Site iconSite icon Janayugom Online

ചിരിപ്പിച്ചും പേടിപ്പിച്ചും ‘കപ്കപി’; പക്കാ ഹൊറര്‍ കോമഡി എന്റര്‍ടെയ്നറിൻ്റെ ടീസർ റിലീസ് ആയി

പേടിക്കുമെന്ന് പറഞ്ഞാലും പ്രേത കഥകളോട് ഒരു അഭിനിവേശമുള്ളവരാണ് ഓരോരുത്തരും. അതുകൊണ്ടാണ് പേടിപ്പിക്കുന്ന സിനിമാ രംഗങ്ങൾ കണ്ടു കണ്ണു പൊത്തിയാലും ഒളിക്കണ്ണിൽ പിന്നെയും കാണുന്നത്. ഒരു മിഥ്യയെ സത്യമാക്കുന്ന തരത്തിൽ വിശ്വസിപ്പിക്കുന്നത് തന്നെയാണ് ഇത്തരം കഥകളുടെ വിജയം. പേടിപ്പിച്ചു വിറപ്പിക്കാൻ മാത്രമല്ല മറിച്ച് ചിരിപ്പിക്കാനും ഇങ്ങനെയുള്ള സിനിമകൾക്കാവുമെന്ന് ഒട്ടേറെ സിനിമകൾ തെളിയിച്ചു കഴിഞ്ഞു. അത്തരത്തിൽ മലയാളത്തില്‍ സമീപകാലത്ത് എത്തിയവയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് രോമാഞ്ചം. സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിൻ്റെ ഹിന്ദി പതിപ്പാണ് ‘കപ്കപി’. പ്രശസ്ത സംവിധായകൻ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 23ന് തീയേറ്റർ റിലീസിന് ഒരുങ്ങി. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൻ്റെ ടീസർ റിലീസ് ആയി. സീ സ്റ്റുഡിയോസ്, ബ്രാവോ എൻ്റർടെയിൻമെൻറ് എന്നീ ബാനറുകളിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമാണ്. മെഹക്ക് പട്ടേൽ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Exit mobile version