Site iconSite icon Janayugom Online

ചിതൽ സിൻഡിക്കേറ്റ്

അവരെപ്പോഴും
അങ്ങനെയാണ്
വെല്ലുവിളിക്കില്ല
ഭീഷണികളില്ല
ആയുധങ്ങളില്ല
ആക്രോശങ്ങളില്ല
അത്രമേൽ
നിഷ്കളങ്കമായി
അത്രമേൽ
ഭ്രമിപ്പിക്കുന്ന
നിശബ്ദതയോടെ
നിങ്ങളുടെ
മേൽക്കൂരകളെ
കവർന്നെടുക്കുന്നു
സാധ്യതകളുടെ
പുതിയ ആകാശമെന്ന്
തോന്നും മുകളിൽ
കാറ്റിനു
ജനൽ പാളികളും
അതിഥികൾക്ക്
വാതിലുകളും
എന്തിനെന്നു തോന്നും
രാത്രിയിൽ
തെളിഞ്ഞ
ആകാശം
തിളങ്ങുന്ന നക്ഷത്രം
ഭിത്തിയിൽ അവർ
വരച്ചു തുടങ്ങിയ
അമൂർത്ത
മൺ ചിത്രങ്ങൾ
ഒരു വിലങ്ങിനും
തളച്ചിടാനാകാതെ
ഒഴുകി പരക്കുന്ന
സ്വപ്നങ്ങൾ
ഉറക്കമുണരുമ്പോൾ
നനുത്ത മൺപുറ്റ്
ചുറ്റിലും
വെളിപാട് കൊള്ളാനെന്ന്
അവർ
പുറത്തു
ഭിത്തിയുടെ
അവസാന പാളിയും
പൊഴിഞ്ഞു
വീഴുന്നറിയാതെ
അകത്തു
ധ്യാനമോ
സമാധിയോ
എന്ന് തിരിച്ചറിയാനാകാതെ
നിങ്ങൾ

Exit mobile version