Site iconSite icon Janayugom Online

‘കൽക്കി’ രണ്ടാം ഭാഗത്തിൽ ദീപികയില്ല; ഔദ്യോഗികമായി അറിയിച്ച് നിർമ്മാതാക്കൾ

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കൽക്കി 2898 AD’യുടെ രണ്ടാം ഭാഗത്തിൽ നടി ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൽ ‘സുമതി’ എന്ന സുപ്രധാന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. രണ്ടാം ഭാഗം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും, ‘കൽക്കി’ പോലുള്ള ഒരു സിനിമ വലിയ രീതിയിലുള്ള പ്രതിബദ്ധത ആവശ്യപ്പെടുന്നുണ്ടെന്നും നിർമാതാക്കൾ അറിയിച്ചു. ദീപികയുടെ ഭാവി പ്രോജക്റ്റുകൾക്ക് ആശംസകൾ നേർന്നുകൊണ്ട് നിർമാതാക്കൾ ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ദീപിക ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ചില ബോളിവുഡ് സൈറ്റുകളിലെ ജോലി സമയത്തെ ചൊല്ലി ദീപിക ചില ഡിമാൻഡുകൾ ഉന്നയിച്ചത് മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതേത്തുടർന്ന് സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്നും താരം പിന്മാറുന്നത്. ദീപികയ്ക്ക് പകരം ആരാണ് ഈ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ആരാധകർക്കിടയിൽ സജീവമാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ഈ എപിക് സയൻസ് ഫിക്ഷൻ ചിത്രം 600 കോടി രൂപ മുതൽമുടക്കിലാണ് നിർമിച്ചത്. മഹാഭാരതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം ആഗോളതലത്തിൽ 1200 കോടി രൂപയിലധികം നേടിയിരുന്നു. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദുൽഖർ സൽമാൻ, ശോഭന, ദിഷ പഠാനി, അന്ന ബെൻ എന്നിവരുൾപ്പെടെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. 2027ൽ ചിത്രത്തിൻ്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Exit mobile version