ഭരണനിർവഹണത്തെപ്പറ്റി പൊതുവായ ചില കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും അവ പ്രാവർത്തികമാക്കാനും തങ്ങൾ വിശ്വസിക്കുന്ന ആശയങ്ങളും നിലപാടുകളും നടപ്പിലാക്കാനുമായി ഭരണം നേടാൻ ശ്രമിക്കുകയും ചെയ്യുന്ന സംഘടിത പൗര കൂട്ടായ്മകളായ രാഷ്ട്രീയ പാർട്ടികളാണ് ജനങ്ങൾക്കും പ്രാതിനിധ്യഭരണ സംവിധാനങ്ങൾക്കും ഇടയിൽ അനിവാര്യമായ ബന്ധങ്ങളെ സാധ്യമാക്കുന്നത്.ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമിടയിൽ നിലനിൽക്കേണ്ട ബന്ധങ്ങളെ രൂപപ്പെടുത്തുന്നതും ഭരണപക്ഷത്തോ പ്രതിപക്ഷത്തോ നിലയുറപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.ഒട്ടുമിക്ക ജനാധിപത്യ രാഷ്ട്രങ്ങളിലും രാഷ്ട്രീയ പാർട്ടികൾക്ക് നിയമബാഹ്യമായ അസ്തിത്വമാണുള്ളത്.അമേരിക്കൻ ഭരണഘടന രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപ്പിനെപ്പറ്റി സൂചനകൾ ഒന്നും നൽകുന്നില്ല.ബ്രിട്ടനിലും നിയമസംഹിതകളിൽ രാഷ്ട്രീയ പാർട്ടികൾ ചർച്ച ചെയ്യപ്പെടുന്നില്ല.പക്ഷേ, ഐവർജെന്നിംഗ്സ്,തന്റെ ദി ബ്രിട്ടീഷ് കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്ന ഗ്രന്ഥത്തിൽ പറയുന്നത്, നിലവിൽ ബ്രിട്ടീഷ് ഭരണഘടന പഠന വിധേയമാക്കപ്പെടുകയാണെങ്കിൽ ആ പഠനത്തിന്റെ ആദ്യമധ്യാന്തം രാഷ്ട്രീയ പാർട്ടികൾ ഗൗരവതരമായ ചർച്ചക്ക് വിധേയമാക്കപ്പെടും എന്നാണ്.ഇന്ത്യയിലും രാഷ്ട്രീയ പാർട്ടികൾക്ക് ഭരണഘടനേതര അസ്തിത്വമാണുള്ളത്.രാഷ്ട്രീയ വ്യവസ്ഥയുടെ ജീവവായുവുമാണ് ഇന്ത്യയില്‍ രാഷ്ട്രീയ പാർട്ടികൾ.ജർമ്മൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന നിയമം രാഷ്ട്രീയ പാർട്ടികൾക്ക് ഭരണഘടനാപരമായ സ്ഥാനം നൽകുന്നുണ്ട്. അടിസ്ഥാന നിയമത്തിലെ അനുഛേദം 21 രാഷ്ട്രീയ പാർട്ടികളുടെ പദവി, അവകാശങ്ങൾ, കർത്തവ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്നു.അതിങ്ങനെയാണ്; “ജനങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ ഭാഗഭാക്കാകേണ്ടതുണ്ട്. സ്വതന്ത്ര്യമായാണ് രൂപപ്പെടുന്നതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര സംഘാടനം ജനാധിപത്യ തത്വങ്ങളെ അനുസരിക്കുന്നതാവണം.ആസ്തി വിവരങ്ങൾ,അവയുടെ ഉറവിടം,വിനിയോഗം സംബന്ധിച്ച കാര്യങ്ങളിൽ പാർട്ടികൾ ജനങ്ങളോട് ഉത്തരവാദിത്തപ്പെട്ടവരാണ്. ഏതെങ്കിലും പാർട്ടികൾ തങ്ങളുടെ ലക്ഷ്യ സാധൂകരണത്തിനോ,പാർട്ടി ആശ്രിതരുടെ സ്വഭാവരാഹിത്യ ഫലമായോ ജനാധിപത്യ ഘടനക്ക് വിള്ളലേൽപിക്കുകയോ മൂല്യച്യുതി വരുത്തുകയോ ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ നിലനില്പ് അപകടത്തിലാക്കും വിധം പ്രവർത്തിക്കുകയോ ചെയ്താൽ തദ് പാർട്ടികൾ ഭരണഘടനാവിരുദ്ധമായി കണക്കാക്കപ്പെടും. പാർട്ടികളുടെ ഭരണഘടനാ വിരുദ്ധത സംബന്ധിച്ച വിധി കൽപിക്കുന്നത് രാജ്യത്തെ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി ആയിരിക്കും. ഇതു സംബന്ധമായ വിശദീകരണങ്ങൾ ഫെഡറൽ നിയമങ്ങളാൽ ചിട്ടപ്പെടുത്തപ്പെടും.” ഇതാണ് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് ജർമ്മൻ ഭരണഘടനയുടെ അടിസ്ഥാന നിലപാടുകൾ. രാഷ്ട്രീയ പാർട്ടികളെ ഇത്തരത്തിൽ ഭരണഘടനാപരമായി നിലനിർത്തുന്ന ജർമ്മൻ മാതൃക, അമേരിക്കൻ, ബ്രിട്ടീഷ് രീതികളേക്കാൾ എന്തുകൊണ്ടും പിന്തുടരാവുന്നതാണ്. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച പ്രധാന നിയമപരമായ ഇടപെടൽ 1951 ലെ ജനപ്രാതിനിധ്യ നിയമം മാത്രമാണ്.അതിൽ പറയുന്നു; “രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയുടെ ഭരണഘടനയോടും ജനാധിപത്യത്തോടും സോഷ്യലിസ്റ്റ് തത്വങ്ങളോടും കളങ്കരഹിതമായ വിശ്വാസവും കൂറും പുലർത്തുകയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടതുണ്ട്.”
വികസിത ജനാധിപത്യ രാഷ്ട്രങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ കണിശമായ ആഭ്യന്തര ജനാധിപത്യം പുലർത്തുന്നത് കാണാം. ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിയുടെ ഉന്നതാധികാര സമിതിയാണ് നാഷണൽ കൺസർവേറ്റീവ് കൺവെൻഷൻ. ഇതിന് ഒരു സെൻട്രൽ കൗൺസിലും എക്സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. അമേരിക്കയിലെ രാഷ്ട്രീയ പാർട്ടികളും ഉൾപാർട്ടി ജനാധിപത്യം മുറുകെ പിടിക്കുന്നുണ്ട്. പ്രധാന രാഷ്ട്രീയ പാർട്ടികളായ ഡെമോക്രാറ്റിക് പാർട്ടിക്കും റിപ്പബ്ലിക്കൻ പാർട്ടിക്കും നാഷണൽ കമ്മിറ്റി എന്ന പേരിൽ നയപരമായ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുന്ന മേൽഘടകങ്ങളുണ്ട്.രാജ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പാർട്ടിയുടെ നയരൂപീകരണങ്ങളിലും നാഷണൽ കമ്മിറ്റിക്ക് പരമപ്രധാനമായ കർത്തവ്യങ്ങളാണുള്ളത്.ലോകത്തെ ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്. സഹകരണ സംഘങ്ങളെ സംബന്ധിച്ച് വരെ വിശദമായ ഇടപെടലുകൾ ഭരണഘടന നടത്തുന്നുണ്ട്. മൗലികാവകാശമായ അനുഛേദം 19 (1) © പ്രകാരം ഏതൊരു പൗരനും സഹകരണ സംഘം രൂപീകരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശങ്ങളിൽ പെടുന്നില്ല. അതിബൃഹത്തായ ഒരു ഭരണഘടന രാഷ്ട്രീയ വ്യവസ്ഥയിലെ നിർണായക ഘടകമായ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച കാര്യമായ ഇടപെടലുകൾ നടത്താത്തത് അമ്പരപ്പ് ഉളവാക്കുന്ന കാര്യമാണ്.രാഷ്ട്രീയപാര്‍ട്ടികളുടെ ഭരണഘടനകള്‍ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. വര്‍ഗീയ സ്വാധീനങ്ങള്‍ക്ക് വിധേയമാക്കാത്ത, ഉള്‍പാര്‍ട്ടി ജനാധിപത്യം നിലനിര്‍ത്തുന്ന വിധത്തിലായിരിക്കണം അത്.