Site iconSite icon Janayugom Online

വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ ഝാർഖണ്ഡ് ഒന്നാം ഇന്നിങ്സിൽ 282 റൺസിന് പുറത്ത്

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ ഝാർഖണ്ഡിൻ്റെ ഒന്നാം ഇന്നിങ്സ് 282 റൺസിൽ അവസാനിച്ചു. അ‍ർദ്ധ സെഞ്ച്വറി നേടിയ അശീഷൻ്റെയും ശിവം കുമാറിൻ്റെയും ഇന്നിങ്സുകളാണ് ഝാർഖണ്ഡിന് കരുത്ത് പകർന്നത്. കേരളത്തിന് വേണ്ടി മുഹമ്മദ് റെയ്ഹാനും അക്ഷയ് പ്രശാന്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ഝാർഖണ്ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ തന്നെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ തന്മയും ദിവ്യാൻഷുവും പൂജ്യത്തിന് പുറത്തായി. എസ് ആര്യനും മുഹമ്മദ് റെയ്ഹാനുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്. മറുവശത്ത് ഉറച്ച് നിന്ന അശീഷൻ 54 റൺസെടുത്തു. മധ്യനിരയിൽ 58 റൺസെടുത്ത ശിവം കുമാറിൻ്റെ പ്രകടനവും ശ്രദ്ധേയമായി. ആറാം വിക്കറ്റിൽ ശിവം കുമാറും രുദ്ര മിശ്രയും ചേർന്ന് കൂട്ടിച്ചേർത്ത 80 റൺസാണ് ഝാ‍ർഖണ്ഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. രുദ്ര മിശ്ര 37 റൺസെടുത്തു. ജയ് രജക് (36), കൃപ സിന്ധു (26) യുവ് രാജ് സിങ് (25) എന്നീ താരങ്ങളും ഝാർഖണ്ഡിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. കേരളത്തിന് വേണ്ടി മൂന്നു വിക്കറ്റുകൾ വീതം നേടിയ മുഹമ്മദ് റെയ്ഹാനും അക്ഷയ് പ്രശാന്തിനും പുറമെ എസ് ആര്യനും എസ് വി ആദിത്യനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version