Site iconSite icon Janayugom Online

കാലമേശാത്ത ഗന്ധർവ ഗാനം; യേശുദാസിന്റെ സിനിമയിലെ ഗാനസപര്യക്ക് 64 വയസ്

കാലം 1961 നവംബർ 14. മദ്രാസിലെ ഭരണി സ്റ്റുഡിയോയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രേം നസീര്‍, സഹോദരന്‍ പ്രേം നവാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കെ എസ് ആന്റണിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയുടെ റെക്കോര്‍ഡിംഗ് സജീവമായി നടക്കുന്നു. സിനിമയിൽ പാടുവാനായി പുതുമുഖമായ ഒരു 21 വയസുകാരൻ സ്റ്റുഡിയോയിൽ എത്തിയിട്ടുണ്ട്. പേര് യേശുദാസ്. എം ബി ശ്രീനിവാസന്‍ ആയിരുന്നു ചിത്രത്തിന് സംഗീതം പകരുന്നത്. മുമ്പ് പാടാൻ നിശ്ചയിച്ചിരുന്ന തട്ടുപൊളിപ്പൻ പാട്ട് പനിമൂലം യേശുദാസിന് പാടുവാൻ കഴിഞ്ഞില്ല. പുതിയതായി പാടാനുള്ള പാട്ടിന്റെ വരികൾ എം ബി ശ്രീനിവാസൻ യേശുദാസിന് കൈമാറി. അതിൽ ഇങ്ങനെ എഴുതി.

‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്’

 

 

 

 

ശ്രീനാരായണ ഗുരുവിന്റെ വിഖ്യാതമായ നാലുവരി ശ്ലോകം ചൊല്ലി അരങ്ങേറ്റം കുറിക്കാനുള്ള അവസരം യേശുദാസിന് ലഭിച്ചത് ഒരു നിയോഗം പോലെയായിരുന്നു. സിനിമാഗാനങ്ങളും ശാസ്ത്രീയ ഗാനങ്ങളുമൊക്കെ ആലപിക്കാന്‍ പറഞ്ഞ് ടെസ്റ്റിംഗ് നടത്തിയിട്ടാണ് എം ബി ശ്രീനിവാസന് യേശുദാസിനെ ബോധിച്ചത്. തുടക്കക്കാരന്റെ പരിഭ്രമം ഉണ്ടാവേണ്ടെന്നു കരുതി റിഹേഴ്സല്‍ എന്നു പറഞ്ഞാണ് എംബിഎസ് യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചത്. ഗുരുസൂക്തം പാടി സിനിമയിലെ സംഗീതജീവിതം ആരംഭിക്കാനായതിലെ സന്തോഷം യേശുദാസ് പിന്നീട് പലയിടത്തും പങ്കുവച്ചിട്ടുണ്ട്. ആ വരികളുടെ സത്ത പിന്നീടു ഗായകൻ ജീവിത ദർശനമാക്കി. പിന്നീടു സംഭവിച്ചത് ഇന്ത്യൻ സംഗീതത്തിലെ തന്നെ പുതുയുഗപ്പിറവി.
മനുഷ്യന്റെ എല്ലാ വികാര വിചാരങ്ങളോടും കൂട്ടുചേരുന്നൊരു സമഞ്ജസ രാഗമുണ്ടെങ്കിൽ അതിനു പേര് ‘യേശുദാസ്’ എന്നായിരിക്കും. ആറു പതിറ്റാണ്ടായി മലയാളി കാതോരം ചേർത്തു ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗം. മനുഷ്യനെയും ഈശ്വരനെയും ഒരുപോലെ പാടി ഉണർത്താനും ഉറക്കാനും നിയോഗമുള്ള ജന്മമായാണ് യേശുദാസിനെ വിശ്വാസികൾ കാണുന്നത്.

പരാജയങ്ങൾ നിരവധി

ഏതുമേഖലയിലെയും പ്രശസ്‍തരുടെ ആദ്യകാല പരാജയങ്ങള്‍ പോലെ ചിലത് യേശുദാസിനുമുണ്ട് പറയാന്‍. പിതാവ് സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫില്‍ നിന്ന് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ച യേശുദാസ് പിന്നീട് തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കൊളേജ് എന്നിവിടങ്ങളിലും പഠിച്ചു. ഗാനഭൂഷണം പാസായതിനു ശേഷമാണ് ആകാശവാണി നടത്തിയ ശബ്‍ദപരിശോധനയില്‍ യേശുദാസ് പങ്കെടുത്തത്. പക്ഷേ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടില്ല. കരിയറിന്റെ ആദ്യ ഘട്ടത്തിലെ മറ്റൊരു തിരസ്‍കാരം ഒരു സിനിമയിലെ പിന്നണി പാടാനുള്ള അവസരം തൊട്ടരികത്തുവന്ന് മടങ്ങിയതാണ്. പി വി കൃഷ്‍ണയ്യരുടെ സംവിധാനത്തില്‍ 1950ല്‍ പുറത്തെത്തിയ ‘നല്ല തങ്ക’ എന്ന ചിത്രമായിരുന്നു ഇത്.

 

 

 

കല്ലും മുള്ളും നിറഞ്ഞ ബാല്യം

 

കല്ലും മുള്ളും നിറഞ്ഞതായിരുന്നു യേശുദാസിന്റെ ബാല്യം. പിതാവ് അഗസ്റ്റിൻ ജോസഫിന് വളരെ അടുപ്പമുള്ളവർ സിനിമയിലുണ്ടായിരുന്നെങ്കിലും ഒരിക്കലും യേശുദാസിന് വേണ്ടി ശുപാർശ ചെയ്തിട്ടില്ല. ആദ്യ പാട്ടു പാടാനായി മദ്രാസിലേക്കു പോകാനൊരുങ്ങുമ്പോൾ അദ്ദേഹം സുഖമില്ലാതെ കിടപ്പിലായിരുന്നു. ഉദയയുടെ ബാനറില്‍ കുഞ്ചാക്കോ സഹനിര്‍മ്മാതാവായിരുന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ ഒരുക്കിയത് വി ദക്ഷിണാമൂര്‍ത്തിയായിരുന്നു. അക്കാലത്ത് സ്‍കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന യേശുദാസ് കച്ചേരികളിലൂടെ ശ്രദ്ധേയനായിരുന്നു. കൗമാരക്കാരനായ യേശുദാസിനെ ഒരു ഗാനം ആലപിക്കാനായി ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ തിരിച്ചടിയില്‍ പതറാതെ സജീവമായി സംഗീത പഠനം തുടരുകയായിരുന്നു യേശുദാസ്.

ആദ്യത്തെ കച്ചേരി ഒമ്പതാം വയസ്സില്‍

1949‑ൽ ഒമ്പതാം വയസ്സിലാണ് അദ്ദേഹം ആദ്യത്തെ കച്ചേരി അവതരിപ്പിക്കുന്നത്. ദാസപ്പൻ ഭാഗവതർ, കാട്ടാശേരി കൊച്ചുഭാഗവതർ എന്നീ വിശേഷണങ്ങൾ യേശുദാസിന് അന്ന് ലഭിക്കുന്നുണ്ട്. സ്കൂൾ പഠനകാലത്ത് പങ്കെടുത്ത ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തന്നെ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയായിരുന്നു യേശുദാസിന്റെ തുടക്കം. കുഞ്ചാക്കോയുടെ സംവിധാനത്തിലെത്തിയ ‘ഭാര്യ’യിലെ ഗാനങ്ങളാണ് യേശുദാസിന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്തത്. ജി ദേവരാജന്‍ സംഗീതം പകര്‍ന്ന ഗാനങ്ങളൊക്കെ ഹിറ്റായിരുന്നു. ‘പഞ്ചാര പാലുമുട്ടായി’ ഉള്‍പ്പെടെ മൂന്ന് ഗാനങ്ങളാണ് യേശുദാസ് ചിത്രത്തില്‍ ആലപിച്ചത്. മലയാള സിനിമാഗാനരംഗത്തേക്ക് കടന്നുവന്നിരിക്കുന്ന പുതിയ പ്രതിഭ പ്രമുഖ സംഗീത സംവിധായകരുടെയൊക്കെ ആദ്യ ചോയ്‍സ് ആവുന്ന കാഴ്ചയായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍. യേശുദാസിനെ ആദ്യം തഴഞ്ഞ വി ദക്ഷിണാമൂര്‍ത്തി, എം ജി ശ്രീനിവാസന്‍, ജി ദേവരാജന്‍, ബ്രദര്‍ ലക്ഷ്‍മണന്‍, എം എസ് ബാബുരാജ് എന്നിവരൊക്കെ അക്കൂട്ടത്തില്‍ പെടുന്നു. പിന്നീടുള്ള ആറ് പതിറ്റാണ്ടുകള്‍ മലയാളി ഈ സ്വരത്തിലൂടെ വീണ്ടുംവീണ്ടും കേള്‍ക്കുന്നു.

ഏറ്റവും കൂടുതൽ പാടിയത് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ

യേശുദാസ് ഏറ്റവും അധികം പാടിയത് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ ആണ്. അദ്ദേഹം ഈണമിട്ട 650ൽപ്പരം ഗാനങ്ങൾ ദാസേട്ടന്റെ ശബ്ദമായി പ്രേക്ഷകർ കേട്ടുകഴിഞ്ഞു. രണ്ടാമതായി രവീന്ദ്രൻ മാസ്റ്റർ ഈണമിട്ട പാട്ടുകളാണ് യേശുദാസ് പാടിയത്. മോഹന രാഗത്തിലുള്ള പാട്ടുകളിലാണ് യേശുദാസിന്റെ ശബ്ദം അധികമായി സംഗീത സംവിധായകർ ഉപയോഗപ്പെടുത്തിയത്. സിനിയ്ക്ക് പുറമെയുള്ള ഗാനങ്ങളിൽ ആലപ്പി രംഗനാഥിന്റെ സംഗീത സംവിധാനത്തിലാണ് കൂടുതല് പാട്ടുകള് പാടിയിട്ടുള്ളത്.

രണ്ടാം വരവിന് കാരണമായത് രവീന്ദ്രൻ

ദേവരാജൻ മാഷും ദക്ഷിണാമൂർത്തി സ്വാമിയുമെല്ലാം സംഗീത സംവിധാന രംഗത്തു നിന്നു പിൻവലിഞ്ഞ കാലത്ത് യേശുദാസും അത്തരം തീരുമാനം എടുത്തു. അന്നേരം വന്ന പുതിയ പാട്ടുകളൊന്നും മനസിനു തൃപ്തി തരുന്നതുമായിരുന്നില്ല. അപ്പോഴാണ് രവീന്ദ്രൻ ഹിസ് ഹൈനസ് അബ്ദുള്ളയിലെ പാട്ടുകൾ തയാറാക്കി സമീപിക്കുന്നത്. എന്നാൽ യേശുദാസ് ഒഴിയാൻ നോക്കി. ട്യൂൺ കേട്ടിട്ട് ഇഷ്ടമായില്ലെങ്കിൽ പാടേണ്ടെന്നായി രവീന്ദ്രൻ. പ്രമദ വനം വീണ്ടും… എന്ന പാട്ടിന്റെ ട്രാക്ക് കേട്ടതും മനസ്സ് നിറഞ്ഞു. യേശുദാസിന്റെ രണ്ടാം വരവിന് കാരണമായത് ആ പാട്ടായിരുന്നു.

അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെ പാട്ടാണ് യേശുദാസ്. ആ ഗന്ധര്‍വ സ്വരം മൂളാത്ത, മനസില്‍ പാടി നടക്കാത്ത എത്ര മലയാളികളുണ്ടാവും? സംഗീതം ഇഷ്ടപ്പെടുന്നവരില്‍ ഒരാള്‍ പോലും ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയാം. അറുപതുകളില്‍ മലയാളസിനിമയില്‍ ആദ്യമായി മുഴങ്ങിത്തുടങ്ങിയ യേശുദാസിന്റെ ശബ്ദം ഇന്നും ഹൃദയഗീതങ്ങളായി കൊണ്ടുനടക്കുകയാണ് നമ്മള്‍.

Exit mobile version