Site iconSite icon Janayugom Online

ഭാവഗാനങ്ങളുടെ രാജകുമാരന്‍

മല്ലികപ്പൂവിന്‍ മധുരഗന്ധം പോലെ പരിമളം പരത്തി ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ് പി ജയചന്ദ്രന്‍ എന്ന ഭാവഗായകന്റെ ഓരോ പാട്ടുകളും. വ്യത്യസ്തവും സുന്ദരവുമായ ആലാപന ശൈലിയിലൂടെ പിന്നണി ഗാന ശാഖയില്‍ കിരീടമുറപ്പിച്ച ജയചന്ദ്രനെ തേടി ജെ സി ഡാനിയേല്‍ പുരസ്കാരമെത്തുമ്പോള്‍ അത് മലയാളികള്‍ക്കാകെ അഭിമാനമേകുന്നു. കമുകറ, ഉദയഭാനു, എ എം രാജ, ബ്രഹ്മാനന്ദന്‍, യേശുദാസ് തുടങ്ങിയ പ്രതിഭകളുടെ സ്വരം ഗാനലോക വീഥികളില്‍ അലയടിക്കുന്നതിനിടെയാണ് ജയചന്ദ്രന്‍ മലയാളിയുടെ മനസ് കീഴടക്കാനെത്തിയത്. ‘മഞ്ഞലയിൽ മുങ്ങി തോർത്തി’ എന്ന ആദ്യ ഗാനം മുതൽ ഹിറ്റുകളുടെ അനുസ്യൂത പ്രവാഹമാണുണ്ടായത്. ആസ്വാദക മനസിൽ തത്തിക്കളിക്കുന്ന ആ പാട്ടുകൾക്കിന്നും പതിനാറിന്റെ ചെറുപ്പമാണ്. 1965 ൽ കുഞ്ഞാലിമരക്കാർ എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരനും ചിദംബരനാഥും കോർത്തിണക്കിയ ‘ഒരു മുല്ല പൂവുമായി’ എന്ന ഗാനമാണ് ആദ്യം പാടിയത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ചിത്രം പുറത്തിറങ്ങാൻ താമസിച്ചു. അങ്ങനെയാണ് എക്കാലത്തെയും ഹിറ്റുകളൊരുക്കിയ കൂട്ടുകെട്ട് ജി ദേവരാജൻ, പി ഭാസ്കരൻ ടീമിന്റെ കളിത്തോഴൻ എന്ന ചിത്രത്തിനായി 1967 ൽ പാടിയ മഞ്ഞലയിൽ എന്ന ഗാനം പുറത്തിറങ്ങുന്നത്. ഭാഷയുടെ തനിമ ചോരാതെയുള്ള ആലാപന ശൈലി കേരളത്തിന് പുറത്തും ജയചന്ദ്രന് ആരാധകരെ നേടിക്കൊടുത്തു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം ഹിറ്റുകൾ വാരിക്കൂട്ടി. 

തമിഴിലെ ഭാവഗായകനായി എസ് പി ബാലസുബ്രഹ്‍മണ്യം അറിയപ്പെട്ടപ്പോൾ മലയാളികളുടെ ഭാവഗായകൻ എന്ന വിളിപ്പേര് ജയചന്ദ്രനെ തേടിയെത്തി. ഇന്ദുമുഖി ഇന്ദുമുഖി, നിൻ പദങ്ങളിൽ നൃത്തമാടിടും, ഹർഷ ബാഷ്പം തൂകി, മലയാള ഭാഷതൻ, മല്ലിക പൂവിൻ മധുര ഗന്ധം, സ്വർണ ഗോപുര നർത്തകി ശില്പം… ഭാവാത്മകത നിറഞ്ഞു തുളുമ്പിയ ഗാനങ്ങൾ ആസ്വാദകർ ആവോളം നുകർന്നു. മൃദംഗത്തിലും ചെണ്ടയിലും കഥകളിയിലുമെല്ലാം തല്പരനായിരുന്ന പാലിയത്ത് ജയചന്ദ്രൻ പിന്നീട് ഗാനാലാപനത്തിലേക്ക് ശ്രദ്ധതിരിച്ചു. 1958 ലെ സ്കൂൾ യുവജനോത്സവത്തിൽ ലളിത സംഗീതത്തിലും മൃദംഗത്തിലും ഒന്നാം സ്ഥാനം ജയചന്ദ്രൻ നേടിയപ്പോള്‍ ശാസ്ത്രീയ സംഗീത മത്സരത്തിൽ ഒന്നാമനായത് നാല് വര്‍ഷം സീനിയറായ യേശുദാസായിരുന്നു.1985 ലെ ദേശീയ പുരസ്കാരവും ജയചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്. ജി ദേവരാജൻ ഈണം പകർന്ന നാരായണഗുരു എന്ന സിനിമയിലെ ശിവശങ്കര സർവശരണ്യവിഭോ എന്ന ഗാനത്തിനായിരുന്നു പുരസ്ക്കാരം. അഞ്ച് തവണ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും ലഭിച്ചു. 1972 ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം എന്ന ഗാനത്തിനും 1978ൽ ബന്ധനം എന്ന സിനിമയിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിനും 1999 ൽ നിറം എന്ന ചിത്രത്തിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനത്തിനും 2004 ൽ തിളക്കം എന്ന ചിത്രത്തിലെ നീയൊരു പുഴയായ് തഴുകുമ്പോൾ എന്ന ഗാനത്തിനും 2015 ൽ ജിലേബി, എന്നും എപ്പോഴും, എന്ന് നിന്റെ മൊയ്തീൻ, എന്നീ സിനിമകളിലെ യഥാക്രമം ഞാനൊരു മലയാളി, മലർവാക കൊമ്പത്ത്, ശാരദാംബരം എന്നീ ഗാനങ്ങൾക്കുമാണ് ഭാവഗായകനെ തേടി സംസ്ഥാന പുരസ്കാരം എത്തിയത്. 

Exit mobile version