വന്‍കിട ബിസിനസ് സാമ്രാജ്യത്തിന്റെ തലവാനായ പിതാവ്. ആ വീട്ടിലെ മൂന്നാമ്മത്തെ മകനായി ദളപതി സ്ക്രീനിൽ തകര്‍ത്താടി. തന്റെ കുടംബത്തിന്റെ സങ്കടങ്ങൾ, സന്തോഷങ്ങൾ, തുടക്കം മുതൽ ഒടുക്കം വരെ സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍, ഇവയില്‍ നിന്നെല്ലാം രക്ഷിക്കുന്നവൻ. ഒരൽപ്പം പ്രണയം, ആക്ഷൻ, കുറച്ച് കുറച്ച് താമാശകൾ, ബിസിനസ് രംഗത്തെ യുദ്ധങ്ങൾ ഇവയെല്ലാം കൂടിചേര്‍ന്നാല്‍ വാരിസ് എന്ന വിജയ് ചിത്രമായി. വിജയ് ആരാധകർക്ക് ആഘോഷിക്കാം. എന്നാൽ സിനിമ പ്രേമികളിൽ ചിലരെങ്കിലും ചിന്തിച്ചുകാണും ഇത്രയധികം വലിച്ചു നീട്ടേണ്ടിയിരുന്നോ എന്ന് 170 മിനിറ്റിലധികം ദൈർഘ്യമുണ്ട് ചിത്രത്തിന്. എങ്കിലും പ്രേക്ഷകരെ പിടിച്ചിരിത്തും എന്നതിൽ തർക്കമില്ല. റിച്ച് ഫാമിലിയായതിനാൽ തന്നെ വീടും ഓഫീസും എന്തിന് വാഹനങ്ങളിൽ പോലും റിച്ച് ഫീലുണ്ടാക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
ചിലയിടങ്ങളിൽ വിഎഫ്‌ക്‌സിന്റെ പോരായ്മകൾ ഉണ്ടെങ്കിലും ചിത്രം പ്രേക്ഷകനെ നിരാശനാക്കില്ല. വംശിയുടെ പുതുമ നിറഞ്ഞ പുത്തൻ പരീക്ഷണങ്ങളാണ് വാരിസിനെ വേറിട്ടതാക്കുന്നത്. ചില രംഗങ്ങളിലെ ഇമോഷണൽ ഡയലോഗുകൾ കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രധാനമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രം എന്നത് വ്യക്തമാണ്. ചിത്രത്തിന്റെ രണ്ടാംപകുതിയോടെയാണ് കൃത്യമായ ട്രാക്കിലേക്കെത്തുന്നത്. അച്ഛന്റെ കസേരയുടെ അനന്തരാവകാശി അഥവാ വാരിസ് എന്ന സ്വപ്നത്തിലേക്ക് വാശിയോടെ നടക്കുന്ന രണ്ടുമക്കൾ. ബിസിനസിനു പകരം കുടുംബവും ജീവിതത്തിലെ സന്തോഷവുമാണ് വലുത് എന്ന് കരുതുന്ന ഇളയ മകൻ ഈ ഒരു പ്രമേയത്തിലാണ് ചിത്രത്തിന്റെ ഒഴുക്ക്. പുതുമയുള്ള കഥയൊന്നുമല്ല വാരിസിന്റേതെങ്കിലും പഞ്ച് ഡയലോഗുകള്‍കൊണ്ടും വിവിധ ഗാനങ്ങള്‍ കൊണ്ടും പ്രേക്ഷകരില്‍ ഓളം ഉണ്ടാക്കുന്നുണ്ട് ചിത്രം.
“ദ ബോസ് റിട്ടേൺസ്” എന്ന പഞ്ച് ഡയലോഗ് ഒന്ന് മാത്രംമതി തീയേറ്ററില്‍ ആരാധകരെ ഇളക്കിമറിക്കാന്‍. ഫാന്‍ബേസില്‍ നോക്കുമ്പോള്‍ വിജയം തന്നെയാണ് ചിത്രം. നായിക രശ്മിക മന്ദാന വളരെ ചുരുക്കം രംഗങ്ങളിൽ മാത്രമാണ് ചിത്രത്തിലെത്തുന്നത്. എസ് തമന്റെ ഗാനങ്ങൾ ചിത്രത്തെ മറ്റൊരുതലത്തിലേക്കെത്തിക്കുന്നു. ശരത്കുമാര്‍ പിതാവായെത്തുമ്പോള്‍ പ്രധാനവില്ലനായി പ്രകാശ് രാജും കൂടെ സുമനുമുണ്ട്. ശ്രീകാന്ത്, ശ്യാം, ജയസുധ, സംഗീത, യോഗി ബാബു, പ്രഭു, ഗണേഷ് വെങ്കട്ടരാമന്‍ എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. അല്പനേരം മാത്രം വന്ന് എസ് ജെ സൂര്യ നിറഞ്ഞ കയ്യടി നേടി. ‘പാസം‘ത്തിന് ഒട്ടറേ വിലകല്‍പ്പിക്കുന്ന ചിത്രം ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.