം ഉണ്ടാക്കുന്നവർ ഹിന്ദുത്വ അജണ്ടയുടെ പ്രചാരകരാണ്. ഇത് ഇപ്പോൾ തുടങ്ങിയതല്ല, സോഷ്യൽ മീഡിയ സജീവമായ കാലം മുതൽ ഇവർ ഇത് ചെയ്യുന്നുണ്ട്, എന്നാൽ മുൻപ് മുഖമില്ലാത്ത ഐഡികളിലൂടെ ഫേസ്ബുക്കിൽ ആയിരുന്നു അധിക്ഷേപം എങ്കിൽ ഇപ്പോൾ അത് മുഖം തുറന്നുകാട്ടി youtube channel കളിലൂടെ ആയിട്ടുണ്ട്. അത് തീർച്ചയായും ഭയപ്പെടുത്തുണ്ട്, കരണം അവർക്ക് ആരെയും ഭയക്കേണ്ടാത്ത ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ അങ്ങനെ സജീവമല്ലാത്ത ഒരാൾ ആണ് സ്മൃതി, സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പറയുന്ന സ്ത്രീകൾ പുരുഷൻമാരേക്കാൾ കൂടുതൽ ആക്രമണത്തിനു വിധേയർ ആവുന്നു എന്ന് തോന്നാറുണ്ട്, ദൃശ്യ മാധ്യമ രംഗത്തും അത് തന്നെ അല്ലേ സ്ഥിതി, സ്മൃതി /ഷാനി /സിന്ധു എന്നിവർ നേരിടുന്ന അധിക്ഷേപങ്ങൾ പലപ്പോഴും ലൈംഗിക ചുവയുള്ളതായി മാറുന്നു, എന്നാൽ പുരുഷ ജേണലിസ്റ്റുകളുടെ കാര്യം വരുമ്പോൾ കുറച്ചു കൂടി വ്യത്യസ്തമാണ് കാര്യങ്ങൾ . ജൻഡർ തന്നെയാണോ യഥാർത്ഥ പ്രശ്നം?
പുരുഷന്മാർ നടത്തുന്ന ചർച്ചകൾ ആണെങ്കിലും മറ്റു പരിപാടികൾ ആണെങ്കിലും വിമർശനം രാഷ്ട്രീയമായിട്ടായിരിക്കും, സൈബർ ബുള്ളിയിങ് ഇല്ലെന്നല്ല പക്ഷെ വനിത മാധ്യമ പ്രവർത്തക ആണെങ്കിൽ വിമർശനം മാറി അബ്യൂസ് ആവും. പെണ്ണ് എന്ന സ്വത്വത്തെ തന്നെയാണ് അപ്പോൾ അവർ ടാർഗറ്റ് ചെയ്യുന്നത്, അവിടെ ഭാഷയും രീതിയും എല്ലാം വ്യത്യസ്തമാണ്, ഇതിൽ രാഷ്ട്രീയ പാർട്ടിഭേദമില്ല എന്നൊരു പ്രത്യേകതയുമുണ്ട്. അപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഹിന്ദുത്വ ഗ്രൂപ്പ് ആണ് കൂടുതൽ അപകടകാരികൾ എന്നതാണ്. ബലാൽസംഗ ഭീഷണി ആണ് അവരുടെ പ്രധാന ആയുധം.
ദൃശ്യമാധ്യമങ്ങൾ വാർത്തകൾ ഉണ്ടാക്കുന്നതും, ചർച്ചകൾ നടത്തുന്നതും ഓരോ മാധ്യമത്തിന്റെയും മാനേജ്മെന്റ് താല്പര്യങ്ങളുടെ ഭാഗം ആയിട്ടാണ് എന്നൊരു വിമർശനം ഉണ്ടല്ലോ, വിവിധ മാധ്യങ്ങളിലെ ജോലി അനുഭവംവച്ച് സ്മൃതി ഈ വിമർശനത്തോട് എങ്ങനെ പ്രതികരിക്കുന്നു?
ഈ ചോദ്യം എപ്പോഴും കേൾക്കാറുണ്ട് . ഓരോ സ്ഥാപനങ്ങൾക്കും അവരുടേതായ ചില നിലപാടുകൾ ഉണ്ടാകും എന്നത് സത്യമാണ്. ചില വിഷയങ്ങൾ എടുക്കാൻ തടസം നേരിട്ട അനുഭവം ഉണ്ടായിട്ടുണ്ട്. അതല്ലാതെ ഇന്നതൊക്കെ ആവണം ചോദ്യങ്ങൾ, നിലപാട് എന്ന മട്ടിലുള്ള നിർദ്ദേശങ്ങളൊന്നും ഒരു മാനേജ്മെന്റും ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് അങ്ങനെ ഒരു അനുഭവം ഇല്ല.
എന്ത് കൊണ്ടാണ് ട്രെന്റുകൾക്ക് പിറകെ പോകാൻ ദൃശ്യമാധ്യമങ്ങൾ മത്സരിക്കുന്നത്? പാർശ്വ വല്‍കൃത സമൂഹത്തിന്റെ പ്രശ്നങ്ങളോ/ജൻഡർ വിഷയങ്ങളോ മുഖ്യധാരാ മാധ്യമങ്ങളുടെ കവർ സ്റ്റോറികൾ ആവുന്നുണ്ടോ? സമാന്തര മാധ്യമങ്ങൾ അല്ലേ കുറെ കൂടി ഗൗരവത്തോടെ ആ വിഷയങ്ങളെ സമീപിക്കുന്നത്?
സാമാന്തര മാധ്യമങ്ങൾ പാർശ്വ വല്‍കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ കൂടുതൽ ഗൗരവത്തോടെ എടുക്കുന്നു എന്ന വിമർശനം ഉൾകൊള്ളുന്നു. നമ്മളും എടുക്കാതെ ഇല്ല. പക്ഷെ പ്രാധാന്യം രാഷ്ട്രീയ വാർത്തകൾക്കാവുന്നുണ്ട്. കാഴ്ചച്ചക്കാരും അതിനാണ് എന്ന യാഥാർത്ഥ്യം കൂടി ഉണ്ട്. വാർത്തയെ പൈങ്കിളി ആക്കുന്ന പുതിയ പ്രവണതക്ക് അധികം ആയുസ്സുണ്ട് എന്ന് തോന്നുന്നില്ല. എല്ലാവരും അതിന് പിറകെ പോയിട്ടുമില്ല. കൂടുതൽ കൃത്യമായ മാധ്യമ ഇടപെടലുകളുടെ കാലം ഉണ്ടാവും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം നാൾക്ക് നാൾ കുറഞ്ഞു വരുന്നു എന്നാണല്ലോ കണക്കുകൾ പറയുന്നത്. ഭരണത്തെ നയിക്കുന്ന ഐഡിയോളജിയുടെ പ്രശ്നം ആയിട്ടാണോ സ്മൃതി ഇതിനെ കാണുന്നത്?