Site iconSite icon Janayugom Online

കാര്യവും കാരണവും ഗുണമേന്മയുള്ള ജീവിതവും

ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുന്ന നാടാണ് കേരളം എന്ന് ലോകത്തെ ബാധ്യപ്പെടുത്തുന്ന പദ്ധതിയാണ് ലൈഫ്. ഇതു വരെ 2,76,009 വീടുകള്‍ പൂര്‍ത്തീകരിച്ച് വാസം തുടങ്ങി. യുഡിഎഫിന് തങ്ങളുടെ ഭരണത്തില്‍ നിര്‍മ്മിച്ചു നല്‍കാനായത് 3074 വീടുകള്‍ മാത്രമാണ്. നാലുലക്ഷത്തിന്റെ കണക്കുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാദം തുടര്‍ന്നപ്പോള്‍ ആസൂത്രണ ബോര്‍ഡ് പ്രസിദ്ധീകരിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ അച്ചടിപ്പിശകിനെ ചേര്‍ത്തണച്ച് പര്‍വതീകരിക്കേണ്ടതില്ല, മന്ത്രി എം വി ഗോവിന്ദന്‍ വിശദീകരിച്ചു.ലൈഫ് പദ്ധതിയുടെ സ്തംഭനാവസ്ഥ ചൂണ്ടിയുള്ളതായിരുന്നു പി കെ ബഷീര്‍ സഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയം.

കാര്യമില്ലാതെ കാരണവും കാരണമില്ലാതെ കാര്യവും ഉണ്ടാകില്ല. ഇതൊരു സിദ്ധാന്തമാണ്. പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് 2020 ജൂലൈ-ഓഗസ്റ്റ് വരെ നിശ്ചയിച്ചിരുന്ന ലൈഫ് അപേക്ഷകളുടെ കാലാവധി 2020 സെപ്റ്റംബര്‍ വരെ നീട്ടിയത്. അതാണ് കാര്യം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വിചാരിച്ച വേഗതയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനായില്ല, അതാണ് കാരണം.കാര്യവും കാരണവും കണക്കുകളും പറഞ്ഞ് ഗോവിന്ദന്‍മാഷ് ഇരുന്നു. പ്രതിപക്ഷമോ ഇറങ്ങിപ്പോയി.കരാറുകാരുടെയും മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെയും പേരും മേല്‍വിലാസവും ഫോണ്‍നമ്പരുകളുമടങ്ങുന്ന ബോര്‍ഡുകള്‍ റോഡുകളുടെ ആരംഭത്തിലും അവസാനത്തിലും സ്ഥാപിക്കാന്‍ നടപടിയായതായി മന്ത്രി പി എ മുഹമ്മദ് റിയാസ്.

പെരുന്തച്ചന്റെയും മകന്റെയും പാവകളുടെ അവസ്ഥയിലാകുമോ പൊളിഞ്ഞിളകുന്ന റോഡിലെ കരാറുകാരും ഉദ്യോഗസ്ഥരും.മത്സ്യമേഖലയില്‍ നിന്നും വിയറ്റ്നാമും ബംഗ്ലാദേശും സമാഹരിക്കുന്ന വരുമാനം വിവരിച്ചായിരുന്നു മന്ത്രി സജി ചെറിയാന്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട നാല് ബില്ലുകള്‍ അംഗീകാരത്തിന് അവതരിപ്പിച്ചത്. വിദേശ കപ്പലുകള്‍ക്ക് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികളില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുകയും മത്സ്യ ഇറക്കുമതിക്ക് വഴിയൊരുക്കുന്ന കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്തവരുടെ മുതലക്കണ്ണീരിനെ പരിഹസിച്ചു ചര്‍ച്ചയില്‍ എം നൗഷാദ്. ആളൊഴിഞ്ഞ പ്രതിപക്ഷ ബെഞ്ചുകളെ തുറന്നുകാട്ടി കെ യു ജനീഷ്‌കുമാര്‍. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോലും സമയം ഇല്ലാത്തവര്‍ മത്സ്യത്തൊഴിലാളികളുടെ കാവലാള്‍ ചമയരുത്.

ഇന്ധനവിലവര്‍ധനവും കാലാവസ്ഥാ വ്യതിയാനവും മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുട്ടടിയാകുന്നത് ചൂണ്ടിക്കാട്ടി പി ഉബൈദുള്ള.നീര്‍കാക്കയുടെ എണ്ണം പെരുകുന്നത് നാടന്‍മത്സ്യങ്ങളുടെ വംശം അറ്റുപോകാന്‍ വഴിയായെന്ന് യു പ്രതിഭ പറഞ്ഞു. കൃഷിയൊഴിഞ്ഞ പാടത്ത് ആറ്റുവാളയുടെ പ്രജനനത്തിന് കളമൊരുക്കണം. കൂടു മത്സ്യകൃഷിയും വ്യാപിപ്പിക്കണം. കാരിയും തവളയും ആരകനും ഒക്കെ ഇല്ലാതായിരിക്കുന്നു. തണ്ണീര്‍മുക്കം ബണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട അശാസ്ത്രീയത കൊഞ്ചിന്റെ സര്‍വനാശത്തിന് കാരണമായിരിക്കുന്നു. ട്രോളിങ് സമാനമായ നിയന്ത്രണം കായലില്‍ വേണമെന്നും പ്രതിഭ പറഞ്ഞു.2400 ഭേദഗതിയായിരുന്നു ബില്ലിന്റെ ഭാഗമായി ഉണ്ടായിരുന്നത്. 11 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എല്ലാം ഞങ്ങളാണ് ചെയ്തതെന്ന് മേനി പറഞ്ഞ കെ ബാബുവിനോട് മന്ത്രി സജി ചെറിയാന്‍ സമ്മതിച്ചു “നിങ്ങളാക്കിയതിനെ ഞങ്ങള്‍ മോചിപ്പിച്ചെടുക്കുന്നു. മറ്റെന്തു പറയാന്‍…”

Exit mobile version