ഇന്ത്യൻ അത്‌ലറ്റിക്‌സിലെ സുവർണ താരം ഒളിമ്പ്യൻ ജിൻസൺ ജോൺസൺ വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഒന്നര പതിറ്റാണ്ടോളം നീണ്ടകായിക ജീവിതത്തിന് തിരശീല വീഴ്ത്തുന്നതായി താരം അറിയിച്ചത്. മത്സരങ്ങളിൽ നിന്ന് വിരമിച്ചാലും അത്‌ലറ്റിക്‌സ് രംഗത്ത് മറ്റ് ചുമതലകളിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിൻസൺ, 1500 മീറ്റര്‍ ഓട്ടത്തിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ പ്രകടനമാണ് ജിൻസന്റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന നേട്ടം.
1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും താരം സ്വന്തമാക്കി. 1962ന് ശേഷം 1500 മീറ്ററിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോഡും ജിൻസൺ കുറിച്ചു. കായികരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2018ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു. 1500 മീറ്ററിൽ നിലവിലെ ദേശീയ റെക്കോഡ് ജിൻസൺ ജോൺസന്റെ പേരിലാണ്. 800 മീറ്ററിൽ 1976ൽ ശ്രീറാം സിങ് സ്ഥാപിച്ച 42 വർഷം പഴക്കമുള്ള റെക്കോഡ് 2018ല്‍ ഗുവാഹട്ടിയിൽ നടന്ന നാഷണൽ ഇന്റർ‑സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ ജിൻസൺ മറികടന്നു. 2023ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കല മെഡൽ നേടിയത് താരത്തിന്റെ അവസാനത്തെ പ്രധാന അന്താരാഷ്ട്ര നേട്ടമാണ്.

