Site icon Janayugom Online

പാതയിൽ പൊലിയുന്നവർ

രമിക്കുന്നു പുത്തൻതലമുറയീ
ലഹരിയിൽ മുങ്ങി മയങ്ങിയിന്ന്
കളിക്കുന്നവരിന്ന് പന്തുപോലെ
സ്വജീവിതം, അന്യന്റെ ജീവിതവും

യാത്രകൾ ലക്ഷ്യത്തിലെത്തിടേണം
പാതി വഴിയിൽ ഒടുങ്ങിടൊല്ലേ
വീഥിയിലൂടെ നീയോടീടവേ

ജീവിച്ചു തെല്ലും മതിവരാതെ
ജീവച്ഛവമായി മാറും ചിലർ
ജീവിതത്തേൻ നുകരുന്നോരുടെ
മുന്നിലായെത്തിടും കാലനായി

പാതയിൽ ജീവൻ പൊലിഞ്ഞിടാതെ
നാട്ടിലും വീട്ടിലും ശാന്തിയേകാൻ
നാടിന്റെ നാഡിമിടിപ്പറിയൂ
നാളത്തെ നാടിന്റെ നാഥരല്ലോ

ഉണരട്ടെ കൗമാരം പൊന്നുഷസ്സായ്
നിറയട്ടെ ബോധം മനസ്സിനുള്ളിൽ
വിടരട്ടെ ചുണ്ടത്ത് പൂപ്പുഞ്ചിരി
തിളങ്ങട്ടെ കണ്ണിൽ സഹാനുഭൂതി

ഉയരട്ടെ കണ്ഠത്തിൽ സ്നേഹഗാഥ
കരുതട്ടെ കയ്യിൽ തിരിവെളിച്ചം
പൊരുതട്ടെയെന്നെന്നും നന്മകൊയ്യാൻ
ഒടുങ്ങട്ടെ ലഹരിയെന്നേക്കുമായ്

വളരട്ടെ നാട്ടിൽ സമൃദ്ധിയെന്നും
വിളയട്ടെ സഹജീവി സ്നേഹമെന്നും
ഒഴിയട്ടെ ലഹരിയാം ബാധ നിന്നിൽ
പിരിയട്ടെ വേണ്ടാത്ത സൗഹൃദങ്ങൾ

പാഠങ്ങളെത്രയോ കണ്ടുമുന്നിൽ
പാഠം പഠിച്ചില്ല നമ്മളിന്നും
പാഠം പഠിക്കില്ല പണ്ടുപണ്ടേ
പാഠം പഠിപ്പിച്ചിടുന്നോർ നമ്മൾ

2
ആർക്കുമാകില്ലൊരു ജീവനേകാൻ
ഓർക്കുക ജീവനെടുത്തുകൂടാ
ഒക്കെയും ഭൂമിക്കവകാശികൾ
യമനായിടേണ്ട മനുഷ്യനാകാം

കോർത്തൊരീ കൈകളുയർത്തി നമ്മൾ
പാടിടാം ജീവിതം ലഹരിയെന്നും
ഒരുമയായ് ചേർന്നു നമുക്കു നേരാം
‘പുലരട്ടെ നന്മകൾ പൂത്ത നാട്’

Exit mobile version