Site iconSite icon Janayugom Online

ബിജെപി അഴിമതിയുടെ മൊത്ത വ്യാപാരികൾ

? രാജ്യത്ത് ജനാധിപത്യ, മതേതരത്വ സംരക്ഷണത്തിനായുള്ള മുറവിളി മുമ്പില്ലാത്ത വിധം ഉയരുകയാണല്ലോ 
രാജ്യത്തിന്റെ മതേതര അടിത്തറയും ജനാധിപത്യവും ഭദ്രമാക്കിവയ്ക്കാനുള്ള പോരാട്ടമാണ് എല്ലായിടത്തും നടക്കുന്നത്. ഇപ്പോൾ നാമതിന് സന്നദ്ധരായില്ലെങ്കിൽ പിന്നീട് പ്രതിഷേധിക്കാൻ ഇതുപോലൊരു രാജ്യമില്ലാത്ത നില വരും. അതിനു നാം വഴിയൊരുക്കരുത്. എല്ലാ രംഗങ്ങളിലും ഫാസിസം പിടിമുറുക്കുന്ന കാഴ്ചയാണ് ചുറ്റും. ദേശീയതയുടെ മറവിലാണ് പലതും ബിജെപിയും സംഘ്പരിവാറും കൊണ്ടുവരുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ ഈ നാട്ടിൽ ഇന്ന് കാണുന്ന നന്മകളെല്ലാം കൊഴിഞ്ഞു പോകുന്ന സ്ഥിതിയുണ്ടാകും. കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ദേശീയ രാഷ്ട്രീയം പരിശോധിച്ചാൽ ഇത്തരം ഒരു ദുരവസ്ഥയിലൂടെ രാജ്യം കടന്നുപോകുന്നത് ആദ്യമായാണ്. അതുകൊണ്ടാണ് മുമ്പില്ലാത്തവിധം ജനാധിപത്യവാദികൾ ഫാസിസത്തിനെതിരെ പ്രതിരോധനിര തീർക്കുന്നത്. മോഡി ഭരണത്തെ ജനം അത്രമാത്രം വെറുത്തു കഴിഞ്ഞു.

? ഇടതുപക്ഷ കക്ഷികൾ മോഡി സർക്കാരിനെതിരെ വൻ പ്രക്ഷോഭം നടത്തുമ്പോഴെല്ലാം കോൺഗ്രസിന്റെ ശബ്ദം ദുർബലമാണല്ലോ 
നരസിംഹറാവുവിന്റെ കാലത്ത് കോൺഗ്രസ് സർക്കാരാണ് വൻ അഴിമതികൾക്ക് തുടക്കമിട്ടത്. പിന്നീട് വന്ന ബിജെപി സർക്കാരും അതേ അഴിമതി പാതയിലൂടെയാണ് സഞ്ചരിച്ചത്. കോൺഗ്രസ് അഴിമതിയുടെ ചില്ലറവില്പന നടത്തിയപ്പോൾ ബിജെപി നടത്തിയത് മൊത്തവ്യാപാരമായിരുന്നു എന്ന വ്യത്യാസമേയുള്ളൂ. മൃദുഹിന്ദുത്വവും കോർപറേറ്റ് ചങ്ങാത്തവുമെല്ലാം കോൺഗ്രസിന്റെയും മുഖമുദ്രകളാണല്ലോ. പിന്നെങ്ങനെ അവർക്ക് ബിജെപിയെ തുറന്നെതിർക്കാൻ കഴിയും.
രാജ്യത്തിന്റെ രക്ഷയ്ക്ക് ഇടതുപക്ഷത്തെ മാത്രമേ ആശ്രയിക്കാനുള്ളൂ എന്ന് ജനങ്ങൾ ചിന്തിക്കുന്നത് അതിനാലാണ്. 16 ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ 29 ഇന്ത്യക്കാരിൽ 28 പേരും മോഡിയുടെയും അമിത് ഷായുടെയും നാടായ ഗുജറാത്തിൽ നിന്നുള്ള വ്യവസായികളാണ്. അവശേഷിച്ചയാൾ വിജയ് മല്യയും. ഈ ബാങ്കുകാരാണ് കൃഷിയിറക്കാനും പശുവിനെ വളർത്താനും വായ്പയ്ക്ക് ചെല്ലുന്ന പാവം കർഷകരെ ആട്ടിപ്പായിക്കുന്നത്. കേന്ദ്ര ഭരണാധികാരികളുടെ അഴിമതിക്കെതിരെയും ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത വളർത്തി ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള സംഘ്പരിവാറിന്റെ നീക്കങ്ങൾക്കെതിരെയും യോജിച്ച പോരാട്ടമാണ് വേണ്ടത്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഉപേക്ഷിച്ച് കോൺഗ്രസും ആ നിരയിലേക്ക് വരണം.

? ഇന്ത്യ സഖ്യം അത്തരത്തിൽ ഒരു മുന്നേറ്റത്തിന്റെ ഭാഗമാണല്ലോ, എന്നാൽ അവിടെയും അസ്വാരസ്യങ്ങൾ പ്രകടമാകുന്നുണ്ടല്ലോ
ഒട്ടേറെ രാഷ്ട്രീയകക്ഷികൾ അടങ്ങുന്ന സഖ്യമാണത്. സ്വാഭാവികമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ദാരിദ്ര്യവും അഴിമതിയും തൊഴിലില്ലായ്മയും ഇല്ലാതാക്കാൻ ബിജെപി ഭരണത്തെ താഴെയിറക്കണം എന്നുപറയുമ്പോൾ ബദൽ എന്തെന്ന് ജനം ചോദിക്കും. ഇന്ത്യ സഖ്യത്തിന് അതിനാവുമെന്ന ആത്മവിശ്വാസമാണ് വോട്ടർമാരിൽ സൃഷ്ടിക്കേണ്ടത്. സഖ്യത്തിലെ അഭിപ്രായ ഭിന്നതകൾ പരമാവധി ഒഴിവാക്കി ഐക്യം രൂപപ്പെടുത്തണമെന്ന ചിന്ത ഇതിനകം ഉരുത്തിരിഞ്ഞിട്ടുണ്ട്.

? ആറേഴ് മാസം കഴിഞ്ഞാൽ കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. എന്താണ് അങ്ങയുടെ വിലയിരുത്തൽ
എല്ലാകാര്യത്തിലും രാജ്യത്തിന് മാതൃകയാണ് കേരളം. ശാസ്ത്രജ്ഞരും മികച്ച പാർലമെന്ററിന്മാരും കമ്മ്യൂണിസ്റ്റ് ചിന്തകരുമുള്ള കേരളം ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക നിലവാരത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നതിൽ തർക്കമില്ല. എന്നാൽ വോട്ട് തിരിമറിക്കാരായ ബിജെപിയെ കരുതിയിരിക്കണം. ഒരിക്കൽ കടന്നുകൂടി എന്ന് കരുതി തൃശൂരിൽ അവരിനി ജയിക്കാൻ പോകുന്നില്ല. എൽഡിഎഫ് സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനം നന്നായി മനസിലാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ജനക്ഷേമ സർക്കാരാണ് ഇവിടുത്തേത് എന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

Exit mobile version