Site iconSite icon Janayugom Online

കളര്‍കോട് വാഹനാപകടം; കാര്‍ ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു

ആറ് വിദ്യാര്‍ഥികളുടെ ജീവന്‍ നഷ്ടമാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വിദ്യാര്‍ഥികള്‍ക്ക് ഷാമില്‍ ഖാന്‍ വാഹനം നല്‍കിയത് കള്ള ടാക്‌സിയായാണെന്ന് എംവിഡി കണ്ടെത്തിയിരുന്നു. അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഷാമില്‍ ഖാന് വാടക ഗൂഗ്ള്‍ പേ വഴി നല്‍കിയതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കും. ഷാമില്‍ ഖാന്റെ മൊഴി നേരത്തേ ആര്‍ടിഒ രേഖപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് തുടക്കം മുതല്‍ ഷാമില്‍ ഖാന്‍ പറഞ്ഞിരുന്നത്. വാഹനം വാടകക്ക് നല്‍കുന്നതിനുള്ള ലൈസന്‍സും ഷാമില്‍ ഖാന് ഉണ്ടായിരുന്നില്ല.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. ഗുരുവായൂരില്‍നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്.

Exit mobile version