ജെഎന്‍എയുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം. ഇന്ന് വൈകിട്ട് നാലുമണിയോടെ സര്‍വകലാശാലയിലെ പ്രധാന ഗേറ്റില്‍ വിദ്യാര്‍ഥി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാള പത്ര, ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ സെക്യൂരിറ്റി ജീവനക്കാര്‍ അന്യായമായി തടഞ്ഞ് കയ്യേറ്റം ചെയ്യുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരായ ആര്‍ അച്യുതന്‍, മോഹന്‍ കുമാര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റു. ഫോട്ടോഗ്രാഫര്‍ പി വി സുജിത്തിനെ മര്‍ദിക്കുകയും കാമറ പിടിച്ചു വാങ്ങുകയും ചെയ്തു. മര്‍ദനം തടയാന്‍ ശ്രമിച്ച ശരണ്യ ഭുവനചന്ദ്രന് നേരെ സെക്യൂരിറ്റി ജീവനക്കാര്‍ അസഭ്യവര്‍ഷം നടത്തി. അതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കാമറകള്‍ പിടിച്ചുവാങ്ങി തകര്‍ക്കാനും ശ്രമമുണ്ടായി. കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ഇടപെട്ടാണ് സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ചുവച്ച കാമറകള്‍ വിട്ടുനല്‍കിയത്.
സംഭവത്തില്‍ കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം പ്രതിഷേധിച്ചു. അക്രമ സ്വഭാവമുള്ളവരെ സെക്യൂരിറ്റി ജോലിക്കു നിര്‍ത്തുന്നത് ഉചിതമല്ല. ഇവരെ പുറത്താക്കുകയും നിയമ നടപടി സ്വീകരിക്കുകയും വേണം. പൊലീസ് നടപടി ഉറപ്പാക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം അത്യന്തം അപലപനീയമെന്ന് സിപിഐ രാജ്യസഭാംഗം പി സന്തോഷ് കുമാര്‍ പറഞ്ഞു.
കുറ്റക്കാരായ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും അവര്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കിയവര്‍ക്കെതിരെയും അടിയന്തരമായി അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.