ഒഴിഞ്ഞ കടലാസിലല്ല
ചോര ചിതറിയ തെരുവിൽ
കരളു കൊണ്ടൊരു കവിത
എഴുതുന്നു ഞാൻ.
ആരുടെ നിണമിതെന്ന്
ഒരു വനേമ്പക്കമുയരവേ
അവന്റെ കുടലിലെ ചോറ്
വഴി മുടക്കുന്നു.
പോരാളികളെ തടഞ്ഞ
രക്തകറയുള്ള
ഇരുമ്പ് മറയിൽ ചാരി
നിയമ പാലകനിരുന്നു.
അവന്റെ കുട്ടികളുടെ കണ്ണിൽ
ഗോതമ്പ് പാടം കത്തുന്നു.
റബ്ബർ ചക്രങ്ങളിൽ ചോര
നിലവിളിച്ചോടവേ
കാറിനുള്ളിൽ കൂട്ടച്ചിരി
കരിമ്പ് കാടുകളിൽ
കൊടുങ്കാറ്റ് വീശി തിമിർക്കുന്നു.
നെറ്റി പൊട്ടിയ ചോര
കഠിന തണുപ്പിൽ കട്ട കെട്ടി.
മുളക് പാടങ്ങളെരിയ്ക്കുന്നു.
ഗുരുദ്വാരയിൽ നിന്നും
ഒരു വെടിയുണ്ട
കടുക് പാടങ്ങളിൽ
വറവ് മണം പടർത്തുന്നു.
ചില്ല് മേടയിലെ നിസ്സംഗരേ
നിങ്ങൾക്ക് മാത്രമായി
ജീവിക്കാനാവുമോ
പിടഞ്ഞുണർന്ന ചോദ്യം
വയലാറിലെ വാരികുന്തം പോലെ
ചീറി വരുന്നു.