Site icon Janayugom Online

സുഹൃത്തും വഴികാട്ടിയുമായ സുരേഷ്

1981 ൽ കോഴിക്കോട് ജനയുഗത്തിൽ ചേരുമ്പോൾ പത്രപ്രവർത്തനത്തെക്കുറിച്ച് ചില ആദർശപരമായ വന്യസങ്കല്പങ്ങൾ മാത്രമാണുണ്ടായിരുന്നത്. പത്രപ്രവർത്തനത്തെ ഒരു വികാരമാക്കിമാറ്റിയത് എം പി അച്യുതൻ, പി എസ് രവീന്ദ്രൻ, കെ ടി സുരേഷ്, നടേരി ഗംഗാധരൻ, കുഞ്ഞുരാമൻ കാരയാട്, കെ പി വിജയകുമാർ, വി ജി വിജയൻ തുടങ്ങി പല പ്രായത്തിലും വിഭിന്നങ്ങളായ കഴിവുകൾ കൊണ്ട് അനുഗ്രഹീതരുമായ, അത്യന്തം പ്രതിബദ്ധതയുള്ള ഒരു സംഘത്തിന്റെ സഹവാസവും മാർഗദർശനവുമായിരുന്നു. മാനേജിങ് എഡിറ്റർ എം കണാരേട്ടന്റെ നിരീക്ഷണത്തിലും മാനേജർ പി വി ഗംഗാധരേട്ടന്റെ പിന്തുണയിലും പത്രപ്രവർത്തന ജീവിതത്തിന്റെ ആ ആരംഭവർഷങ്ങൾ നൽകിയ ആഹ്ലാദകരമായ അനുഭവസമ്പത്ത് അവിസ്മരണീയം. അവരിൽ അച്യുതനും വിജയകുമാറും ഒഴികെ എല്ലാവരും നിത്യസ്മരണകളായിക്കഴിഞ്ഞു.

സുരേഷ് പത്രപ്രവർത്തനത്തിൽ സമയനിഷ്ഠ പാലിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്നു. അന്നത്തെ പ്രാകൃതമായ അച്ചടി സംവിധാനത്തിലും പത്രവിതരണ സംവിധാനത്തിലും പത്രം കൃത്യമായി വിതരണത്തിനെത്തിക്കുന്നതിൽ അദ്ദേഹം മറ്റാരെക്കാളും ജാഗ്രത പുലർത്തിയിരുന്നു. ആ സമയനിഷ്ഠയുടെ പ്രാധാന്യം പിൽക്കാലത്ത് കെ എം മാത്യുവിന്റെ ‘എട്ടാമത്തെ മോതിരം’ വായിച്ചപ്പോഴാണ് ബോധ്യപ്പെട്ടത്. അന്നത്തെ കോഴിക്കോട് ജനയുഗം സംഘത്തെപ്പോലെ ഒരു സംഘത്തെ ഇന്ന് സ്വപ്നം കാണാൻപോലും ആകുമോ എന്ന് അത്ഭുതപ്പെടുന്നു.

സുരേഷിന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോഴിക്കോട് നഗരത്തിലെ പ്രമുഖ നേതാവായിരുന്നു. അതുകൊണ്ടുതന്നെ മുതലക്കുളത്തിന് സമീപമുള്ള അവരുടെ വീട്ടിൽ പലപ്പോഴും പോകാറുണ്ടായിരുന്നു. അന്ന് എന്റെ കാമുകിയായിരുന്ന ശാന്ത അവരുടെ അയൽവാസിയാണെന്ന് തിരിച്ചറിഞ്ഞതോടെ സുരേഷിന്റെ വീട്ടിൽ പോകാനുള്ള ഒരവസരവും ഞാൻ പാഴാക്കിയിരുന്നില്ല. മാത്രമല്ല കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും അതൊരു പ്രേരണയായി. അങ്ങനെ സുരേഷ് എന്റെയും ശാന്തയുടെയും ജീവിതത്തിന്റെ ഭാഗംകൂടിയായി മാറി.
ജനയുഗത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായും തുടർന്ന് എഡിറ്ററായും ചുമതലയേറ്റപ്പോഴൊക്കെ സുരേഷ് വളരെ താല്പര്യത്തോടെ വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ജനയുഗത്തിലെ പുതുതലമുറ പ്രവർത്തകർക്കും പ്രാദേശിക ലേഖകർക്കും പരിശീലനത്തിന് സഹായം അഭ്യർത്ഥിച്ചപ്പോഴൊക്കെ ഗൃഹാതുരത്വത്തോടെ സഹായിക്കാൻ അദ്ദേഹം സന്നദ്ധനായി. ജനയുഗം സ്വതന്ത്ര സോഫ്റ്റ്‌വേറിലേക്കു മാറുന്നതിനെപ്പറ്റി അറിഞ്ഞപ്പോൾ വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചിരുന്ന സുരേഷ് അതിനെപ്പറ്റി ആരായുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
മുതിർന്ന സഹപ്രവർത്തകനും ഗുരുസ്ഥാനീയനും കുടുംബ സുഹൃത്തും അഭ്യുദയകാംഷിയുമായ സുരേഷ് വിടവാങ്ങിയിരിക്കുന്നു. ആ സ്മരണ ജീവിതത്തിന്റെ ഭാഗമായി എന്നെന്നും നിലനിൽക്കും.

Exit mobile version