Site iconSite icon Janayugom Online

കബഡി…കബഡി…

കൗമാരക്കുതിപ്പില്‍ പാലക്കാടിന് ഇരട്ടിമധുരവുമായി കബഡി ടീം. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അണ്ടര്‍ 17 ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കബഡി മത്സരത്തിലാണ് പാലക്കാട് ചാമ്പ്യന്‍ പട്ടം ചൂടിയത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 17 ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ കോഴിക്കോടിനെ 10 പോയിന്റുകളുടെ ലീഡില്‍ നിലംപരിശാക്കിയാണ് 44 പോയിന്റുകളുമായി പാലക്കാട് ചാമ്പ്യന്മാരായത്. അബിന്‍, മിനിട്ടോ, സിജോ, റിനോയ്, ആകാശ്, ഷെഹിന്‍, അന്‍ഫാസ്, ശ്യാം, നിതിന്‍, അമീര്‍, വിഷ്ണു, സഞ്ജയ് എന്നിവരാണ് ടീമിന് കരുത്തേകിയത്. പാലക്കാട് ടീമിന്റെ കോച്ചുമാരായ അശ്വിന്‍ എസ്, സാജന്‍ എം എസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ പരിശീലനത്തിന്റെ ആത്മവിശ്വാസത്തിലാണ് കുട്ടികള്‍ പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്. നെന്മാറ, ചിറ്റൂര്‍, അട്ടപ്പാടി, ഒറ്റപ്പാലം എന്നീ സമീപപ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളായതുകൊണ്ട് തന്നെ മുന്‍ പരിചയവും ജില്ലാ മത്സരങ്ങളുടെ മികവും കുട്ടികള്‍ക്ക് ഊര്‍ജം പകര്‍ന്നതായി കോച്ച് അശ്വിന്‍ എസ് പറഞ്ഞു. തുടക്കം മുതല്‍ തന്നെ മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ പാലക്കാടിന് കഴിഞ്ഞിരുന്നു. ഇടവേള വിസില്‍ മുഴങ്ങുമ്പോഴും കോഴിക്കോടിനെതിരെ 26–13 എന്ന നിലയിലായിരുന്നു പാലക്കാട്. ഇതും പാലക്കാടിന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു. കോഴിക്കോട് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പാലക്കാട് ആ ശ്രമങ്ങള്‍ തടയുകയായിരുന്നു. 

മത്സരത്തില്‍ ബെസ്റ്റ് പ്ലെയറായി പാലക്കാടിന്റെ സിജോയെയും എമര്‍ജിങ് പ്ലെയറായി കോഴിക്കോടിന്റെ മിന്‍ഹാജിനെയും തെരഞ്ഞെടുത്തു. അണ്ടര്‍ 17 ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനം മലപ്പുറം സ്വന്തമാക്കി. സെമി ഫൈനലില്‍ മലപ്പുറത്തിനെ രണ്ട് പോയിന്റിന്റെ ലീഡിന് തോല്‍പ്പിച്ചാണ് പാലക്കാട് ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കായികമേളയില്‍ കബഡി മത്സരത്തില്‍ പാലക്കാട് ആദ്യ മത്സരം തന്നെ കളം വിട്ടിരുന്നു.
അണ്ടര്‍ 17 ജൂനിയര്‍ ഗേള്‍സ് കബഡിയിലും പാലക്കാട് ജേതാക്കളായി. ഫൈനലില്‍ തൃശൂരിനെ തോല്‍പ്പിച്ചാണ് വിജയ കിരീടം ചൂടിയത്. പാലക്കാടും തൃശൂരും നിശ്ചിത സമയത്ത് 32 പോയിന്റുകള്‍ നേടി തുല്യത പാലിച്ചു. തുടര്‍ന്ന് നടന്ന ടൈ ബ്രേക്കറില്‍ അഞ്ചിനെതിരെ ആറ് പോയിന്റ് നേടിയാണ് പാലക്കാട് സ്വര്‍ണം നേടിയത്. ലൂസേഴ്സ് ഫൈനലില്‍ എറണാകുളത്തെ പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി. ജില്ലയില്‍ എളുപ്പമായിരുന്നെങ്കിലും സംസ്ഥാനത്തെത്തിയപ്പോള്‍ മത്സരം കടുത്തെന്ന് പാലക്കാടിന്റെ പരിശീലകന്‍ ബൈജു കെ വി പറഞ്ഞു. കൊല്ലങ്കോട് യോഗിനിമാതാ സ്കൂളിലെ ചിത്രകലാ അധ്യാപകന്‍ കൂടിയായ ബൈജു സ്വന്തമായി ലോണ്‍ എടുത്താണ് കുട്ടികള്‍ക്ക് പരിശീലനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്. 2013 മുതല്‍ കബഡി പരിശീലകനായ ബൈജുവിനു കീഴില്‍ നിരവധി കുട്ടികള്‍ ദേശീയ ഒളിമ്പിക്സില്‍ ഉള്‍പ്പെടെ മികവ് തെളിയിച്ചിട്ടുണ്ട്. കാവ്യ, അനുശ്രി, ജിതിഷ, അഭിഷ, ഏയ്ഞ്ചല്‍, ജ്യോതിമണി, അനുഷ്ക, കാവ്യ, അനുശ്രീ, വിജിഷ, ഐശ്വര്യ, ആഷ്‌ലി എന്നിവരാണ് ടീമിന് കരുത്തേകിയത്. 

Exit mobile version