Site iconSite icon Janayugom Online

കലിപ്പ് തീര്‍ത്തത് ജപ്പാനോട്; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് 211 റണ്‍സിന്റെ ജയം

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ രണ്ടാം അങ്കത്തില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് പടുകൂറ്റന്‍ വിജയം. ജപ്പാനെതിരെ 211 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൊഹമ്മദ് അമാന്റെ സെഞ്ചുറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു. 118 പന്തുകൾ നേരിട്ട അമാൻ ഏഴു ഫോറുകളോടെ 122 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ ജപ്പാന് കഴിഞ്ഞുള്ളു. 

ഓപ്പണർ ആയുഷ് മാത്രെ (29 പന്തിൽ 54), കാർത്തികേയ (49 പന്തിൽ 57), ഹാർദിക് രാജ് (12 പന്തിൽ പുറത്താകാതെ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഐപിഎൽ താരലേലത്തിൽ 1.10 കോടി രൂപയ്ക്ക് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് വാങ്ങിയ 13കാരൻ വൈഭവ് സൂര്യവംശി 23 പന്തിൽ 23 റൺസെടുത്ത് പുറത്തായി. ആന്ദ്രെ സിദ്ധാർഥ് (48 പന്തിൽ 35), നിഖിൽ കുമാർ (17 പന്തിൽ 12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു രണ്ടു പേർ. 

കൂറ്റന്‍ വിജയലക്ഷ്യം എത്തിപ്പിടിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ജപ്പാന്‍ പരമാവധി നേരം ക്രീസില്‍ നില്‍ക്കാനാണ് ശ്രമിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഹ്യൂഗോ കെല്ലിയും നിഹാര്‍ പാര്‍മറും(14) ചേര്‍ന്ന് 13.4 ഓവറില്‍ 50 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. ഇന്ത്യയ്ക്കായി കാർത്തികേയ, ഹാർദിക് രാജ്, ചേതൻ ശർമ്മ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. യുദ്ധജിത് ഗുഹയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ യുഎഇയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ യുഎഇയെ 69 റൺസിന് തോല്‍പിച്ച പാകിസ്ഥാനാണ് ഒന്നാമത്. ഇന്ത്യൻ യുവനിരക്ക് ജപ്പാനെതിരായ വമ്പന്‍ ജയം സെമിസാധ്യത ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. നാളെ നടക്കുന്ന മത്സരത്തില്‍ യുഎഇ ആണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

Exit mobile version