Site iconSite icon Janayugom Online

കലോത്സവ കൊടിയുയരുന്നത് ശില്പ കൊടി മരത്തില്‍

സവിശേഷമായ കൊടിമരത്തിലാണ് കേരള സ്കൂള്‍ കലോത്സവത്തിന് കൊടിയുയരുന്നത്. ചിത്രകാരന്റെ ബ്രഷിന്റെ മാതൃകയിലാണ് ഇത്തവണത്തെ കൊടിമരം രൂപകല്പന ചെയ്തിരിക്കുന്നത്. അതിനോട് ചേർന്ന് വീണ എന്നു തോന്നിപ്പിക്കുന്ന തരത്തിൽ ആറ് എന്ന സംഖ്യയും ചേർത്തിരിക്കുന്നു. വീണയ്ക്ക് മുകളിലേക്ക് സംഗീത നോട്ടിലെ ലൈനുകൾ ഒരു കൈ പോലെ ചേർത്തുവച്ചിരിക്കുന്നു. ഈ ലൈനും ബ്രഷും വീണയും ചേർത്ത് നാല് എന്ന സംഖ്യയായി മാറുമ്പോള്‍, 64മത് സംസ്ഥാന കലോത്സവത്തെ സൂചിപ്പിക്കുന്നു.
ഇരിങ്ങാലക്കുട സ്വദേശിയും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ശില്പകല അധ്യാപകനുമായ എന്‍ ആര്‍ യദു കൃഷ്ണനാണ് കൊടിമരം രൂപകല്പന ചെയ്തത്. അദ്ദേഹത്തിനൊപ്പം ആറു പേര്‍ 25 ദിവസത്തോളം അദ്ധ്വാനിച്ചാണ് കൊടിമരം യഥാര്‍ത്ഥ്യമാക്കിയത്. സംഗീതത്തിന്റെ ലൈനുകൾ കൈകൾ ആയി മാറുകയും അതിന്റെ അവസാനത്തിൽ ഒരു ചിലങ്കയുടെ സ്വഭാവം കൈവരുകയുമാണ് ശില്പ കൊടിമരത്തില്‍. അതിൽ 64 കലകളെ സൂചിപ്പിക്കുന്ന 64 ചിലങ്ക മണികൾ ഉണ്ട്. ബ്രഷിനു മുകൾവശത്തായി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ ഒരു അമൂർത്ത രൂപവുമുണ്ട്. ആനയുടെ തുമ്പിക്കൈ താഴോട്ടിറങ്ങി വരുമ്പോൾ അതിന് സംഗീതത്തിലെ ട്രബിൾ ക്ലിഫ് എന്ന മ്യൂസിക് സിമ്പലായി രൂപമാറ്റം സംഭവിക്കുന്നു. സംഗീതം ഉച്ചസ്ഥായിയിൽ വായിക്കുമ്പോഴോ, ആലപിക്കുമ്പോഴോ ഉപയോഗിക്കുന്ന സിംബൽ ആണ് ട്രബിൾ ക്ലിഫ്. ചെണ്ട മേളം, വെടിക്കെട്ട് തുടങ്ങി എല്ലാത്തിന്റെയും ഉച്ചസ്ഥായിയായ ഒരു നാടിനെ ഇതിലൂടെ ദൃശ്യവത്കരിക്കാനുള്ള ശ്രമമാണ് യദു കൃഷ്ണന്റേത്. 

Exit mobile version