Site icon Janayugom Online

ഊർമ്മിള

പ്രമദവനത്തിലെ സുഗന്ധപരാഗങ്ങൾ
തഴുകുന്നു സുഖദമായെന്നെ…
സ്വപ്നത്തിലേതോ നിലാവിൻ തിരകളിൽ
നീ വന്നുവെന്നെൻ സന്ദേഹം,
ഒരു മാത്ര, ഹൃദയ പ്രകമ്പനത്താലെന്റെ
സിരകളിൽ ചോരക്കുതിപ്പ്;
നീളെപ്പരന്നൊരാ നദീതട സീമയിൽ
ഇമയനങ്ങാതെന്റെ മിഴികൾ;
മെല്ലെയുലാവും ഉത്തരീയത്തിന്റെ
കസവുമിന്നും പ്രഭയാമോ?
കണ്ടു ഞാനിന്നു നിൻ രൂപമെൻ -
മുന്നിൽ, തെളിയും മഴവില്ലു പോലെ.
മിന്നലിൻ ചാപം കുലച്ചൊരു മലരിന്റെ
ബാണം തൊടുത്തയക്കേണം,
ചെന്നു തറയ്ക്കുമ്പോളാകാശപ്പൂത്തിരി -
ആയിരം പെയ്തു നിറയേണം
ചിതറിത്തെറിക്കുന്ന അഗ്നി പുഷ്പങ്ങളാ-
യെൻ ഗദ്ഗദം നീറിയൊടുങ്ങേണം.
അവിടുന്നു മരുവും കൊടും കാടിലുമേറെ -
യാണെന്നാത്മാവു ചൂഴും ഘോരാന്ധകാരം..!

Exit mobile version