കമ്മ്യൂണിസ്റ്റ് ധാര്‍മ്മികതയുടെയും പൊതുജീവിത വിശുദ്ധിയുടെയും പ്രതീകമായിരുന്ന സി കെ ചന്ദ്രപ്പന്‍ നമ്മെവിട്ടു പിരിഞ്ഞിട്ട് ഇന്ന് പതിനൊന്ന് വര്‍ഷം തികയുകയാണ്. വ്യക്തി ജീവിതത്തിലെ ലാളിത്യവും പൊതുജീവിതത്തിലെ സുതാര്യതയും കൊണ്ട്, അശാന്തമായ ഒരുകാലത്ത് ജീവിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തസും യശസും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ചന്ദ്രപ്പന്‍ നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. കേരളത്തിന്റെ മുഖം ചുവപ്പിച്ച പുന്നപ്ര‑വയലാര്‍ സമരത്തിന്റെ വീരപൈതൃകമാണ് ജീവിതകാലം മുഴുവന്‍ സി കെ ചന്ദ്രപ്പന്‍ ഉയര്‍ത്തിപ്പിടിച്ചത്. ‘വയലാര്‍ സ്റ്റാലിന്‍’ എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരുടെ പുത്രനായ അദ്ദേഹം നന്നേ ചെറുപ്പത്തില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായി. തുടര്‍ന്ന് എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും ദേശീയ നേതൃനിരയില്‍ രണ്ട് ദശാബ്ദക്കാലം സി കെ ചന്ദ്രപ്പന്‍ നിറഞ്ഞുനിന്നു. സര്‍ഗചൈതന്യവും സമരവീര്യവും തുളുമ്പുന്ന യുവജനപ്രസ്ഥാനം കെട്ടിപ്പടുത്ത അനുഭവ സമ്പത്തോടെയാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ സംസ്ഥാന പ്രസിഡന്റായും തുടര്‍ന്ന് അഖിലേന്ത്യാ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചത്.
ഇതുകൂടി വായിക്കൂ: നേരിന്റെയും നന്മയുടെയും പ്രതീകം
ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട എക്കാലത്തെയും മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു സി കെ ചന്ദ്രപ്പന്‍. 1991 ല്‍ കേരള നിയമസഭാംഗമായപ്പോഴും അദ്ദേഹത്തിന്റേത് ഈടുറ്റ പ്രവര്‍ത്തനമായിരുന്നു. ജനാഭിലാഷങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രതിഫലനവേദിയായി ലോക് സഭയെയും നിയമസഭയെയും മാറ്റിയെടുക്കുന്നതില്‍ കലാപരമായ ഒരുതരം സാമര്‍ത്ഥ്യമുണ്ടായിരുന്നു ചന്ദ്രപ്പന്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇത്രയധികം സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച മറ്റൊരു വ്യക്തിയില്ല. 2010 നവംബറിലാണ് സി കെ ചന്ദ്രപ്പന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. സങ്കീര്‍ണമായ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇടതുപക്ഷത്തിനു നിറവേറ്റാനുള്ള ചരിത്രപരമായ പങ്കിനെക്കുറിച്ച് അദ്ദേഹത്തിന് സുവ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ആഴമേറിയ മാര്‍ക്സിസ്റ്റ് വിശകലന പാടവത്തോടെയാണ് ചന്ദ്രപ്പന്‍ ഇടതുപക്ഷ മുന്നേറ്റത്തിന്റെ കേരള അനുഭവങ്ങള്‍ വിലയിരുത്തിയത്. കൂടുതല്‍ കരുത്തുറ്റ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യമാണെന്നും അതിന് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും ചന്ദ്രപ്പന്‍ വിശ്വസിച്ചു. സിപിഐയും സിപിഐഎമ്മും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള പരിശ്രമത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വതന്ത്ര വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള പരിശ്രമത്തെയും വേറിട്ടതായി ചന്ദ്രപ്പന്‍ കണ്ടില്ല.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ സൂക്ഷിക്കാനും പൊതുജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കാനും ഓരോ പാര്‍ട്ടിപ്രവര്‍ത്തകനും കഴിയണമെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ ചന്ദ്രപ്പന്‍ കാണിച്ചുതന്നു. ചന്ദ്രപ്പന് വ്യക്തി അജണ്ടകളോ മറ്റ് താല്പര്യമോ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്ക് ഗുണമെന്നു കാണുന്ന ഏത് ശരിക്കുവേണ്ടിയും ശക്തമായി നിലകൊള്ളാനും ഗുണകരമാകാത്തതൊന്നും ചെയ്യരുതെന്ന് ഉറക്കെപ്പറയാനും ചന്ദ്രപ്പനാകുമായിരുന്നു. കേരളത്തില്‍ സിപിഐയുടെ അമരക്കാരനായി പാര്‍ട്ടി ചന്ദ്രപ്പനെ നിയോഗിക്കുമ്പോള്‍ വലിയൊരു ദൗത്യമാണ് അദ്ദേഹത്തെ ഏല്പിച്ചത്. സംഘടനാപരമായും ആശയപരമായും മാര്‍ക്സിസത്തിന്റെ അന്തഃസത്ത ചോര്‍ന്നുപോകാതെ പാര്‍ട്ടിയെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റണമെന്ന ദൗത്യം നടപ്പിലാക്കാന്‍ ചന്ദ്രപ്പന്‍ തയ്യാറായി.
ഇതുകൂടി വായിക്കൂ: സ്വപ്നസാക്ഷാത്ക്കാരം
ഉജ്വലനായ പ്രക്ഷോഭകാരിയായിരുന്നു ചന്ദ്രപ്പന്‍. ബഹുജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ ആര്‍ജിച്ച അനുഭവ സമ്പത്തും പരന്ന വായനയും ഏത് പ്രശ്നത്തിന്റെയും വിവിധ വശങ്ങള്‍ ഗ്രഹിക്കാനുള്ള അനിതരസാധാരണ വിശകലന പാടവവുമാണ് ചന്ദ്രപ്പനെ മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കിയത്. വ്യക്തിജീവിതത്തിലെയും പൊതുജീവിതത്തിലെയും സംശുദ്ധിയുടെ പ്രതീകമായിരുന്നു ചന്ദ്രപ്പന്‍. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവിഭാഗം ജനങ്ങളുടെയും ആദരവും സ്നേഹവും നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞതിന്റെ മുഖ്യകാരണവും അതുതന്നെയാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് മുഖ്യസ്ഥാനം നല്‍കിയ ചന്ദ്രപ്പന്റെ ഓര്‍മ്മകള്‍ ഇന്നത്തെ കാലഘട്ടത്തിലെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും കരുത്ത് പകരുന്നതാണ്. അസഹിഷ്ണുതയുടെ വിത്തുകള്‍ പാകി, എല്ലാറ്റിനെയും കാവിവല്‍ക്കരിച്ച്, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനും മോഡിഭരണം ഒരു മടിയും കാട്ടുന്നില്ല. വര്‍ഗീയതയ്ക്ക് എതിരായ വരുംകാല പോരാട്ടങ്ങള്‍ക്ക്, ബിജെപിക്ക് എതിരായി വിശാല മതേതര-ജനാധിപത്യ വേദി രൂപീകരിക്കാന്‍ ചന്ദ്രപ്പന്റെ സ്മരണ നമുക്ക് കരുത്തു പകരട്ടെ.